ചെക്കുന്നുമല ക്വാറി: സംരക്ഷണ സമിതിയുടെ മാര്‍ച്ച് ഇന്ന്
മലപ്പുറം: ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചെക്കുന്നുമലയില്‍ ക്വാറിക്കു അനുമതി നല്‍കിയ ഭരണസമിതിയുടെ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചെക്കുന്നുമ്മല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ 10ന് പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചു നടക്കും. നിലവില്‍ 32 ക്വാറികളുള്ള പഞ്ചായത്തില്‍ വീണ്ടും ക്വാറി അനുവദിക്കുന്നത് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ കോടതി ഉത്തരവെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
15 ദിവസത്തിനകം ക്വാറിക്ക് ലൈസന്‍സ് അനുവദിക്കുമോ ഇല്ലയോയെന്നു തീരുമാനിക്കണമെന്ന കോടതി നിര്‍ദേശം മെമ്പര്‍മാരെ പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്നു തെറ്റിദ്ധരിപ്പിച്ചാണ് കഴിഞ്ഞ 21ന് ചേര്‍ന്ന പഞ്ചായത്ത് ബോര്‍ഡ് ലൈസന്‍സ് അനുവദിച്ചത്. വിയോജിപ്പുള്ള അംഗങ്ങളെ മറിച്ച് തീരുമാനമെടുത്താല്‍ കോടതിയലക്ഷ്യമാവുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഐകകണ്‌ഠേന പാസാക്കിയത്. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതി നിരസിച്ച അപേക്ഷയാണ് പ്രകടപത്രികയില്‍ ക്വാറികള്‍ക്കെതിരേ നടപടിയെടുക്കുമെന്നു പറഞ്ഞ സി.പി.എം നേതൃത്വത്തിലുള്ള സമിതി അനുവദിച്ചിരിക്കുന്നത്. മാര്‍ച്ചിന് എല്ലാ പാര്‍ട്ടികളുടെയും പിന്തുണയുണ്ടെന്നും ഭാരവാഹികള്‍ അവകാശപ്പെട്ടു.
ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കാനിരുന്ന കൊല്ലംകൊല്ലി വെള്ളച്ചാട്ടത്തിനു സമീപമാണിപ്പോള്‍ ക്വാറിക്ക് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. ലൈസന്‍സ് റദ്ദാക്കുന്നതു വരെ പ്രക്ഷോഭം തുടരാനാണ് സമിതി തീരുമാനമെന്നും പൂവ്വത്തിക്കല്‍, വേഴക്കോട്, തച്ചംപറമ്പ് എന്നീ വാര്‍ഡുകളില്‍ ലൈസന്‍സ് റദ്ദാക്കി തീരുമാനമെടുക്കും വരെ പഞ്ചായത്ത് പ്രസിഡന്റിനെ പ്രവേശിപ്പിക്കില്ലെന്ന തീരുമാനവുമെടുത്തിട്ടുണ്ടെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റിയാസ് സ്രാമ്പിയന്‍, കെ. സുധാകരന്‍, ഗഫൂര്‍ പാമ്പന്‍കാവില്‍, ഷൈജുസാളി ഗ്രാമത്ത് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."