ശമ്പളവിതരണവും പെന്‍ഷനും തെറ്റുന്നു; പ്രശ്‌നം അതീവ ഗുരുതരം
തിരുവനന്തപുരം: സംസ്ഥാനത്ത് ശമ്പളവിതരണവും പെന്‍ഷനും ഇന്നലെയും താളംതെറ്റി. ട്രഷറികള്‍ക്ക് ആവശ്യത്തിന് പണംനല്‍കാന്‍ റിസര്‍വ് ബാങ്ക് തയാറായില്ല. നഗരങ്ങളിലെ ട്രഷറികളില്‍ പണമെത്തിയെങ്കിലും ഗ്രാമപ്രദേശങ്ങളിലെത്തി അതിരാവിലെ ക്യൂ നിന്നവര്‍ക്ക് നിരാശയായിരുന്നു ഫലം. കഴിഞ്ഞദിവസം ടോക്കണ്‍കിട്ടി മടങ്ങിയവര്‍ക്കും ഇന്നലെ ദീര്‍ഘനേരം കാത്തുനില്‍ക്കേണ്ടിവന്നു. 4.35 ലക്ഷം വരുന്ന പെന്‍ഷന്‍കാരില്‍ 59,000 പേര്‍ക്കു മാത്രമാണ് ആദ്യദിനം പെന്‍ഷന്‍ കിട്ടിയത്.
18 ട്രഷറികള്‍ക്ക് പണമൊന്നും ലഭിച്ചില്ല. കഴിഞ്ഞദിവസം പണം കിട്ടാതിരുന്ന 12 ട്രഷറികളില്‍ അഞ്ചെണ്ണത്തിന് ഇന്നലെയും പണം ലഭിച്ചില്ല. കൊല്ലം ജില്ലയിലെ കടയ്ക്കല്‍, ചടയമംഗലം, ചാത്തന്നൂര്‍, ഇടുക്കിയിലെ പീരുമേട്, പാലക്കാട് ജില്ലയിലെ കൂറ്റനാട് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടുദിവസവും പണമെത്തിയില്ല. പണം ലഭിക്കാതിരുന്ന ട്രഷറികളില്‍ കഴിഞ്ഞദിവസത്തെ നീക്കിയിരിപ്പ് തുക വച്ചാണ് പെന്‍ഷന്‍ വിതരണം ചെയ്തത്. ചില ട്രഷറികളില്‍ രാവിലെ പണമെത്താത്തതിനാല്‍ പെന്‍ഷന്‍കാര്‍ക്ക് ഉച്ചവരെ കാത്തിരിക്കേണ്ടിവന്നു.
ബാങ്കുകളിലും ഇതുതന്നെയായിരുന്നു സ്ഥിതി. സാധാരണ ഒന്നാം തീയതിയാണ് ബാങ്ക്‌വഴി ശമ്പളം കൈപ്പറ്റുന്നവര്‍ക്ക് അവരുടെ അക്കൗണ്ടുകളില്‍ പണമെത്താറുള്ളത്. ട്രഷറികള്‍ അതാത് വകുപ്പുകളുടെ ബില്‍ പാസാക്കി ബാങ്കുകള്‍ക്ക് നല്‍കുകയാണ് ചെയ്യുക. എന്നാല്‍, ട്രഷറികള്‍ ട്രഷറി അക്കൗണ്ടുള്ളവര്‍ക്ക് പണം നല്‍കുന്ന തിരക്കിലായതിനാല്‍ പല വകുപ്പുകളിലെയും ബില്ലുകള്‍ പാസാക്കിയിരുന്നില്ല. ബാങ്കുകളില്‍ ആവശ്യത്തിന് കറന്‍സി ഇല്ലാത്തതും ഇവരുടെ ശമ്പള വിതരണത്തെ ബാധിച്ചു. പല എ.ടി.എമ്മുകളും തുറന്നുപ്രവര്‍ത്തിച്ചതുമില്ല.
സാധാരണ രണ്ടാം പ്രവൃത്തിദിനം ശമ്പളയിനത്തില്‍ 300 കോടിയും പെന്‍ഷന്‍ വിതരണത്തിനായി 150 കോടിയുമടക്കം 450 കോടിയാണ് ട്രഷറികളില്‍ വേണ്ടത്. കഴിഞ്ഞദിവസം വിതരണംചെയ്തതിന്റെ ബാക്കി തുകയും കണ്ടെത്തണം. പിന്‍വലിക്കല്‍ പരിധി 24,000 ആയതിനാല്‍ 140.5 കോടിയാണ് ആവശ്യപ്പെട്ടിരുന്നത്. ലഭിച്ചതാകട്ടെ 99.83 കോടി മാത്രമാണ്.
ഇന്നലെ തിരുവനന്തപുരം ജില്ലയിലെ ട്രഷറികള്‍ 19 കോടി 75 ലക്ഷം രൂപയുടെ കറന്‍സികള്‍ ആവശ്യപ്പെട്ടപ്പോള്‍ 15 കോടി 31 ലക്ഷം രൂപ മാത്രമാണ് ആര്‍.ബി.ഐ നല്‍കിയത്. എറണാകുളം 12 കോടി ഒന്‍പതു ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ 11 കോടി 52 ലക്ഷം നല്‍കി. കൊല്ലം ജില്ലക്ക് 13 കോടി 92 ലക്ഷമാണ് വേണ്ടിയിരുന്നത്. എന്നാല്‍, അഞ്ചു കോടി 81 ലക്ഷം മാത്രമാണ് ലഭിച്ചത്. മലപ്പുറം ഒന്‍പതുകോടി 81 ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ രണ്ടു കോടി 66 ലക്ഷവും കോഴിക്കോട് ജില്ല 12 കോടി 60 ലക്ഷം ചോദിച്ചപ്പോള്‍ ഏഴു കോടി 40 ലക്ഷവും നല്‍കി.
സഹകരണ പ്രതിസന്ധി: അടിയന്തര നടപടി വേണമെന്ന് സുപ്രിംകോടതി
യു.എം മുഖ്താര്‍
ന്യൂഡല്‍ഹി: നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് സുപ്രിംകോടതി. പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ ചോദ്യംചെയ്ത് കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകള്‍ നല്‍കിയ ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി അതീവ ഗുരുതരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ കൂടുതലും ആശ്രയിക്കുന്നത് ഇത്തരം ബാങ്കുകളെയാണ്.
സാധാരണ ജനങ്ങള്‍ കഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. നോട്ട് പിന്‍വലിച്ച നടപടി സര്‍ക്കാരിന്റെ നയപരമായ തീരുമാനമായതിനാല്‍ ഇടപെടുന്നില്ല. ജനങ്ങളുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കണ്ടേ മതിയാകൂ. സഹകരണ പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ എന്തൊക്കെ നടപടി സ്വീകരിച്ചെന്നും ഇനി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുമെന്നും അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
സഹകരണ ബാങ്കുകളെ പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിക്കുന്നതില്‍നിന്ന് മാറ്റിനിര്‍ത്തിയത് മനപ്പൂര്‍വമെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി വിശദീകരിച്ചു. സഹകരണ മേഖലയെ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് ബാങ്കുകള്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ പി. ചിദംബരം പറഞ്ഞു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."