നഗരസഭയില്‍ എല്ലാ വീടുകളിലും മഴക്കുഴികളും കിണര്‍ റീചാര്ജിംഗും ചെയ്യാന്‍ പദ്ധതി
നിലമ്പൂര്‍: ജലസംരക്ഷണവുമായി ബന്ധപ്പെട്ട് നഗരസഭയില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനങ്ങളെടുത്തത്. നഗരസഭ ചെയര്‍ പേഴ്സണ്‍ പത്മിനി ഗോപിനാഥ് യോഗത്തില്‍ അധ്യക്ഷയായി.
നവകേരള മിഷന്റെ ഹരിത കേരളം പദ്ധതിയിലുള്‍പ്പെടുത്തി വീടുകളില്‍ മഴക്കുഴി നിര്‍മാണവും കിണര്‍ റീച്ചാര്‍ജ്ജ് പദ്ധതിയും നടപ്പിലാക്കും. ജലസംരക്ഷണത്തിനായി പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് 10 നിലമ്പൂര്‍ ആര്.ആര്.സി ക്ലബില്‍ യോഗം വിളിച്ചു ചേര്‍ക്കും. കളത്തിന്‍കടവ്, രാമംകുത്ത്, പാത്തിപ്പാറ, ചക്കാലക്കുത്ത് എന്നിവടങ്ങളില്‍ തടയണ നിര്‍മിക്കും. മറ്റ് 15 താത്കാലിക തടയണകളും നിര്‍മിക്കും. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ സഹായത്തോടെ താമരക്കുളം പുത്തന്‍ കുളം നവീകരിക്കും. കൃഷി വകുപ്പുമായി ചേര്‍ന്ന് പയ്യംപള്ളിയില്‍ 3 ഏക്കര്‍ തരിശു സ്ഥലത്ത് 8 ന് പച്ചക്കറി കൃഷിക്കായി വിത്ത് നടും. മാലിന്യ സംസ്കരണത്തിനായി ഹരിതസേനക്കും കുടുംബശ്രീ അംഗങ്ങള്‍ക്കുമായി ഇന്ന് രാവിലെ പത്തിന് പീവീസ് ഓഡിറ്റോറിയത്തില്‍ പരിശീലനം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."