കള്ളപ്പണനിവാരണം: ഒറ്റമൂലി മതിയോ
ഇന്ത്യന്‍ സമ്പദ്ഘടനയെബാധിച്ച അര്‍ബുദമായി കള്ളപ്പണത്തെ നമുക്കു കാണാം. ആഗോളസമ്പദ്‌സ്രോതസ്സിനെയും ഇതു കാലാകാലങ്ങളായി വന്‍തോതില്‍ കാര്‍ന്നുതിന്നുന്നുണ്ട്. സാംക്രമികരോഗങ്ങളുടെ കാര്യത്തിലെന്നപോലെ ഇതിന്റെ വ്യാപനത്തിലും രാഷ്ട്രങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നു മാത്രം.
ഈ രോഗചികിത്സയ്ക്കായി വിവിധ രാജ്യങ്ങളില്‍ പരീക്ഷിച്ച പല മാര്‍ഗങ്ങളില്‍ ഒന്നുമാത്രമാണു കറന്‍സി അസാധുവാക്കല്‍. നരേന്ദ്രമോദിഭക്തര്‍ അവകാശപ്പെടുന്നപോലെ ഒരു അര്‍ധരാത്രിയില്‍ മോദിക്കു വെളിപാടിലൂടെ കൈവന്ന ഒറ്റമൂലി വരദാനമൊന്നുമല്ല അത്.
പാകിസ്താനില്‍മാത്രമല്ല, അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും കാനഡയിലും ആസ്‌ത്രേലിയയിലും കൊറിയയിലും ഇന്ത്യയില്‍ത്തന്നെ മുന്‍ സര്‍ക്കാരുകളുടെ കാലത്തും കറന്‍സി അസാധുവാക്കല്‍ നടപ്പാക്കിയിട്ടുണ്ട്. അക്കാലത്ത്, പാര്‍ശ്വഫലംഭയന്ന് പുനര്‍വിചിന്തനത്തോടെയും ക്ഷമയോടെയും ഘട്ടംഘട്ടമായി, അര്‍ബുദചികിത്സയില്‍ കീമോതെറാപ്പി മരുന്നുപയോഗിക്കുമ്പോഴുള്ള സൂക്ഷ്മത പുലര്‍ത്തിയാണ്, ഇതു നടപ്പാക്കിയിരുന്നത്.
കീമോതെറാപ്പി മരുന്നുകള്‍ ഇടവേള നല്‍കാതെ ഒരു രോഗിയില്‍, അധികരിച്ച ഡോസില്‍ ഒറ്റമൂലിയായി ഒരു അര്‍ധരാത്രിയില്‍ പ്രയോഗിച്ചാല്‍ എന്താകും ഫലം. തല്‍ക്കാലം എല്ലാ അര്‍ബുദകോശങ്ങളെയും അതു കൊന്നൊടുക്കുമെന്നു നിസ്സംശയം പ്രതീക്ഷിക്കാം. പക്ഷേ, രോഗി പൊടുന്നനെ തന്നെ അവശനായി ഊര്‍ദ്ധ്വന്‍വലിച്ചു കിടന്നുപോകും.
വേണ്ടത്ര മുന്‍കരുതലോ ഊര്‍ജ്വസ്വലമായ പകരം സംവിധാനമോ ഒന്നുമില്ലാതെ ഒരു അര്‍ധരാത്രിയില്‍ കറന്‍സി പിന്‍വലിക്കലെന്ന 'കീമോ ഒറ്റമൂലി' മൂലം ഇന്ത്യന്‍ സമ്പദ്ഘടനയെയും ബഹുഭൂരിപക്ഷം വരുന്ന സാധാരണജനങ്ങളെയും മൃതപ്രായരാക്കി ചക്രശ്വാസം വലിപ്പിക്കാന്‍ മോദി സര്‍ക്കാരിനു കഴിഞ്ഞുവെന്നതാണു പരമാര്‍ഥം. ഒരര്‍ഥത്തില്‍, എലിയെപ്പേടിച്ച് ഇല്ലം ചുടുന്നെന്ന പഴമൊഴിയുടെ സാധൂകരണം!
