കള്ള് ഷാപ്പുകളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു
മാനന്തവാടി: പരിശോധനയ്ക്കയച്ച കള്ളില്‍ സ്റ്റാര്‍ ക്ലിന്റ് അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് മാനന്തവാടി എക്‌സൈസ് റെയിഞ്ചിന് കീഴിലെ അഞ്ച് കള്ള് ഷാപ്പുകളുടെ ലൈസന്‍സ് എക്‌സൈസ് കമ്മിഷണറുടെ നിര്‍ദേശത്തെതുടര്‍ന്ന് സസ്‌പെന്റ് ചെയ്തു. ആറാട്ടുതറ, പയ്യമ്പള്ളി, മക്കിയാട്, പനമരം, കാരക്കാമല കള്ള് ഷാപ്പുകളുടെ ലൈസന്‍സാണ് സസ്‌പെന്റ് ചെയ്തത്.
ഈ കള്ളുഷാപ്പുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ കോഴിക്കോട് റീജ്യണല്‍ കെമിക്കല്‍ ലബോറട്ടറിയില്‍ പരിശോധനക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം പുറത്ത് വന്നതോടെയാണ് കള്ളില്‍ ഉപയോഗിക്കാന്‍ അനുമതി ഇല്ലാത്ത സ്റ്റാര്‍ച്ച് ഉപയോഗിച്ചതായി കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത് സംബന്ധിച്ച് ഒരു മാസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ ലൈസന്‍സികളോട് നിര്‍ദേശിച്ചിട്ടുണ്ട്.
വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ലൈസന്‍സ് ഡിസ്മിസ്സ് ചെയ്ത് പുതിയ ലൈസന്‍സികള്‍ക്ക് നല്‍കും. മദ്യനിരോധനം നിലവില്‍ വന്നതോടെ കള്ള് ഷാപ്പുകള്‍ വഴി വീര്യം കൂടിയ കള്ള് വില്‍പ്പന നടത്തുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. കുടാതെ ജില്ലയില്‍ ചെത്തുന്നതിനേക്കാള്‍ കള്ള് ഷാപ്പുകള്‍ വഴി വിറ്റഴിക്കപ്പെടുന്നതായും കണ്ടെത്തിയിരുന്നു. പാലക്കാട് നിന്നാണ് ജില്ലയിലേക്ക് വിര്യം കൂടിയ കള്ള് എത്തിച്ച് കൊണ്ടിരുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് സാമ്പിളുകള്‍ പരിശോധനക്ക് അയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."