ഓട്ടോ തൊഴിലാളി യൂനിയനുകള്‍ മേയര്‍ക്കു നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു
കണ്ണൂര്‍: കൂടുതല്‍ ഓട്ടോറിക്ഷകള്‍ക്ക് കെ.എം.സി നമ്പര്‍ നല്‍കുന്ന വിഷയത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളി യൂനിയനുകള്‍ മേയര്‍ക്കു നിര്‍ദേശം സമര്‍പ്പിച്ചു.
നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കണമെന്ന മേയറുടെയും ആര്‍.ടി.ഒയുടെയും നിര്‍ദേശത്തെ തുടര്‍ന്നാണ് ഇന്നലെ വിവിധ തൊഴിലാളി യൂനിയനുകള്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. കെ.എം.സി നമ്പറിനെ ചൊല്ലി ഓട്ടോറിക്ഷാ തൊഴിലാളികള്‍ തമ്മില്‍ നടക്കുന്ന തര്‍ക്കം പരിഹരിക്കുന്നതിനായി കഴിഞ്ഞ 30നു മേയറുടെ അധ്യക്ഷതയില്‍ ആര്‍.ടി.ഒ, ഓട്ടോറിക്ഷാ തൊഴിലാളി യൂനിയന്‍ നേതാക്കള്‍, ട്രാഫിക് പൊലിസ് എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു. അന്നു നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഈ യോഗത്തിലാണ് കെ.എം.സി നമ്പര്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി തൊഴിലാളി യൂനിയനുകള്‍ നിര്‍ദേശങ്ങള്‍ രേഖാമൂലം മൂന്നു ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് മേയര്‍ ആവശ്യപ്പെട്ടത്.
കോര്‍പറേഷന്‍ രൂപീകരിക്കുമ്പോള്‍ കണ്ണൂര്‍ നഗരസഭയോടു കൂട്ടിയോജിപ്പിച്ച നാലു പഞ്ചായത്തുകളില്‍ പാര്‍ക്കു ചെയ്ത് സര്‍വിസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കു കൂടി കെ.എം.സി നമ്പര്‍ നല്‍കണമെന്നാണ് ഒരുവിഭാഗം ഓട്ടോ തൊഴിലാളികളുടെ ആവശ്യം. എന്നാല്‍ നേരത്തെ കെ.എം.സി നമ്പര്‍ ലഭിച്ച ഓട്ടോറിക്ഷകള്‍ക്കല്ലാതെ കൂടുതല്‍ ഓട്ടോറിക്ഷകള്‍ക്കു കെ.എം.സി നമ്പര്‍ നല്‍കരുതെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. തൊഴിലാളി യൂനിയന്‍ നേതൃത്വത്തിനാണെങ്കില്‍ എല്ലാ സ്ഥലത്തും യൂനിയന്‍ പ്രവര്‍ത്തകര്‍ ഉള്ളതിനാല്‍ കൃത്യമായ നിലപാടെടുക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്.
അതേ സമയം തന്നെ കോര്‍പറേഷന്‍ പരിധിയില്‍പ്പെടാത്ത പുതിയതെരു അടക്കമുള്ള സ്ഥലങ്ങളിലെ ഓട്ടോറിക്ഷകള്‍ക്കും കെ.എം.സി നമ്പര്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ഓട്ടോറിക്ഷാ തൊഴിലാളികളും അവകാശവാദവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ വിഷയത്തില്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി കണ്ണൂര്‍ നഗരത്തില്‍ ഓട്ടോ തൊഴിലാളികള്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."