ഓള്‍റൗണ്ട് ഇന്ത്യ
മൊഹാലി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് സുരക്ഷിത വിജയം. ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിനു തകര്‍ത്ത് ഇന്ത്യ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 2-0നു മുന്നിലെത്തി.
236 റണ്‍സില്‍ ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്സ് അവസാനിപ്പിച്ച് വിജയലക്ഷ്യമായ 103 റണ്‍സ് ഇന്ത്യ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 104 എടുത്ത് സ്വന്തമാക്കി. ബാറ്റിങിലും ബൗളിങിലും ടീമിലെ ഏതാണ്ടെല്ലാ താരങ്ങളും കൃത്യമായ സംഭാവനകള്‍ നല്കി ഓള്‍റൗണ്ട് മികവിലായിരുന്നു ഒരു ദിവസം കൂടി അവശേഷിക്കെ ഇന്ത്യയുടെ വിജയം.
സ്കോര്‍: ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 283, രണ്ടാം ഇന്നിങ്സ് 236. ഇന്ത്യ ഒന്നാം ഇന്നിങ്സ് 417, രണ്ടാം ഇന്നിങ്സ് രണ്ടു വിക്കറ്റിനു 104.
എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് പാര്‍ഥിവ് പട്ടേല്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി കളം നിറഞ്ഞ് ഇന്ത്യന്‍ ജയം അനായാസമാക്കി മാറ്റി. 39 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ പാര്‍ഥിവ് 54 പന്തില്‍ 67 റണ്‍സോടെ പുറത്താകാതെ നിന്നു. 11 ഫോറുകളും ഒരു സിക്സും ആ ബാറ്റില്‍ നിന്നു പിറന്നു. റണ്ണൊന്നുമെടുക്കാതെ മുരളി വിജയ് പുറത്തായപ്പോള്‍ 25 റണ്‍സുമായി പൂജാര പാര്‍ഥിവിനെ പിന്തുണച്ചു. സ്കോര്‍ 88ല്‍ എത്തിയപ്പോള്‍ പൂജാര മടങ്ങി. ആറു റണ്‍സുമായി നായകന് കോഹ്ലി പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്സില്‍ 42 റണ്‍സെടുത്ത പാര്‍ഥിവ് രണ്ടാമിന്നിങ്സിലും മികച്ച ബാറ്റിങ്ങിലൂടെ മടങ്ങി വരവ് ശരിക്കും ആഘോഷിച്ചു.
നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 236 റണ്‍സില്‍ അവസാനിച്ചിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ജോ റൂട്ട് (78), ഹസീബ് ഹമീദ് (പുറത്താകാതെ 59) എന്നിവര്‍ മാത്രമാണ് ചെറുത്തുനിന്നത്. ക്രിസ് വോക്സ് 30 റണ്‍സ് നേടി.
ഇന്ത്യയ്ക്കായി ആര്.അശ്വിന് മൂന്നും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, ജയന്ത് യാദവ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി. ബാറ്റിങിലും ബൗളിങിലും തിളങ്ങി ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത രവീന്ദ്ര ജഡേജയാണ് കളിയിലെ കേമന്‍. നാലാം ടെസ്റ്റ് ഡിസംബര്‍ എട്ടു മുതല്‍ മുംബൈയില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."