പക്ഷിപനിക്കെതിരേ തമിഴ്നാട് വാഹന പരിശോധന ശക്തമാക്കി
വണ്ടിത്താവളം: പക്ഷിപനിക്കെതിരേ തമിഴ്നാട് സര്‍ക്കാര്‍ അതിര്‍ത്തിയില്‍ വാഹന പരിശോധന ശക്തമാക്കുന്നു. ആലപുഴ ജില്ലയില്‍ പക്ഷിപനി പടര്‍ന്ന് താറാവിന്‍കൂട്ടങ്ങള്‍ ചത്തൊടുങ്ങിയതിനെ തുടര്‍ന്നാണ് തമിഴ്നാട് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ അട്ടപ്പാടി ആനകട്ടി മുതല്‍ ചെമ്മണാമ്പതിവരെയുള്ള 18 ല്‍ അധികം അതിര്‍ത്തിപ്രദേശങ്ങളില്‍ പക്ഷിപനിക്കെതിരേ വാഹനങ്ങളില്‍ കീടനാശിനിപ്രയോഗം ശക്തമാക്കിയിട്ടുള്ളത്. കേരളത്തില്‍നിന്നും തമിഴ്നാട്ടിലേക്ക് കടക്കുന്ന എല്ലാ വാഹനങ്ങളുടെയും ടയറുകളില്‍ അണുവിമുക്തമാക്കുന്നതിനുള്ള കീടനാശിനിലായനി തളിച്ചാണ് വാഹനങ്ങളെ കടത്തുന്നത്. അണുബാധ രണ്ടുമാസക്കാലം നിലനില്ക്കുമെന്നതിനാല് ശബരിമല സീസണ് അവസാനിക്കുന്നതുവരെ നിലവില്‍ കേരളത്തിലെ വാഹനങ്ങള്‍ക്ക് അണുവിമുക്ത കീടനാശിനി തളിക്കല്‍ ഉണ്ടാകുമെന്ന് പൊള്ളാച്ചി വെറ്റിനറി ഡോ. തങ്കവേല്‍ പറഞ്ഞു. കോഴി, കോഴിതീറ്റ, താറാവ്, മറ്റുവളര്‍ത്തുപക്ഷികള്‍ എന്നിവ തമിഴ്നാട്ടിലേക്ക് കടക്കുന്നതും താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."