ഹൈദരാബാദ് അപകടം; മധുവിധു തീരും മുന്‍പെ രാജീവ് യാത്രയായി
മണ്ണാര്‍ക്കാട്: ഹൈദരാബാദില്‍ വിനോദ യാത്ര സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ട് മരണപ്പെട്ട ടൂര്‍ ഗൈഡ് മണ്ണാര്‍ക്കാട് ശിവന്‍കുന്ന് ലക്ഷം വീട് കോളനിയിലെ ശ്രുതി നിവാസില്‍ രാജന്റെ മകന് രാജീവ് (32) കണ്ണീരോടെ യാത്രാമൊഴി. വിവാഹം കഴിഞ്ഞ് രണ്ട് മാസം മാത്രമായ രാജീവ് മധുവിധു തീരുമുമ്പാണ് ഭാര്യ സുനിതയെ തനിച്ചാക്കി യാത്രയായത്. നിരവധി പേര് രാജീവിന്റെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
ഇന്നലെ വൈകുന്നേരം 3മണിയോടെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഹൈദരാബാദില്‍ നിന്നും മണ്ണാര്‍ക്കാട് വീട്ടിലെത്തിച്ച മൃതദേഹം വീട്ടിലെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം വൈകുന്നേരം 6 മണിയോടെ തിരുവില്വാമല ഐവര്മഠത്തിലെത്തിച്ച് സംസ്കരിച്ചു.
ടൂറിസ്റ്റ് ബസ് ഡ്രൈവര്‍കൂടിയായ രാജീവ് പെരിന്തല്‍മണ്ണ അല്‍ശിഫ ഫാര്‍മസി കോളജിലെ വിദ്യാര്‍ഥികളുമായി പോയ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ട്രാവല്‍സിന്റെ ബസില്‍ ഗൈഡായാണ് പോയത്. ബാംഗ്ലൂര്‍ - ഹൈദരാബാദ് ദേശീയപാതയിലെ ജഡ്ചെര്ളക്കടുത്ത് മകാരത്താണ് അപകടമുണ്ടായത്.
ഇരുമ്പ് പൈപ്പ് കയറ്റി റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ബസ് ക്ലീനര്‍ പാണ്ടിക്കാട് സ്വദേശി അമീന് (22) മരണപ്പെടുകയും, ഡ്രൈവര്‍ പാണ്ടിക്കാട് സ്വദേശി ഹക്കീമിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികളും അധ്യാപകരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."