ഖത്തറില്‍ പുതിയ തൊഴില്‍ നിയമത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടു
ദോഹ: രാജ്യത്ത് ഈ മാസം 13ന് നിലവില്‍ വരുന്ന പുതിയ തൊഴില്‍ നിയമത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു.
വിദേശികളെ രാജ്യത്തേക്ക് ജോലിക്കു കൊണ്ടു വരുന്നതിനു മുമ്പു തന്നെ സേവന, വേതന വ്യവസ്ഥകള്‍ രേഖപ്പെടുത്തിയ തൊഴില്‍ കരാര്‍ ഉണ്ടാക്കിയിരിക്കണമെന്ന് പുതിയ നിയമം നിര്‍ദേശിക്കുന്നു.
തൊഴില്‍ കരാര്‍ സമര്‍പ്പിച്ചതിനു ശേഷം മാത്രമേ വിസ അനുവദിക്കൂ. തൊഴിലാളിക്ക് സ്വന്തം രാജ്യത്തുനിന്ന് പുറപ്പെടും മുമ്പു തന്നെ തൊഴില്‍ കരാറിലെ വ്യവസ്ഥകള്‍ അറിയാന്‍ സാധിക്കുമെന്നതാണ് ഇതു കൊണ്ടുള്ള ഗുണം.
ഖത്തറിലേക്കുള്ള വിദേശികളുടെ വരവ്, തരിച്ചു പോക്ക്, താമസം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന നിയമം ഭേദഗതി ചെയ്ത് കഴിഞ്ഞ വര്‍ഷം അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അംഗീകരിച്ച നിയമമാണ് 13ന് പ്രാബല്യത്തില്‍ വരുന്നത്. പ്രധാനമായും സ്‌പോണ്‍സര്‍ഷിപ്പ് (കഫാല) രീതി മാറി തൊഴില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള തൊഴിലാളി, തൊഴിലുടമ സംവിധാനം നിലവില്‍ വരുന്നു എന്നതാണ് നിയമത്തിലെ പരിഷ്‌കരണമെന്ന് സര്‍ക്കാര്‍ വിജ്ഞാപനം വ്യഖ്യാനിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
അഡ്മിനിസ്‌ട്രേറ്റീവ് ഡവലപ്‌മെന്റ്, ലേബര്‍ ആന്‍ഡ് സോഷ്യല്‍ മന്ത്രാലയം അംഗീകരിച്ച തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇനി പുതിയ തൊഴില്‍ വിസകള്‍ അംഗീകരിക്കൂ എന്ന വ്യവസ്ഥ തൊഴില്‍ റിക്രൂട്ട്‌മെന്റ് ചൂഷണങ്ങള്‍ ഇല്ലായ്മ ചെയ്യും.
തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാക്കുന്ന വിദേശ തൊഴിലാളിക്ക് ഒരു കമ്പനിയില്‍നിന്നും മറ്റൊരു കമ്പനിയിലേക്ക് സ്വന്തം ഇഷ്ടപ്രകാരം തൊഴില്‍ മാറുന്നതിന് നിയമം അനുമതി നല്‍കുന്നു.
ഒരു സ്ഥാപനത്തിലെ ജോലി അവസാനിപ്പിച്ചാല്‍ പുതിയ തൊഴില്‍ വിസ ലഭിക്കാന്‍ നേരത്തേ ജോലി ചെയ്ത കമ്പനിയുടെ സമ്മതമില്ലെങ്കില്‍ രണ്ടു വര്‍ഷം കാത്തിരിക്കണമെന്ന നിബന്ധനയാണ് ഇതോടെ ഇല്ലാതാകുന്നത്.
എന്നാല്‍ കാലാവധി നിശ്ചയിക്കാതെ തുറന്ന തൊഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷം പൂര്‍ത്തിയായാലേ ജോലി മാറാന്‍ സാധിക്കൂ. അഥവാ കാലാവധി രേഖപ്പെടുത്താത്ത തൊഴില്‍ കരാറുകളുടെ പരമാവധി കാലയളവ് അഞ്ചു വര്‍ഷമായിരിക്കും.
