ശേഖരന്റെ മക്കള്‍ സ്വപ്നം സഫലമാക്കട്ടെ
കണ്ണൂര്‍: ജീവിതത്തെ ഓടിത്തോല്‍പിക്കാന്‍ ആക്രി സാധനങ്ങള്‍ പെറുക്കിയെടുക്കുകയാണ് അച്ഛന്‍. ആ അച്ഛന്റെ സ്വപ്നങ്ങള്‍ കാക്കാന്‍ മെഡലുകള്‍ വാരാനുള്ള ഒരുക്കത്തിലാണു മൂന്നു മക്കള്‍. തമിഴ്‌നാട്ടില്‍ നിന്നെത്തി ഇവിടെ കേരളത്തില്‍ 18 വര്‍ഷത്തോളമായി ആക്രിസാധനങ്ങള്‍ പെറുക്കിവിറ്റ് ജീവിക്കുന്ന പയ്യന്നൂര്‍ കാങ്കോല്‍ വടശ്ശേരി പ്രാന്തംചാലിലെ ശേഖരന്റെയും വെള്ളയമ്മയുടെയും മൂന്നു മക്കളാണ് നാളെ കാലിക്കറ്റ് സര്‍വകലാശാലാ ഗ്രൗണ്ടില്‍ ആരംഭിക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മത്സരത്തിനിറങ്ങുന്നത്.
ചീമേനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ശേഖരന്റെ രണ്ടാമത്തെ മകന്‍ മൂര്‍ത്തി 5000, 3000 മീറ്റര്‍ ഓട്ടത്തിലും 5000 മീറ്റര്‍ നടത്ത മത്സരത്തിലും കാസര്‍കോട് ജില്ലയ്ക്കായി മത്സരത്തിനിറങ്ങുമ്പോള്‍ അതേ സ്‌കൂളിലെ എട്ടാം ക്ലാസുകാരനായ മൂന്നാമത്തെ മകന്‍ മുത്തു 600, 400, 100 മീറ്റര്‍ ഓട്ടത്തിലും ട്രാക്കിലിറങ്ങും. മൂര്‍ത്തി ജൂനിയര്‍ വിഭാഗത്തില്‍ കാസര്‍കോട് ജില്ലാ വ്യക്തിഗത ചാംപ്യനുമാണ്. കരിവെള്ളൂര്‍ പെരളം യു.പി സ്‌കൂളില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിയായ മറ്റൊരു മകന്‍ മുത്തുരാജ് 5000 മീറ്റര്‍ നടത്ത മത്സരത്തില്‍ കണ്ണൂര്‍ ജില്ലയ്ക്കായാണ് ഇറങ്ങുന്നത്. ഇവരുടെ മൂത്ത മകന്‍ ശിവന്‍ കഴിഞ്ഞ വര്‍ഷം കോഴിക്കോടു നടന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ 5000 മീറ്റര്‍ ഓട്ടത്തിലും ക്രോസ് കണ്‍ട്രിയിലും മത്സരിച്ചിരുന്നു.
പെരളം യു.പി സ്‌കൂള്‍ കായിക അധ്യാപകനായ എ കരുണാകരനാണ് ഇവരുടെ കായിക മികവ് മനസിലാക്കി പരിശീലനം നല്‍കിയതും സംസ്ഥാന വേദി വരെ എത്തിച്ചതും. ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റ് ജീവിതം തള്ളിനീക്കുന്ന ശേഖരനു തന്റെ മക്കളുടെ കായിക മികവ് മെച്ചപ്പെടുത്താനുള്ള ചെലവ് താങ്ങാനാവില്ല. നല്ല ജഴ്‌സി പോലും ഈ നാടോടി വിദ്യാര്‍ഥികള്‍ക്കില്ല. മികച്ച പരിശീലനം ലഭിച്ചാല്‍ നാളെയുടെ കായിക വാഗ്ദാനങ്ങളായി കേരളത്തിന്റെ കായിക ചരിത്രത്തില്‍ ഈ മൂവര്‍ സംഘത്തിന്റെ പേരുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."