യു.ഡി.എഫ് പറഞ്ഞ എല്ലാ കാര്യങ്ങളും ചെയ്തു ചെന്നിത്തലയുടെ വിമര്‍ശം കോണ്‍ഗ്രസ് അപ്രസക്തമാകുന്നതിനാല്: മന്ത്രി ഐസക്
ന്യൂഡല്‍ഹി: കേരളത്തിലെ ശമ്പള പ്രതിസന്ധിക്കു സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ പ്രതിപക്ഷനേതാവിനെതിരേ നിശിത വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്.
സംസ്ഥാനത്തു കോണ്‍ഗ്രസ് അപ്രസക്തമാകുന്നതിന്റെ ജാള്യത മറയ്ക്കാനാണു ചെന്നിത്തല ഇപ്പോള്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഐസക് കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ ബി ടീമായി കോണ്‍ഗ്രസ് മാറിയെന്നും അവരുടെ ശബ്ദമാണു ചെന്നിത്തലയ്ക്കെന്നും അദ്ദേഹം ആരോപിച്ചു.
നോട്ട് നിരോധനത്തിലും മറ്റ് പ്രശ്നങ്ങളിലും ആരും കോണ്‍ഗ്രസിനേയോ ചെന്നിത്തലയേയോ ശ്രദ്ധിക്കുന്നില്ല. സംസ്ഥാനം നേരിടുന്ന വിഷയങ്ങളില്‍ എന്താണു പ്രതിപക്ഷ നേതാവിന്റെ അഭിപ്രായമെന്നുപോലും ആരും ചോദിക്കുന്നില്ല. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസുകാരെ കാണാനേയില്ല.
ഇങ്ങനെ തീര്‍ത്തും അപ്രസക്തനായി പോയതിന്റെ ജാള്യത മറക്കാന്‍ വേണ്ടിയാണു ചെന്നിത്തല സര്‍ക്കാരിനെ കുറ്റപ്പെടുത്തിയതെന്നും ഐസക് ആരോപിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു കോണ്‍ഗ്രസ് ബി.ജെ.പിയെപ്പോലെ പെരുമാറുകയാണ്. നോട്ട് നിരോധനവിഷയത്തില് സര്‍ക്കാരിനൊപ്പം ഒന്നിച്ചു സമരംചെയ്യാന്‍ പ്രതിപക്ഷം ഉണ്ടായിരുന്നു.
അവര്‍ സര്‍ക്കാരിനോടു പറഞ്ഞ എല്ലാ കാര്യങ്ങളും തങ്ങള്‍ ചെയ്തിട്ടുണ്ട്. അവര്‍ നിര്‍ദേശിച്ചതില്‍ ഏതു കാര്യമാണു വീഴ്ചവരുത്തിയതെന്നു ചെന്നിത്തല വ്യക്തമാക്കണം. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന് ഒന്നിലധികം തവണ കത്തെഴുതി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെ സാഹചര്യംപോലും അന്വേഷിക്കാതെയാണ് അദ്ദേഹം അസംബന്ധം പറയുന്നതെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."