മോദിക്കെതിരേ ആഞ്ഞടിച്ച് മമത
ന്യൂഡല്‍ഹി: നോട്ടു നിരോധന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരേ ആഞ്ഞടിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഞാന്‍ മരിച്ചാലും ജീവിച്ചാലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് നരേന്ദ്ര മോദിയെ ഇല്ലാതാക്കുമെന്ന് മമത പറഞ്ഞു. നോട്ട് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ റാലിയില്‍ സംസാരിക്കവെയാണ് മമത മോദിക്കെതിരേ ആഞ്ഞടിച്ചത്.
ദൈവത്തെ പോലെ നടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വിപണികള്‍, സിനിമ, തിയറ്ററുകള്‍, എല്ലാം ദുരിതമനുഭവിക്കുകയാണ്. എന്നാല്‍ അതൊന്നും ഗൗരവത്തോടെയെടുക്കാന്‍സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്ന് മമത കുറ്റപ്പെടുത്തി. ജനങ്ങളുടെ ദുരിതം കാണേണ്ടി വന്നതിനാല്‍ മോദിയെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും ഇല്ലാതാക്കുമെന്ന് താന്‍ പ്രതിജ്ഞ എടുക്കുന്നതായും മമത പറഞ്ഞു.
ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്ല. നിലവിലുള്ള അവസ്ഥ അവരെങ്ങനെ തരണം ചെയ്യുമെന്ന് അറിയില്ല. രാജ്യം സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് തുല്യമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഇത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും മമത പറഞ്ഞു.നേരത്തെ നോട്ടുകള്‍ അസാധുവാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മമതയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കണ്ടിരുന്നു. നോട്ട് നിരോധനം പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് മമതയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആവശ്യപ്പെടുന്നത്.
നോട്ട് നിരോധനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഇന്നലെ രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചിരുന്നു വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഇടതു പാര്‍ട്ടികള്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."