ബിയര്പാര്ലറുകളിലെ മദ്യം പുറത്തുകൊണ്ടുപോകാനാവില്ല: ഹൈക്കോടതി
കൊച്ചി: ബിയര്‍ പാര്‍ലറുകളില്‍ നിന്നു ബിയര്‍ വാങ്ങി പുറത്തു കൊണ്ടുപോയി കഴിക്കാനാവില്ലെന്നും ഇത്തരത്തില്‍ ചില്ലറ വില്പന നടത്താന്‍ ബിവറേജസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ ഫെഡിനും മാത്രമാണ് അവകാശമെന്നും ഹൈക്കോടതി വ്യക്തമാക്കി. പാര്‍ലറുകളില്‍ നിന്നു ബിയര്‍ വാങ്ങി പുറത്തേക്കു കൊണ്ടുപോകുന്നതു നിയമ വിരുദ്ധമല്ലെന്ന സിംഗിള്‍ബെഞ്ചിന്റെ ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീലിലാണു ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
പാര്‍ലറുകളില്‍ നിന്നു വാങ്ങുന്ന ബിയര്‍ പാര്‍ലറിനുള്ളില്‍ ഇതിനായി നിഷ്കര്‍ഷിച്ചിട്ടുള്ള സ്ഥലത്തു വച്ചു ഉപയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ബിയര്‍ പാര്‍ലറില്‍ നിന്നു മൂന്നു ബോട്ടില്‍ ബിയര്‍ വാങ്ങി പുറത്തുകൊണ്ടുപോയതു പിടികൂടിയ എക്സൈസ് അധികൃതര്‍ കഴിഞ്ഞ ജൂണ്‍ 19നു കാഞ്ഞിരപ്പള്ളിയിലെ എലഗന്‍സ് ഹോട്ടലിനെതിരേ നടപടി സ്വീകരിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തു ഹോട്ടല്‍ അധികൃതര്‍ നല്കിയ ഹരജിയില്‍ ബിയര്‍ വാങ്ങി പുറത്തു കൊണ്ടുപോകാന്‍ നിയമ തടസമില്ലെന്നായിരുന്നു ഒക്ടോബര്‍ 18ന് സിംഗിള്‍ബെഞ്ചിന്റെ വിധി. ഇതിനെയാണു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്.
ബിയര്‍ പാര്‍ലര്‍ അനുമതിക്കുള്ള എഫ്.എല്‍ 11 ലൈസന്‍സിലെ വ്യവസ്ഥയില്‍ പാര്‍ലറില്‍ നിന്നു വാങ്ങുന്ന ബിയര്‍ അവിടെത്തന്നെ വച്ചു കഴിക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."