500ന്റെ നോട്ട് കണികാണാന്‍ പോലുമില്ല പുതിയ നോട്ടിനായി കാത്തിരിപ്പ് തുടരുന്നു
കോഴിക്കോട്: 500 രൂപയുടെ പുതിയ നോട്ടുകള്‍ കണികാണാന്‍ പോലുമില്ല. പഴയ നോട്ട് പിന്‍വലിച്ച് പുതിയ 500 ന്റെ നോട്ട് പുറത്തിറിക്കിയിട്ട് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും ആവശ്യത്തിന് 500ന്റെ നോട്ടുകള്‍ സംസ്ഥാനത്തെത്തിയിട്ടില്ല.
കേരളത്തിലെ ഭൂരിഭാഗം ബാങ്കുകളില്‍ നിന്നും എ.ടി.എമ്മുകളില്‍ നിന്നും ഇപ്പോള്‍ രണ്ടായിരത്തിന്റെ നോട്ടു മാത്രമാണ് ലഭിക്കുന്നത്. ഒന്നോ രണ്ടോ ദിവസം മാത്രം ചില ബാങ്കുകളില്‍ നിന്ന് 500 രൂപയുടെ നോട്ട് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും നിലച്ചു. നൂറിന്റെ നോട്ടുകളും 50ന്റെ നോട്ടുകളുമെല്ലാം ആദ്യ അഞ്ചു ദിവസത്തിനുള്ളില്‍ തീര്‍ന്നു. ബാങ്കിലും എ.ടി.എമ്മിലും മണിക്കൂറുകളോളം വരി നിന്ന് 2000 രൂപ ലഭിച്ചവരെല്ലാം ഇതുകൊണ്ട് ഒന്നും ചെയ്യാനാകാതെ വലയുകയാണ്. 2000 രൂപയുടെ നോട്ടു വാങ്ങാന്‍ കച്ചവടക്കാരും വിവിധ സര്‍വിസ് ദാതാക്കളും മടിക്കുകയാണ്.
2000 രൂപയുമായി ആവശ്യവസ്തുക്കള്‍ വാങ്ങാനോ, ബസ്സില്‍ കയറാനോ, ഭക്ഷണം കഴിക്കാനോ കഴിയുന്നില്ല. 500 രൂപയ്ക്കു താഴെയുള്ള ഇടപാടുകള്‍ക്കാണ് ഏറെ ബുദ്ധിമുട്ട്.
പാല്‍, പത്രം, കുട്ടികളുടെ സ്‌കൂള്‍ ആവശ്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം 500 രൂപയോടടുത്ത തുകയാണ് വേണ്ടത്. ഒന്നാം തീയതിയായതോടെ ഈ ആവശ്യങ്ങളൊന്നും നിറവേറ്റാനാകാത്തതും ജനങ്ങളെ വലച്ചു.
ബാക്കി കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ രണ്ടായിരം രൂപയുടെ നോട്ടുമായി വരുന്നവരെ തിരിച്ചയക്കേണ്ട ഗതികേടിലാണ് കച്ചവടക്കാര്‍. ഇതുമൂലം ആരും സാധനങ്ങള്‍ വാങ്ങാന്‍ വരുന്നില്ലെന്നും കട അടച്ചു പൂട്ടേണ്ട അവസ്ഥയിലാണെന്നും കോഴിക്കോട്ടെ ചെരുപ്പുവ്യാപാരിയായ മുഹമ്മദ് പറയുന്നു. 500ന്റെ നോട്ടുകള്‍ ആവശ്യത്തിനെത്തിയാല്‍ മാത്രമേ ഇത്തരം പ്രതിസന്ധികള്‍ അവസാനിക്കുകയുള്ളൂ.
2000 രൂപ കൊടുക്കുമ്പോള്‍ ഇടപാടുകാര്‍ തങ്ങളെ ചീത്ത വിളിക്കുകയാണെന്ന് ബാങ്ക് ജീവനക്കാര്‍ പറയുന്നു. മിക്ക ബാങ്കില്‍ നിന്നും 2000 രൂപയുടെ നോട്ടുകളാണ് നല്‍കുന്നത്. കോഴിക്കോട്ടെ ചില മെയിന്‍ ബ്രാഞ്ചുകളില്‍ മാത്രമാണ് 500 ന്റെ നോട്ട് എത്തിയിരുന്നത്. ഗ്രാമീണ മേഖലകളിലേക്കൊന്നും ഇതുവരേ 500ന്റെ നോട്ട് എത്തിയിട്ടില്ല. ആവശ്യത്തിന് 500 രൂപ ഇറക്കിയിട്ടുണ്ടെങ്കില്‍ അതെല്ലാം എവിടെപ്പോയെന്നാണ് ജനങ്ങളുടെ ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."