കെ.എസ്.ആര്‍.ടി.സിയില്‍ അഴിമതിയും പുറംജോലിയും
തിരുവനന്തപുരം: അനധികൃത അവധിയെടുത്തു മുങ്ങുന്ന ജീവനക്കാര്‍ മറ്റു സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതായി കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് റിപ്പോര്‍ട്ട്. 2013 ജൂലൈ 21നാണ് അനധികൃത അവധിയെടുക്കുന്ന ജീവനക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, റിപ്പോര്‍ട്ടിന്‍ മേല്‍ ഇതുവരെ നടപടി എടുത്തിട്ടില്ല. 2013, 2014, 2015 വര്‍ഷങ്ങളിലായി നാലു റിപ്പോര്‍ട്ടുകളാണു വിജിലന്‍സ് വിഭാഗം നല്‍കിയത്. അനധികൃത അവധിയെടുക്കല്‍, പെയിന്റ് വാങ്ങുന്നതിലെ അഴിമതി, സ്‌പെയര്‍ പാര്‍ട്‌സുകള്‍ വാങ്ങുന്നതിലെ അഴിമതി, ജീവനക്കാരുടെ ജോലിസമയത്തില്‍ കാട്ടുന്ന അലംഭാവം സംബന്ധിച്ച അന്വേഷണം എന്നിവയുടെ റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.
അനധികൃത അവധി എടുക്കുന്ന കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ വന്‍കിട കമ്പനികളുടെ ടൂറിസ്റ്റ് ബസുകള്‍ ഓടിക്കുന്നുണ്ടെന്നു കണ്ടെത്തിയിരുന്നു. കല്ലട, എസ്.ആര്‍.എം, കെ.പി.എന്‍, തുടങ്ങിയ നിരവധി സ്വകാര്യ കമ്പനികളുടെ ബസുകളാണ് ഓടിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടിച്ചു പരിശീലിച്ച ഡ്രൈവര്‍മാര്‍ക്കേ മള്‍ട്ടി ആക്‌സില്‍ ബസുകള്‍ ഓടിക്കാന്‍ വന്‍കിട കമ്പനികള്‍ അവസരം നല്‍കൂ. ഇതു മുതലെടുത്താണു കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് അനധികൃത അവധിയെടുത്തു ഡ്രൈവര്‍മാര്‍ മുങ്ങുന്നതെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കണ്ടക്ടര്‍മാര്‍ അവധിയെടുക്കുന്നതു സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ പഠിപ്പിക്കാനാണ്. പി.എസ്.സി കോച്ചിങ് സെന്ററുകള്‍, സ്‌കൂള്‍-കോളജ് ക്ലാസുകള്‍ക്കു ട്യൂഷന്‍ നല്‍കുന്ന സെന്ററുകള്‍ എന്നിവയിലാണ് ഇത്തരക്കാര്‍ ജോലി ചെയ്യുന്നത്. കേരളത്തിലെ വിവിധ ട്യൂഷന്‍ സെന്ററുകളില്‍ പരിശോധന നടത്തി മണിക്കൂര്‍ ഫീസ് നിരക്കിലാണു ട്യൂഷന്‍ സെന്ററുകളില്‍ ഇവര്‍ ജോലി ചെയ്യുന്നതെന്നും കണ്ടെത്തി. മെക്കാനിക് ജീവനക്കാര്‍ ടാറ്റ, ലെയ്്‌ലാന്റ്, ടി.വി.എസ്, മഹേന്ദ്ര ആന്റ് മഹേന്ദ്ര തുടങ്ങിയ വന്‍കിട കമ്പനികളുടെ വര്‍ക്‌ഷോപ്പുകളില്‍ ജോലി ചെയ്യുന്നുണ്ട്. ഉയര്‍ന്ന വേതനനിരക്കിലാണ് ഇത്തരക്കാര്‍ ജോലി ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബംഗളൂരു ആസ്ഥാനമായ 'വൃന്ദാവന്‍' പെയിന്റ് കമ്പനിയില്‍ നിന്ന് പെയിന്റ് വാങ്ങുന്നതില്‍ കോടികളുടെ അഴിമതിയുണ്ടെന്ന് 2013 നവംബറില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുണനിലവാരമില്ലാത്ത പെയിന്റാണിത്. ബസുകളുടെ പെയിന്റ് ഇളകി പോകുന്നതും ഇതുകൊണ്ടാണ്. കേരളത്തിലെ ഒരു പെയിന്റ് കടകളിലും ഈ കമ്പനിയുടെ പെയിന്റ് ലഭിക്കില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. നാലു ലിറ്ററുള്ള പെയിന്റ് ടിന്നില്‍ നിന്ന് ആകെ ലഭിക്കുന്നത് ഒരു ലിറ്റര്‍ പെയിന്റ് മാത്രം. ബാക്കി മൂന്നു ലിറ്ററും ഓയിലാണ്. നാല് ലിറ്റര്‍ പെയിന്റിന്റെ വില 700 രൂപ. മറ്റു കമ്പനികളേക്കാള്‍ 5 രൂപ കുറച്ചാണ് ഈ കമ്പനി പെയിന്റ് നല്‍കുന്നതെന്ന കാരണമാണ് ഉദ്യോഗസ്ഥരുടെ മറുപടി. വൃന്ദാവന്‍ കമ്പനിയും ഉദ്യോഗസ്ഥരും തമ്മില്‍ കമ്മിഷന്‍ ഇടപാടുണ്ട്.
പെയിന്റ് വാങ്ങുന്നതിലെ അഴിമതിയില്‍ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനാവശ്യമായി സ്‌പെയര്‍ പാര്‍ട്‌സുകള്‍ വാങ്ങിക്കൂട്ടുന്നതു വഴി കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന് 2014 മാര്‍ച്ചില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ സ്‌പെയര്‍ പാര്‍ട്‌സുകള്‍ സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പില്‍ കൂട്ടിയിട്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് വാങ്ങിയ സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഒരു ടണ്ണിന് 1000 രൂപാ നിരക്കില്‍ ആക്രിവിലയ്ക്കു വിറ്റിട്ടുണ്ട്. സ്‌പെയര്‍ പാര്‍ട്‌സുകള്‍ വാങ്ങിക്കൂട്ടുന്നതിലും കമ്പനികളും ഉദ്യോഗസ്ഥരും തമ്മില്‍ രഹസ്യധാരണയുണ്ട്.
2015 ഓഗസ്റ്റില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഡ്യൂട്ടി സമയം കൃത്യമായി പാലിക്കാതെ മുങ്ങുന്ന ജീവനക്കാരെ കുറിച്ചുള്ള വിവരമാണ്. എട്ടുമണിക്കൂര്‍ ജോലി ചെയ്യാതെ മുങ്ങുന്ന 2900 ജീവനക്കാരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."