അനധികൃത മണല്‍വാരല്‍; രയരോം പുഴ നശിക്കുന്നു
ആലക്കോട്: പുഴകളില്‍ മണല്‍ വാരല്‍ സജീവമായതോടെ കരയിടിച്ചില്‍ വ്യാപകമാകുന്നു. ആലക്കോട് പഞ്ചായത്തിലെ രയരോം പുഴയിലാണു വന്‍ തോതില്‍ മണല്‍വാരല്‍ നടക്കുന്നത്.
പരപ്പ കമ്പി പാലത്തിനു സമീപം, പുളിയിലം കുണ്ട്, ഈയഭരണി തുരുത്ത് തുടങ്ങിയ ഭാഗങ്ങളിലും മണല്‍ വാരല്‍ സജീവമാണ്. മാസങ്ങളായി ഇത്തരത്തില്‍ മണല്‍ വാരല്‍ നടക്കുന്നുണ്ടെങ്കിലും അധികൃതര്‍ അറിഞ്ഞ മട്ടില്ല.
കൂടിയ വില നല്‍കി മണല്‍ വാങ്ങേണ്ട അവസ്ഥയുള്ളപ്പോള്‍ ഇവിടെ എത്തി ഏജന്റിനെ കണ്ടു തുച്ഛമായ തുക നല്‍കിയാല്‍ ഒരു ഗുഡ്‌സ് വാഹനത്തില്‍ നിറയെ മണല്‍ ലഭിക്കും. രാത്രി പത്തിനു ശേഷമാണ് ഇത്തരത്തില്‍ മണല്‍ കടത്തുന്നത്. പകല്‍ സമയങ്ങളില്‍ ജോലിക്ക് ആളുകളെ വച്ചു മണല്‍ വാരുകയും രാത്രി കാലങ്ങളില്‍ വില്‍പന നടത്തുകയും ചെയ്യുകയാണു പതിവ്. മഴക്കാലത്ത് വ്യാപകമായി പുഴയോരങ്ങളില്‍ അടിയുന്ന മണല്‍ ആദ്യകാലങ്ങളില്‍ വീട്ടാവശ്യത്തിനുവേണ്ടി വാരുന്നതു സാധാരണമായിരുന്നു. എന്നാല്‍ ഇതില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതോടെ മണല്‍ മാഫിയ പുഴയോരങ്ങള്‍ കൈയടക്കുകയായിരുന്നു.
ചാക്കുകളില്‍ നിറച്ചതിനു ശേഷം പ്രത്യേകം പരിശീലനം ലഭിച്ച ആളുകളാണ് തലച്ചുമടായി മണല്‍ ചാക്കുകള്‍ വാഹനം വരുന്ന റോഡിലേക്ക് എത്തിക്കുന്നത്. പരസ്യമായ നിയമ ലംഘനം നടന്നിട്ടും നടപടിയെടുക്കേണ്ട അധികൃതര്‍ മൗനം പാലിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."