നിലമ്പൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിലെ കച്ചവടക്കാര്‍ വ്യാപാരം നിര്‍ത്തുന്നു
നിലമ്പൂര്‍: വ്യാപാരമേഖലയിലെ മാന്ദ്യവും അമിതവാടകയും മൂലം കടക്കെണിയിലായ നിലമ്പൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിലെ കച്ചവടക്കാരില്‍ ചിലര്‍ കച്ചവടം നിര്‍ത്താനുള്ള ഒരുക്കത്തില്‍. നിലമ്പൂര്‍ നഗരസഭ കാര്യാലയവും ചില ബാങ്കുകളും പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന മോഹനവാഗ്ദാനം നല്‍കിയാണ് വന്‍ സെക്യൂരിറ്റിയും അമിത വാടകയും വാങ്ങി കെട്ടിടമുടമ കച്ചവടക്കാര്‍ക്ക് മുറികള്‍ വാടകക്ക് നല്‍കിയത്. പ്രതിദിനം 500 രൂപ വാടകയും അഞ്ച് ലക്ഷം രൂപ വരെ അഡ്വാന്‍സും നല്‍കിയാണ് പല വ്യാപാരികളും മുറികള്‍ സ്വന്തമാക്കിയത്. എന്നാല്‍ ആയിരം രൂപയുടെ വ്യാപാരം പോലും പല കടകളിലും നടക്കുന്നില്ല. ആറ് മാസം മുന്‍പ് ചില വ്യാപാരികള്‍ കച്ചവടം നിര്‍ത്താന്‍ ഒരുങ്ങിയപ്പോള്‍ മാസത്തില്‍ പത്ത് ദിവസത്തെ വാടക ഇളവ് നല്‍കിയിരുന്നു.
എന്നാല്‍ അടുത്ത കാലത്ത് ഈ ഇളവ് റദ്ദാക്കി. ബാങ്കുകളില്‍ നിന്നും ചില സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും ലോണെടുത്താണ് പലരും അഡ്വാന്‍സ് നല്‍കിയിരുന്നത്. ബാങ്കിലെ കടം അനുദിനം പെരുകുന്നതും വ്യാപാരികളെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. കെട്ടിടമുടമയുടെ ഭാഗത്തുനിന്നും തങ്ങള്‍ക്ക് അനുകൂലമായ നിലപാടുണ്ടായില്ലെങ്കില്‍ കച്ചവടം നിര്‍ത്തുമെന്ന് വ്യാപാരികളില്‍ ചിലര്‍ പറഞ്ഞു. നിലമ്പൂര്‍ നഗരസഭ വീട്ടിക്കുത്തിലെ ഫയര്‍ സ്റ്റേഷന്‍ പരിസരത്ത് പുതിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചതോടെയാണ് വ്യാപാരികളുടെ അവസാന പ്രതീക്ഷയും പൊലിഞ്ഞത്. പുതിയ സ്റ്റാന്‍ഡില്‍ നിന്നു എല്ലാ മേഖലകളിലേക്കും പോകാന്‍ വഴി സൗകര്യമുള്ളതിനാല്‍ കുറഞ്ഞ വിലക്ക് ലഭിക്കുന്ന സ്ഥലങ്ങളില്‍ നിന്നായിരിക്കും ആളുകള്‍ സാധനങ്ങള്‍ വാങ്ങുക. ഒരു പരിധിയിലധികം വിലകുറച്ച് സാധനങ്ങള്‍ വില്‍ക്കാനാവാത്ത അവസ്ഥയിലാണ് സ്റ്റാന്‍ഡിലെ കച്ചവടക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."