ജി.സി.സി സുപ്രിംകൗണ്‍സില്‍ ഉച്ചകോടി ചൊവ്വാഴ്ച മുതല്‍ ബഹ്‌റൈനില്‍
മനാമ: ജി.സി.സി സുപ്രിംകൗണ്‍സില്‍ ഉച്ചകോടി ചൊവ്വാഴ്ച മുതല്‍ ബഹ്‌റൈനില്‍ ആരംഭിക്കും. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയില്‍ എല്ലാ അംഗ രാഷ്ട്രങ്ങളുടെയും പുരോഗതിയും വളര്‍ച്ചയും ചര്‍ച്ച ചെയ്യുമെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് സയാനി വിശദീകരിച്ചു.
ഗള്‍ഫ് മേഖലയിലെ രാഷ്ട്രീയം, പ്രതിരോധം, സുരക്ഷ, സാമ്പത്തികം, സാമൂഹികം തുടങ്ങി വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുപ്പത്തിഏഴാമത് ഉച്ചകോടിയാണ് ഡിസംബര്‍ 6, 7 തീയതികളില്‍ ബഹ്‌റൈനില്‍ നടക്കുന്നത്. അറബ് മേഖലയിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് ജി.സി.സി സമ്മേളനം ഇപ്പോള്‍ ബഹ്‌റൈനില്‍ നടക്കുന്നതിലും ഏറെ പ്രാധാന്യമുണ്ട്.
ജി.സി.സി രാജ്യങ്ങള്‍ തമ്മില്‍ നിലവിലുള്ള രാഷ്ട്രീയ, സുരക്ഷ, സൈനിക സഹകരണം കൂടുതല്‍ മികച്ച തലത്തിലേക്ക് ഉയര്‍ത്തുന്നതിന് മുന്തിയ പരിഗണനയാണ് ഉച്ചകോടിയില്‍ നല്‍കുക.
ഉച്ചകോടിയില്‍ പ്രാദേശിക പ്രശ്‌നങ്ങള്‍, ജി.സി.സി രാജ്യങ്ങളും ലോക രാഷ്ട്രങ്ങളും തമ്മിലെ ബന്ധം, ഭീകരതാ വിരുദ്ധ പോരാട്ടം തുടങ്ങിയവയും ചര്‍ച്ചയാകും. യെമനില്‍ രാഷ്ട്രീയ പരിഹാരമാണ് ജി.സി.സി എപ്പോഴും പരിഗണിക്കുന്നതെന്നും സെക്രട്ടറി ജനറല്‍ വ്യക്തമാക്കി.
എണ്ണ ഉല്‍പാദനം കുറയ്ക്കുന്നത് സംബന്ധിച്ച സൗദി അറേബ്യ റഷ്യ കരാര്‍ ആഗോള എണ്ണ വിപണിയുടെ സ്ഥിരതയ്‌ക്കൊപ്പം ഉല്‍പാദക ഉപഭോക്തൃ രാജ്യങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതുമാണ്. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജി.സി.സി യു.എസ് ബന്ധവും ചൂണ്ടിക്കാട്ടിയ സെക്രട്ടറി ജനറല്‍ മേഖലയുടെ സമാധാനം ശക്തമാക്കുന്നതിനുള്ള കരാറില്‍ അമേരിക്കയുമായി ഒപ്പുവെച്ചിട്ടുള്ളതാണെന്നും ഇത് മേഖലയിലെ സമാധാനത്തിന് ഏറെ ഗുണകരമായി ഭവിച്ചിട്ടുണ്ടെന്നും പറഞ്ഞു.
സുരക്ഷ നിലനിര്‍ത്തുന്നതിനും ഭീകരവാദം തടയുന്നതിനും ബഹ്‌റൈനിന് ജി.സി.സി പിന്തുണ തുടരുമെന്നും സെക്രട്ടറി ജനറല്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം റിയാദില്‍ സമാപിച്ച 36 മത് ഉച്ചകോടിയുടെ സമാപന വേദിയില്‍ വെച്ചാണ് 2016 ലെ ഉച്ചകോടി ബഹ്‌റൈനിലാണെന്ന പ്രഖ്യാപനമുണ്ടായത്.
ജിസിസി അംഗ രാഷ്ട്രങ്ങളായ സഊദി അറേബ്യ, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ നേതാക്കളാണ് ഉച്ചകോടിയില്‍ സംബന്ധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."