ഉപയോഗശൂന്യമായ പൊതു കിണറുകള്‍ ശുചീകരിക്കുവാന്‍ നടപടിയുണ്ടാവണമെന്ന്
ചിറ്റൂര്‍: ഉപയോഗശൂന്യമായ പൊതുകിണറുകളെ ശുചീകരിക്കുവാന്‍ നടപടിയുണ്ടാവണമെന്ന ആവശ്യം ശക്തമാകുന്നു. പുതുനഗരം, കൊടുവായൂര്‍, പെരുവെമ്പ്, പട്ടഞ്ചേരി, ചിറ്റൂര്‍ നഗരസഭ, പെരുമാട്ടി, കണ്ണാടി എന്നിവിടങ്ങളില്‍ അറ്റകുറ്റപണികള്‍ നടക്കാത്തതുമൂലം ഉപയോഗശൂന്യമായ രണ്ട് ഡസണിലധികം കിണറുകളാണ് വെള്ളമുണ്ടായിട്ടും ഉപയോഗശൂന്യമായത്.
മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞും, കാടുപിടിച്ചും, തെരുവുനായ്ക്കള്‍ വീണുചത്തുമാണ് മിക്ക പൊതുകിണറുകലും ഉപയോഗശൂന്യമായിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങള്‍ കുടിവെള്ള സ്രോതസുകള്‍ ശുചീകരിക്കുന്നതിനായി വര്‍ഷം തോറും ഫണ്ടുകള്‍ വകയിരുത്തുന്നുണ്ടെങ്കിലും നീരുറവയുള്ള കിണറുകളെ ഇത്തരം പദ്ധതിയില്‍ പൂര്‍ണമായും ഉള്‍പെടുത്താത്തതാണ് വേനല്‍ അടുത്തിട്ടും കിണറുകള്‍ ഉപയോഗശൂന്യമാകുവാന്‍ ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഗ്രാമസഭകളിലും വാര്‍ഡ് സഭകളിലുമായി ഉയരു്ന്ന പരാതികള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാവാത്തതും പ്രതിസന്ധികള്‍ക്ക് കാരണമായെന്ന് പട്ടഞ്ചേരി വാസികള്‍ പറയുന്നു. സര്‍ക്കാര്‍ ഓഫിസുകള്‍ക്കകത്തുള്ള നല്ല പൊതുകിണറുകള്‍ പോലും അറ്റകുറ്റപ്പണികള്‍ നടക്കാതെ ഉപയോഗശൂന്യമായ അവസ്ഥയിലാണ്. വേനലില്‍ ലോറിയില്‍ കുടിവെള്ളമെത്തിക്കുവാന്‍ കിണറുകള്‍ഇല്ലാത്ത സാഹചര്യം ഉണ്ടായതു മൂലം കഴിഞ്ഞ വേനലില്‍ ലോറിയില്‍ കുടിവെള്ളവിതരണം പൂര്‍ണമായും എത്തിക്കുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ വേനലിലും നീരുറവകളുള്ള ഉപയോഗശൂന്യമായ പൊതുകിണറുകളെ ശുചീകരിച്ച് കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലെക്ക് ഉപയോഗപെടുത്തുവാന്‍ ജില്ലാ കലക്ടര്‍ തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപെടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."