വേണ്ടപ്പെട്ടവരെ ബാങ്ക് ജീവനക്കാര്‍ ഉദാരമായി സഹായിക്കുന്നതായി പരാതി
നാദാപുരം: സാധാരണക്കാര്‍ നോട്ടിനായി മണിക്കൂറുകളോളം കാത്തുനിന്ന് കഷ്ടപ്പെടുമ്പോള്‍ വേണ്ടപ്പെട്ട ഇടപാടുകാരെ ബാങ്ക് ജീവനക്കാര്‍ വഴിവിട്ട് സഹായിക്കുന്നതായി പരാതി. ഉള്‍നാടുകളിലുള്ള ബാങ്കുകളിലെ വന്‍ ഇടപാടുകാര്‍ക്കുള്ള പണം ഇവരുടെ വീടുകളില്‍ കൃത്യമായി എത്തുന്നുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ചില ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അനധികൃത പണമിടപാട് നടക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനായി വന്‍തോതിലുള്ള കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ കൈക്കലാക്കുന്നുണ്ടെന്നും സൂചനയുണ്ട്. സാധാരണക്കാര്‍ ഏറെ നേരം ക്യൂവില്‍ ഇടം പിടിച്ച ശേഷം അവസാന നിമിഷം കറന്‍സി തീര്‍ന്നെന്ന മറുപടി കേട്ട് തിരിച്ചു പോവുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ബാങ്കിലെത്തുന്ന പണം സാധാരണക്കാരില്‍ നിന്നും മറച്ചുവച്ച് വന്‍കിടക്കാര്‍ക്ക് വേണ്ടി അനധികൃത വിനിമയം നടത്തുന്നതിനാലാണ് ബാങ്കുകളില്‍ കറന്‍സിക്ക് ക്ഷാമം അനുഭവപ്പെടുന്നതായി പറയുന്നതെന്നും സൂചനയുണ്ട്. തിരക്ക് നിയന്ത്രിക്കാനെന്ന പേരില്‍ നിശ്ചിത ടോക്കണുകള്‍ ഇടപാടുകാര്‍ക്കു നല്‍കുന്ന രീതിയാണ് പല ബാങ്കുകളിലും സ്വീകരിച്ചിട്ടുള്ളത്.
രോഗികളും അടിയന്തിര ആവശ്യമുള്ള പലര്‍ക്കും ഈ നടപടി മൂലം പണം ലഭിക്കാതെ പോവുകയാണ്. മാത്രമല്ല ടോക്കണ്‍ ലഭിച്ചു കഴിഞ്ഞവര്‍ക്കും പലപ്പോഴും പണം ലഭിക്കുന്നില്ല. ഇത്തരം സംഭവങ്ങളാണ് ബാങ്കിന് മുന്നില്‍ വാക്കേറ്റത്തിനിടയാക്കുന്നത്. കഴിഞ്ഞ ദിവസം ബാങ്കിലെത്തിയ ഇടപാടുകാരനോട് പണം തീര്‍ന്നെന്ന മറുപടി നല്‍കിയ ഉദ്യോഗസ്ഥന്‍ ഇയാളുമായി തര്‍ക്കത്തിലാവുകയും ഒടുവില്‍ പണം നല്‍കി പ്രശ്‌നം അവസാനിപ്പിക്കുകയുമായിരുന്നു. സ്ഥിരമായി പണം വിതരണം ചെയ്യാതിരുന്ന ചില ബാങ്കുകള്‍ നാട്ടുകാര്‍ മേഖലയില്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. സുതാര്യമായ കറന്‍സി വിതരണത്തിലൂടെ നാട്ടുകാരുടെ പ്രയാസം അകറ്റണമെന്ന ആവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."