മുഖ്യമന്ത്രിയാവുന്ന മൂന്നാമത്തെ കണ്ണൂരുകാരന്‍
കണ്ണൂര്‍: കണ്ണൂരില്‍ നിന്നു മുഖ്യമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെ നേതാവെന്ന പ്രത്യേകതയാണു പിണറായി വിജയന്. കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട് മുഖ്യമന്ത്രി പദത്തിലെത്തിയ കൊല്ലം ജില്ലക്കാരനായ ആര്‍ ശങ്കറിന്റെയും 1957ല്‍ അവിഭക്ത കണ്ണൂര്‍ ജില്ലയിലെ നീലേശ്വരത്തു നിന്നു വിജയിച്ച് കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെയും പേരുകള്‍ കൂടി ചേര്‍ത്താല്‍ മുഖ്യമന്ത്രിമാരായവരില്‍ കണ്ണൂര്‍ ജില്ലയുടെ പ്രാതിനിധ്യം അഞ്ചാവും. കണ്ണൂരില്‍ ജനിച്ച് മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ കണ്ണൂരുകാരന്‍ ചിറക്കല്‍ കണ്ണോത്ത് തറവാട്ടുകാരനായ ലീഡര്‍ കെ കരുണാകരനാണ്. 1977ല്‍ വെറും 33 ദിവസമാണു കരുണാകരന്‍ ആദ്യം മുഖ്യമന്ത്രിയായത്. പിന്നീടു 1980-1981 കാലഘട്ടത്തില്‍ കല്യാശ്ശേരിക്കാരനായ ഇ.കെ നായനാരും മുഖ്യമന്ത്രിയായി.
1981ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നപ്പോള്‍ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തിയ ലീഡര്‍ 1987വരെ തുടര്‍ന്നു. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുഭരണം തിരികെ ലഭിച്ചപ്പോള്‍ ഇ.കെ നായനാര്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തി. 1991 വരെ നായനാര്‍ ആ സ്ഥാനത്ത് തുടര്‍ന്നു. 1991ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അധികാരം ലഭിച്ചപ്പോഴും കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തീരുമാനിച്ചതു കണ്ണൂരുകാരനായ കരുണാകരനെ തന്നെ. 1996ല്‍ എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ എത്തിയപ്പോഴും മുഖ്യമന്ത്രി സ്ഥാനത്തേക്കു പാര്‍ട്ടി നിയോഗിച്ച നായനാര്‍ ആ സ്ഥാനത്ത് 2001വരെ തുടര്‍ന്നു.
വീണ്ടും എല്‍.ഡി.എഫ് അധികാരത്തിലേറുമ്പോള്‍ ഇവിടെ നിന്ന് ഒന്‍പതാംതവണ തെരഞ്ഞെടുക്കപ്പെടുന്ന മുഖ്യമന്ത്രിയെന്ന പ്രത്യേകതയും സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്ന മണ്ണില്‍ നിന്നെത്തുന്ന പിണറായി വിജയനുണ്ട്. 1960ലെ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ 1 മണ്ഡലത്തില്‍ നിന്നു കോണ്‍ഗ്രസുകാരനായി നിയമസഭയിലെത്തിയ ആര്‍ ശങ്കര്‍, പട്ടം താണുപിള്ളയ്ക്കു ശേഷം 1962 മുതല്‍ 1964 വരെയുള്ള 715 ദിവസമാണു മുഖ്യമന്ത്രി പദം അലങ്കരിച്ചത്. നായനാര്‍ 4009 ദിവസവും കരുണാകരന്‍ 3246 ദിവസവുമാണു മുഖ്യമന്ത്രിമാരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."