തൊഴില്‍ കരാര്‍ കാലാവധി കഴിഞ്ഞ് ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രേഖാമൂലം തൊഴിലുടമയെ ഇക്കാര്യം അറിയിക്കണം. തൊഴില്‍ മാറുന്ന വിദേശികള്‍ക്ക് പുതിയ കമ്പനികളില്‍ വിസ ലഭിക്കുന്നതിന് തൊഴില്‍ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയും ആവശ്യമുണ്ട്.
പുതിയ നിയമം അനുസരിച്ച് ഒരു ജീവനക്കാരന്റെ സര്‍വീസ് കാലയളവ് കണക്കാക്കുന്നത് അയാള്‍ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ച അന്നു തൊട്ടാണ്. 2015ലെ 21-ാം നമ്പര്‍ നിയമം നിലവില്‍ വരുന്നതിന് മുമ്പ് ജോലി ചെയ്ത ദിവസങ്ങളും ഇതില്‍ ഉള്‍പ്പെടും.
തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് തൊഴില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് കമ്പനിയില്‍നിന്ന് അനുമതി തേടാവുന്നതാണ്. അനുമതി ലഭിച്ചാല്‍ മന്ത്രാലയത്തിന്റെ അഗീകാരത്തോടെ പുതിയ ജോലിയില്‍ പ്രവേശിക്കം. അതേസമയം ഒരു ജീവനക്കാരനെ സ്ഥാപനം ചൂഷണം ചെയ്യുകയോ നിയമവിരുദ്ധമായി ഉപയോഗിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അയാള്‍ക്ക് തൊഴില്‍ മാറ്റം ആവശ്യപ്പെട്ട് മന്ത്രാലയത്തെ സമീപിക്കാം.
ഒരു വിദേശി ജോലി ഒഴിവായി രാജ്യത്തുനിന്നു പുറത്തു പോകുന്നതോടെ അയാളുടെ ജോലിയും റസിഡന്റ് പെര്‍മിറ്റും റദ്ദാക്കപ്പെടും. പുതിയ വിസയില്‍ അദ്ദേഹത്തിന് വളരെ വേഗം തന്നെ തിരിച്ചു വരാനും നിയമം അനുമതി നല്‍കുന്നു.
എന്നാല്‍ നേരത്തേ ജോലി ചെയ്ത സ്ഥാനപത്തില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ക്ക് വിസ നിഷേധിക്കും.
ഒരു കമ്പനിയില്‍ ജോലി അവസാനിപ്പിക്കുന്ന തൊഴിലാളിക്ക് പുതിയ ജോലി അന്വേഷിക്കുന്നതിന് മൂന്നു മാസം വരെ സാവകാശം നല്‍കുന്നതിനും നയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഇത് മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അനുവദിക്കപ്പെടുക.
പുതിയ ജോലി കണ്ടെത്തിയാല്‍ മന്ത്രാലയത്തില്‍ പുതിയ തൊഴില്‍ കരാര്‍ കാണിച്ച് വിസ മാറ്റം നടത്താം. നിശ്ചിത സമയത്തിനകം ജോലി കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ നിര്‍ബന്ധമായും വിദേശികള്‍ രാജ്യത്തു നിന്നു പുറത്തു പോയിരിക്കണം.
ജീവനക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ സ്ഥാപനങ്ങള്‍ കൈവശം വയ്ക്കരുതെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നു. പാസ്‌പോര്‍ട്ട് പിടിച്ചു വച്ചതായി കണ്ടെത്തിയാല്‍ ഒരാളുടെതിന് 25,000 റിയാല്‍ വീതമാണ് പിഴ ചുമത്തുക. പാസ്‌പോര്‍ട്ട് കൈവശം വയ്ക്കുന്നതിന് ചുമത്തപ്പെടുന്ന ഗള്‍ഫിലെ ഉയര്‍ന്ന പിഴയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."