400ല്‍ ഉഷ സ്‌കൂളിനു ഗോള്‍ഡന്‍ ട്രിപ്പിള്‍
തേഞ്ഞിപ്പലം: ഒറ്റ ലാപ്പിന്റെ ട്രാക്കില്‍ അഞ്ചു വര്‍ഷത്തിനു ശേഷം ഒളിംപ്യന്‍ പി.ടി ഉഷയുടെ ശിഷ്യര്‍ക്ക് ഗോള്‍ഡന്‍ ട്രിപ്പിള്‍. ആദ്യ ദിനത്തിലെ ഗ്ലാമര്‍ പോരാട്ടം നടന്ന 400 മീറ്ററിലായിരുന്നു സുവര്‍ണ നേട്ടം. പെണ്‍കുട്ടികളുടെ സബ് ജൂനിയറില്‍ എല്‍ഗ തോമസ്, ജൂനിയറില്‍ കെ.ടി സൂര്യാമോള്‍, സീനിയറില്‍ അബിത മേരി മാനുവല്‍ എന്നിവരിലൂടെയയിരുന്നു ഉഷ സ്‌കൂള്‍ വീണ്ടും നേട്ടങ്ങളുടെ നെറുകയിലേക്ക് ഓടിക്കയറിയത്. മൂവരും കോഴിക്കോട് പൂവമ്പായ് എ.എം. എച്ച്.എസ്.എസ് വിദ്യാര്‍ഥിനികളാണ്. സബ്ജൂനിയറില്‍ സ്വര്‍ണ കുതിപ്പ് നടത്തിയ എല്‍ഗ ഒരു മിനുട്ട്് 01.23 സെക്കന്റില്‍ ഫിനിഷ് ചെയ്തു.
വയനാട് മാനന്തവാടി അഞ്ചാംമൈല്‍ കപ്യാരുമലയില്‍ തോമസ്-ബിന്ദു ദമ്പതികളുടെ മകളായ എട്ടാം ക്ലാസുകാരിയായ എല്‍ഗയുടെ സംസ്ഥാന കായികോത്സവത്തിലെ ആദ്യ സ്വര്‍ണ നേട്ടമായിരുന്നു ഇത്. മലപ്പുറത്തിന്റെ എം.പി ലിജ്‌ന ഉയര്‍ത്തിയ വെല്ലുവിളി മറികടന്നായിരുന്നു എല്‍ഗ സ്വര്‍ണത്തിലേക്ക് ഓടിക്കയറിയത്. എല്‍ഗ ഇനി 100, 200 മീറ്ററുകളിലും ഓടാനിറങ്ങും.
ജൂനിയര്‍ വിഭാഗത്തില്‍ കെ.ടി സൂര്യാമോളിലൂടെ ഉഷ സ്‌കൂള്‍ രണ്ടാം സ്വര്‍ണം നേടി. കഴിഞ്ഞ ദേശീയ മീറ്റില്‍ ഒന്നാമതായിരുന്ന സൂര്യാമോള്‍ 57.47 സെക്കന്റിലാണ് ഇന്നലെ സ്വര്‍ണ നേട്ടം കൈവരിച്ചത്. അഞ്ചു വര്‍ഷം പിന്നിടുന്നു പി.ടി ഉഷയുടെ കീഴില്‍ പരിശീലനം തുടങ്ങിയിട്ട്.
ഒളിംപ്യന്‍ മേഴ്‌സിക്കുട്ടന്റെ ശിഷ്യ ഗൗരി നന്ദന വെള്ളി നേടി. മലപ്പുറം അങ്ങാടിപ്പുറം തോട്ടുങ്കല്‍ സുബ്രഹ്മണ്യന്റെയും രജനിയുടെയും മകളായ സൂര്യാമോള്‍ ഇനി 100, 200 മീറ്ററുകളിലും ട്രാക്കിലിറങ്ങും.
മൂന്നാം സ്വര്‍ണം രാജ്യാന്തര താരം അബിത മേരി മാനുവലാണ് സമ്മാനിച്ചത്. ആദ്യമായി 400 മീറ്റില്‍ പോരിനിറങ്ങിയ അബിത 56.02 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ട്രിപ്പിള്‍ സ്വര്‍ണത്തിലൂടെ ഉഷ സ്‌കൂളിനു കൂടുതല്‍ തിളക്കം സമ്മാനിച്ചത്. 800, 1500 മീറ്റുകളില്‍ പതിവായി ട്രാക്കിലിറങ്ങുന്ന അബിത 400 ലും അനായാസ വിജയമാണ് നേടിയത്. എറണാകുളത്തിന്റെ വി.കെ ശാലിനി വെള്ളി നേടി. കോമണ്‍വെല്‍ത്ത് യൂത്ത് മീറ്റില്‍ 800 മീറ്ററില്‍ വെങ്കലം നേടിയ അബിതയെ ഭാവിയില്‍ 400 മീറ്റിലും മത്സരിപ്പിക്കാനാണ് പി.ടി ഉഷ ലക്ഷ്യമിടുന്നത്. കോഴിക്കോട് കല്ലാനോട് അകമ്പടിയില്‍ മാനുവലിന്റെയും ബീനയുടെയും മകളാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ അബിത.
ഇനി 800, 1500 മീറ്ററുകളിലും സ്വര്‍ണം തേടി അബിത ഇറങ്ങുന്നുണ്ട്. തിരുവല്ലയില്‍ 2010 നടന്ന സ്‌കൂള്‍ കായികമേളയില്‍ ആണ് ആദ്യമായി ഉഷയുടെ ശിഷ്യകള്‍ ഗോള്‍ഡന്‍ ട്രിപ്പിള്‍ നേടിയത്. സബ്ജൂനിയറില്‍ സൗപര്‍ണിക, ജൂനിയറില്‍ അഞ്ജു വര്‍ഗീസ്, സീനിയറില്‍ അശ്വതി മോഹന്‍ എന്നിവരായിരുന്നു അന്നത്തെ സ്വര്‍ണ കൊയ്ത്തുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."