ധ്യാന ബുദ്ധന്‍...
രാജാവും മന്ത്രിയും തേരും ആനകളും കാലാള്‍പ്പടയും വിരാജിക്കുന്ന ചതുരംഗ കളത്തിനു മുന്നില്‍ അയാള്‍ ധ്യാനത്തിന്റെ നിരന്തരതയിലാണ്. 14ാം വയസ്സില്‍ തുടങ്ങിയ ആ യാത്ര മാഗ്നെസ് കാള്‍സനെന്ന 26കാരന്‍ തുടരുകയാണ്. മൂന്നാം ലോക കിരീടം സ്വന്തമാക്കി വര്‍ത്തമാന കാലത്തെ ഏറ്റവും മികച്ച ചെസ്സ് താരമെന്ന ബഹുമതി നോര്‍വെയുടെ ഈ യുവാവ് ഉറപ്പിക്കുന്നു. 2013, 14 വര്‍ഷങ്ങളില്‍ വിശ്വനാഥന്‍ ആനന്ദിനെയാണ് കീഴടക്കിയതെങ്കില്‍ ഇത്തവണ സമപ്രായക്കാരനായ സെര്‍ജി കര്യാകിനാണ് കാള്‍സന്റെ വേഗ നീക്കത്തില്‍ തോല്‍വി സമ്മതിച്ചത്. എതിരാളികള്‍ ആരായാലും അവരുടെ രീതികള്‍ക്കു മേല്‍ തന്റെ തന്ത്രങ്ങള്‍ പയറ്റാന്‍ തക്കം കാത്തിരിക്കുന്ന കൂര്‍മ്മതയാണ് കാള്‍സന്റെ വിജയ തത്വം. 12 ഗെയിമുകളില്‍ ഒപ്പം നിന്ന കര്യാകിനെ തന്റെ ഇഷ്ട മേഖലയായ റാപിഡിലേക്ക് കൊണ്ടുപോകാന്‍ കാള്‍സനു കഴിഞ്ഞതു തന്നെ അതിന്റെ ഭാഗമാണ്. 11ാം മത്സരം കഴിഞ്ഞപ്പോള്‍ മത്സരത്തിന്റെ ഗതി ഉള്‍ക്കൊണ്ട കാള്‍സന്‍ 12ാം ഗെയിം വെറും 30 നീക്കത്തില്‍ അവസാനിപ്പിച്ചാണ് ടൈ ബ്രേക്കറിലേക്ക് നീങ്ങിയത്.
പരിതഃസ്ഥിതികളോട് പെട്ടന്നിണങ്ങി തന്റെ കളിയെ അതിന്റെ വഴിക്ക് മെരുക്കിയാണ് കാള്‍സന്‍ എതിരാളിയെ നേരിടുന്നത്. തോല്‍വിയുടെ വക്കില്‍ നിന്നു മാഗ്നസ് തിരിച്ചു വരുന്നതും ആ ബലത്തിലാണ്. ക്ഷമയും സൂക്ഷ്മ നിരീക്ഷണവും കൃത്യതയും വേഗതയും സമന്വയിപ്പിച്ചാണ് കാള്‍സന്‍ കരുക്കള്‍ നീക്കുന്നത്. ആഴ്ചകള്‍ നീളുന്ന ലോക പോരാട്ടം പോലെയുള്ള മത്സരങ്ങളില്‍ ഒരേ മാനസികാവസ്ഥ നിലനിര്‍ത്തുക എന്നതു കഠിനമാണ്. അത്തരം അഗ്നി പരീക്ഷകളെ നൈസര്‍ഗികതയുടെ കരുത്തില്‍ മറികടക്കാന്‍ സാധിക്കുന്നതാണ് കാള്‍സനെ വ്യത്യസ്തനാക്കുന്നത്.
കുറഞ്ഞ പ്രായത്തില്‍ തന്നെ ഇതിഹാസ സമാനമായ നേട്ടങ്ങളിലേക്ക് തന്റെ ബുദ്ധിയുടെ വീര്യത്തില്‍ കുതിച്ച കാള്‍സന്‍ ചെസ്സ് ലോക കണ്ട അപൂര്‍വ താരങ്ങളില്‍ ഒരാളാണ്. പ്രതിരോധത്തിനപ്പുറത്ത് എതിരാളിയെ നിശബ്ദനാക്കുന്ന റാപിഡിന്റെ വേഗമാര്‍ന്ന നീക്കങ്ങളെ പ്രണയിച്ച കാള്‍സന്‍ മാര്‍ഗം നോക്കാതെ അചഞ്ചലനായി ലക്ഷ്യത്തിലേക്ക് മുന്നേറുന്നു. വിജയിയുടെ ഏകാന്തതയിലും അയാളുടെ ഉള്ളില്‍ അപ്പോള്‍ മൗനം മാത്രമാകും നിറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."