വാഴാനി പുഴയില്‍ മാലിന്യക്കൂമ്പാരം; നടപടി മാത്രമില്ല
വടക്കാഞ്ചേരി: കാഞ്ഞിരക്കോട് മേഖലയിലെ വാഴാനിപ്പുഴ മാലിന്യക്കൂമ്പാരമാക്കി ജലമൊഴുക്ക് തടസപ്പെടുത്തുന്ന രീതിയില്‍ പുഴയില്‍ വീണ് കിടക്കുന്ന മരങ്ങളും മറ്റ് തടസങ്ങളും അടിയന്തരമായി നീക്കം ചെയ്യണമെന്ന സബ് കലക്ടറുടെ ഉത്തരവിന് കടലാസ് വില.
സുപ്രഭാതം വാര്‍ത്തയേയും പൊതുപ്രവര്‍ത്തകരുടെ പരാതിയേയും തുടര്‍ന്നാണ് കഴിഞ്ഞ മാസം 15ന് സബ് കലക്ടര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിക്കും ഇറിഗേഷന്‍ വകുപ്പിനും പുഴയിലെ തടസങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് രേഖാമൂലം കത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ ഇതുവരെ ഒരു നടപടിയും ആരും കൈകൊണ്ടില്ല. ഇതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. പുഴയില്‍ കെട്ടിക്കിടക്കുന്ന വെള്ളം കറുത്തിരുണ്ട് അസഹനീയമായ ദുര്‍ഗന്ധത്തോടു കൂടിയുള്ളതായി മാറി. മേഖലയില്‍ വിവിധ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുകയാണ്. മലിന ജലം പ്രദേശത്തെ ജലസ്രോതസുകളിലേക്ക് ഒലിച്ചിറങ്ങി.
കിണറുകളിലെ വെള്ളവും മലിനമാകുന്ന സ്ഥിതിവിശേഷമാണ്. ഇറിഗേഷന്‍ വകുപ്പും വടക്കാഞ്ചേരി നഗരസഭയും എരുമപ്പെട്ടി പഞ്ചായത്തും പരസ്പരം കുറ്റപ്പെടുത്തി ഒഴിഞ്ഞ് മാറുന്ന അവസ്ഥയാണെന്നും ജനങ്ങള്‍ക്ക് പരാതിയുണ്ട്. പള്ളിമണ്ണ പാലത്തില്‍ നിന്ന് മാലിന്യങ്ങള്‍ തോട്ടിലേക്ക് വലിച്ചെറിയുന്നതും ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കലക്ടറുടെ ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മേഖലയിലെ വനിതകള്‍ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്. വി.എച്ച്.പി മാതൃസമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ ഒന്നിന് പള്ളിമണ്ണ പാല പരിസരത്ത് സായാഹ്ന ധര്‍ണ നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."