രോഗിയായ മക്കള്‍ക്ക് തൊണ്ണൂറുകാരിയുടെ കാവല്‍
കുമ്പളം: മാനസികവും, ശാരീരികവുമായ വൈകല്യങ്ങളുള്ള അറുപത്തിരണ്ടുകാരനായ കമലാസനനും, അറുപതുകാരിയായ ശ്രീദേവിക്കും തൊണ്ണൂറുകാരിയായ വൃദ്ധമാതാവിന്റെ കാവല്‍. തീരദേശ റെയില്‍പാതയോരത്ത് റെയില്‍വെ ക്രോസിന് സമീപം പുല്ലുവള്ളിത്തറയില്‍ താമസിക്കുന്ന കല്യാണിയാണ് ഒരു നിയോഗം പോലെ വാര്‍ധക്യത്തിലും മക്കള്‍ക്ക് സംരക്ഷകയായി കഴിയുന്നത്.
ചോര്‍ന്നൊലിക്കുന്ന ഇരു മുറി വീട്. മുറിയിലും,അടുക്കളയിലും ഒരു ഭാഗത്ത് വിസര്‍ജ്യാവശിഷ്ടങ്ങളും, മറുഭാഗത്ത് ഭക്ഷണാവശിഷ്ടങ്ങള്‍ കൊത്തി പറിക്കാനെത്തിയ കാക്കകള്‍, പൂച്ച, പട്ടി തുടങ്ങിയവ. ഇതിനെല്ലാം നടുവിലായി മൂന്ന് മനുഷ്യ ജീവിതങ്ങളുടെ സ്പന്ദനം കേള്‍ക്കാം.സ്വന്തം കാര്യങ്ങള്‍ പോലും സ്വയം ചെയ്യാന്‍ പ്രാപ്തിയില്ലാത്ത മക്കളുടെ സംരക്ഷണത്തിനായി കാലം കല്യാണിയെ തെണ്ണൂറിലെത്തിച്ചു. തൊണ്ണൂറിലെത്തിയ കല്യാണിക്കാകട്ടെ കാഴ്ചയും, കേള്‍വിയും മങ്ങി. എങ്കിലും ഇരുളടഞ്ഞ മുറിക്കുള്ളില്‍ മൂവരും പരസ്പരം കൈകള്‍ കോര്‍ത്തു പിടിച്ച് മുന്‍പേ നടക്കുന്ന കാലൊച്ച പിന്‍തുടര്‍ന്ന് ജീവിതം തള്ളിനീക്കുന്നു.
തൂമ്പ പണിക്കാരനായ കല്യാണിയുടെ ഭര്‍ത്താവ് കൊച്ചിട്ടി ആറ് വര്‍ഷം മുമ്പാണ് മരിച്ചത്. കല്യാണിയുടെ അഞ്ച് മക്കളില്‍ മൂന്ന് പേര്‍ വേറെ മാറി താമസിക്കുന്നു. ആരൊങ്കിലുമൊക്കെ ഇടക്കൊക്കെ വന്ന് എത്തി നോക്കിയിട്ട് പോകുമെന്ന് വിറക്കുന്ന ശബ്ദതോടെ കല്യാണി പറയുന്നു. അയല്‍വാസികളും മറ്റും നല്‍കുന്ന ഭക്ഷണം കൊണ്ട് ജീവന്‍ നിലനില്‍ക്കുന്നു. കല്യാണിക്ക് കിട്ടുന്ന പ്രതിമാസ വാര്‍ധക്യ പെന്‍ഷന്‍ ആയിരം രൂപ കൊണ്ട് കമലാസനന്‍ ബിസ്‌ക്കറ്റും, ബ്രഡും വാങ്ങി കൊണ്ട് വരും, ഒരു മാസത്തെ വിശപ്പടക്കാന്‍ ഇതു മതിയെന്നും കല്യാണി പറയുന്നു. മറ്റ് യാതൊരു വിധ ആനുകൂല്യങ്ങളും എവിടെ നിന്നും തന്റെ കുടുംബത്തിന് ലഭിക്കുന്നില്ലെന്നും കല്യാണി പറഞ്ഞു. മാസത്തിലൊരിക്കല്‍ പഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ അംഗങ്ങളെത്തി കല്യാണിയുടെ പ്രഷര്‍, ഷുഗര്‍ തുടങ്ങിയവ പരിശോധിച്ച് മടങ്ങും. മാനസിക അസ്വാസ്ഥൃം ഉള്ളതിനാല്‍ കമലാസനും, ശ്രീദേവിയും പരിശോധനകള്‍ക്ക് ഇരുന്ന് കൊടുക്കാറുമില്ല. ഇരുളറകളില്‍ സ്വപ്നങ്ങള്‍ മരവിച്ച് ജീവിതം തള്ളിനീക്കുന്ന ഇത്തരം കാണാമറയത്തെ ജീവനുകള്‍ പുറംലോകമറിയുന്നത് ഒരു പക്ഷെ ജീവന്‍ വേര്‍പ്പെട്ട് പുഴുവരിക്കുമ്പോള്‍ മാത്രമായിരിക്കും.
തങ്ങളുടെ ജീവിതാവസ്ഥയെകുറിച്ച് തൊഴുകൈകളോടെ കല്യാണിക്ക് പറയാനുള്ളതിത്ര മാത്രം 'കുഞ്ഞുങ്ങള്‍ക്കാരുമില്ല, അതിനാല്‍ തന്റെ കാലൊച്ച നിനയ്ക്കാതെ കാക്കണെ ദൈവമെ ' ഇത് കമലാസനും, ശ്രീദേവിക്കും വേണ്ടി ഈശ്വരനോടും ഒപ്പം സമൂഹത്തോടുമുള്ള ഒരു വൃദ്ധ മാതാവിന്റ ഹൃദയ സ്പര്‍ശിയായ പ്രാര്‍ത്ഥന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."