ഏതൊരു രോഗചികിത്സാക്രമത്തിലും ഏറെ പ്രഹരശേഷിയുള്ള മരുന്നുപ്രയോഗത്തേക്കാള്‍ പ്രാധാന്യം പ്രതിരോധപ്രവര്‍ത്തനത്തിന്റെ ആസൂത്രണത്തിനും നിര്‍വഹണത്തിനും തന്നെയാണ്. ഈ കാഴ്ചപ്പാടിലൂടെ കള്ളപ്പണനിര്‍മാര്‍ജന ശ്രമങ്ങളെ നോക്കിക്കണ്ടാല്‍ മോദിസര്‍ക്കാറിന്റെ നേട്ടത്തെക്കുറിച്ചുള്ള അവകാശവാദത്തിനു കൊടുക്കാവുന്ന മാര്‍ക്ക് വട്ടപ്പൂജ്യത്തിലൊതുങ്ങും.
അസാധുവാക്കിയ നോട്ടുകള്‍ക്കു പകരംവന്ന പുതിയ നോട്ടുകളുടെ കള്ളനോട്ടുകള്‍ പിറ്റേന്നുമുതല്‍ അച്ചടിച്ചു തുടങ്ങിയിട്ടില്ലെന്ന് ആരുകണ്ടു. അത്തരം കുറേ വ്യാജനോട്ടുകള്‍ ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍നിന്നു പിടികൂടുകയും ചെയ്തല്ലോ. വ്യാജനോട്ടുകളുടെ വ്യാപനം പ്രതിരോധിക്കാന്‍ നമുക്ക് എന്തൊക്കെ ചെയ്യാന്‍കഴിയുമായിരുന്നു. സര്‍ക്കാര്‍തലത്തില്‍ സൂക്ഷ്മതയുള്ള കള്ളനോട്ട് നിര്‍ണയ മെഷീനുകള്‍ നിര്‍മിച്ചു സബ്‌സിഡിയോടെ എല്ലാ വ്യാപാരസ്ഥാപനങ്ങളിലെയും ക്രയവിക്രയങ്ങളില്‍ നിര്‍ബന്ധമാക്കിയാല്‍ പരിഹരിക്കാന്‍ കഴിയുമായിരുന്നില്ലേ ഈ പ്രശ്‌നം.
ആയിരത്തില്‍ കൂടുതല്‍ തുകയ്ക്കുള്ള വിനിമയങ്ങളും വ്യാപാരസ്ഥാപനങ്ങളിലും സര്‍ക്കാര്‍സ്ഥാപനങ്ങളിലുമുള്ള നോട്ടുകളുടെ ക്രയവിക്രയങ്ങളും സര്‍ക്കാര്‍ അംഗീകൃത കൗണ്ടിങ്് മെഷീനിലൂടെ സ്‌കാന്‍ ചെയ്ത് എണ്ണിയ നോട്ടുകൊണ്ടേ നടത്താവൂവെന്ന നിയമം സമയാധിഷ്ടിതമായി നടപ്പാക്കാമായിരുന്നില്ലേ. പുതിയ സോഫ്റ്റ് വെയറിലൂടെ സാധാരണക്കാരനു തെല്ലും ബുദ്ധിമുട്ടുണ്ടാക്കാതെ ഇതു നടപ്പാക്കാമായിരുന്നല്ലോ.
ബില്ല് പ്രിന്റ് ചെയ്യുന്നതിനു മുന്‍പ് നോട്ടിന്റെ ഔദ്യോഗികത ഉറപ്പുവരുത്താന്‍ കൗണ്ടിങ് മെഷീന്‍ വഴി സുതാര്യമാക്കിയവകൊണ്ടേ അതു സാധ്യമാക്കാന്‍ പറ്റൂ എന്ന വിധത്തിലുള്ള സോഫ് റ്റ്‌വെയര്‍ രൂപകല്‍പ്പന നടത്തി വ്യാപാരസ്ഥാപനങ്ങളില്‍ നിര്‍ബന്ധമാക്കുകയൊക്കെ ചെയ്യാവുന്ന കാര്യങ്ങളാണ്.
ഓട്ടോറിക്ഷാക്കാര്‍ക്കു മീറ്റര്‍ നിര്‍ബന്ധമാക്കിയ ശുഷ്‌കാന്തിയും ആത്മാര്‍ഥതയും മാത്രം കൊണ്ടു വിവിധ സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തി ഇതു ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപ്പാക്കിയാല്‍ നിത്യേനയുള്ള ക്രയവിക്രയങ്ങളില്‍നിന്നു കള്ളനോട്ടു വിമുക്തമായ നല്ല നാളെയെ നമുക്കു സ്വപ്നമല്ലാതെ യാഥാര്‍ഥ്യമാക്കാവുന്നതേയുള്ളു.
(കിംസ് ഹോസ്പിറ്റലിലെ ഓണററി സീനിയര്‍ കണ്‍സള്‍ട്ടന്റ് സര്‍ജനാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."