പക്ഷിപ്പനി: രണ്ടു പഞ്ചായത്തുകളില്‍ ദ്രുതകര്‍മ സേന ഇറങ്ങി
ആലപ്പുഴ : ജില്ലയിലെ പക്ഷിപ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രൂപവത്കരിച്ച ദ്രുതകര്‍മസേന ഇന്നലെ രണ്ട് പഞ്ചായത്തുകളില്‍ പ്രവര്‍ത്തിച്ചു.
അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തുകളിലാണ് സേന പ്രവര്‍ത്തനത്തിനിറങ്ങിയത്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് ശേഖരിച്ച സാമ്പിള്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ദൗത്യസംഘം രംഗത്തിറങ്ങിയത്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് മാത്രമാണ് പുതുതായി സ്ഥിരീകരിച്ചത്.
അമ്പലപ്പുഴ വടക്ക് ഒരു സംഘവും തെക്ക് രണ്ടു സംഘവും പ്രവര്‍ത്തിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ ചത്ത 1023 താറാവുകളെയും തെക്ക് പഞ്ചായത്തില്‍ 960 താറാവുകളെയും സംസ്‌കരിച്ചു. അമ്പലപ്പുഴ വടക്ക് 2529 താറാവുകളെയും തെക്ക് 8520 താറാവുകളെയും കൊന്ന് സംസ്‌കരിച്ചു.
ഇന്നലെ ആകെ 11049 താറാവുകളെ കൊന്ന് സംസ്‌കരിച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ 28178 ചത്ത താറാവുകളെയും 5,57,055 താറാവുകളെ കൊന്നും സംസ്‌കരിച്ചിട്ടുണ്ട്. ആകെ ഇതുവരെ 5,85,233 താറാവുകളെ സംസ്‌കരിച്ചു. ഇതുവരെ 1,52,313 മുട്ടകളും നശിപ്പിച്ചു. 9530 കിലോ തീറ്റയും നശിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."