മക്ക ക്രെയിന്‍ ദുരന്തം: നഷ്ടപരിഹാരം തേടി അഞ്ചു കേസുകള്‍
ജിദ്ദ: മക്കയിലെ ക്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം തേടി അഞ്ചു കേസുകള്‍ കോടതിയില്‍. ദിയാധനത്തിനു അര്‍ഹതയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയിലുണ്ടായ ക്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം തേടി അഞ്ചു കേസുകള്‍ ആണ് ഇതുവരെ കോടതിയില്‍ എത്തിയിട്ടുള്ളത്. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളും പരുക്കേറ്റവരുമാണ് ദിയാധനം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്.
പൊതുഅവകാശ കേസില്‍ വിചാരണ പൂര്‍ത്തിയായ ശേഷം ഇത് സംബന്ധമായ സ്വകാര്യ കേസുകളും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ദുരന്തത്തിന് ഇരയായവരുടെ പട്ടിക അഞ്ചംഗ സമിതി തയാറാക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയവും സിവില്‍ ഡിഫന്‍സും നേരത്തെ തയാറാക്കിയ ലിസ്റ്റുകള്‍ പഠിച്ചതിനു ശേഷമാണ് സമിതി പട്ടിക തയാറാക്കിയത്. ഈ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ദിയാധനത്തിനായി കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്.
ദിയാധനം അനര്‍ഹര്‍ കൈവശപ്പെടുത്തുന്നത് തടയാന്‍ സമയമെടുത്ത് വിശദമായ അന്വേഷണം നടത്തിയിരുന്നു. ദിയാധനത്തിന് പുറമേ മരിച്ചവര്‍ക്ക് പത്ത് ലക്ഷം റിയാലും പരുക്കേറ്റവര്‍ക്ക് അഞ്ചു ലക്ഷം റിയാലും സഊദി ഭരണാധികാരി സല്മാന് രാജാവിന്റെ വകയും നഷ്ടപരിഹാരമായി ലഭിക്കും. അതേസമയം അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ വിചാരണ അടുത്തയാഴ്ച വീണ്ടും നടക്കും.
2015 സെപ്റ്റംബര്‍ പതിനൊന്നിന് ക്രെയിന്‍ പൊട്ടി വീണുണ്ടായ അപകടത്തില്‍ മലയാളിയടക്കം 110 പേര് മരിക്കുകയും 260 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."