സ്‌കൂള്‍ കായികോത്സവം :ആഘോഷം, ആവേശം...
തേഞ്ഞിപ്പലം: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ മലപ്പുറത്തെ പൊന്നണിയിച്ച് കെ.എം.എന്‍.എസ്.എസ് അതളൂര്‍ സ്‌കൂളിലെ ടി. ശ്രീരാഗ്. മലപ്പുറത്തെത്തിയ കായികോത്സവം ശ്രീരാഗ് അവിസ്മരണീയമാക്കുകയായിരുന്നു.
ജില്ല കായികോത്സവത്തില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ 100, 200 ഓട്ടം, 80 മീറ്റര്‍ ഹര്‍ഡില്‍സ് എന്നീ ഇനങ്ങളില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടുകയും ഗ്രൂപ്പ് ചാംപ്യനാകുകയും ചെയ്തിരുന്നു. എട്ടാം തരത്തില്‍ പഠിക്കുന്ന ശ്രീരാഗിന്റെ പരിശീലനം തവനൂര്‍ ഡയറ സ്‌പോര്‍ട്‌സ് അക്കാദമിയിലാണ്. എം.വി അജയന്‍ കടകശ്ശേരിയുടെ പരിശീലനമാണ് ഈ കുതിപ്പിനു പിന്നിലെ ശക്തി.ശ്രീരാഗിന്റെ ഇന്നു നടക്കുന്ന സബ് ജൂനിയര്‍ 80 മീറ്റര്‍ ഹര്‍ഡില്‍സിലും നാളെ നടക്കുന്ന 200 മീറ്ററിലും സ്വര്‍ണ പ്രതീക്ഷയിലാണ് മലപ്പുറം.
പിതാവ് ഓട്ടോ ഡ്രൈവരായ ശ്രീനിവാസനും അമ്മ സ്മിതയും സഹോദരി ശ്രുതിയും ഏറെ സന്തോഷത്തിലാണ്. കലോത്സവത്തില്‍ 16 പോയിന്റാണ് ഇപ്പോള്‍ മലപ്പുറത്തിനുള്ളത്. ഐഡിയല്‍ താരങ്ങളുടെ സബ് ജൂനിയര്‍ ഗേള്‍സ് 600, സീനിയര്‍ ബോയ്‌സ് ഹൈജംപ്, സീനിയര്‍ ബോയ്‌സ് ജാവലിങ് ത്രോ എന്നിവയിലും സീനിയര്‍ ഗേള്‍സ് ഹാമര്‍ ത്രോ, സീനിയര്‍ ബോയ്‌സ് 110 ഹഡില്‍സ്, സീനിയര്‍ ഗേള്‍സ് ഹൈജംപ് എന്നീ ഇനങ്ങളിലും മലപ്പുറത്തിന് മെഡല്‍ പ്രതീക്ഷയുണ്ട്. ഇന്നലത്തെ മറ്റൊരു ജില്ലയുടെ വെങ്കലം നേടിയ താരം ഐഡിയല്‍ കടകശ്ശേരിയുടെ ജൂനിയര്‍ പെണ്‍ താരം (ലോങ്ങ് ജംപ്) പ്രഭാവതി പി.എസ് ആണ്.
'ഒരു നിമിഷം!'
തേഞ്ഞിപ്പലം: സംസ്ഥാന കായികോത്സവം നടക്കുന്ന കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തിലും ട്രാഫിക് പൊലിസിന്റെ ബോധവല്‍ക്കരണ ഫോട്ടോ പ്രദര്‍ശനം. പ്രധാന സ്റ്റേഡിയത്തിലേക്കു പ്രവേശിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപമാണ് തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനിലെ ട്രാഫിക് യൂനിറ്റ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
റോഡപകടങ്ങളുടെ ദാരുണാവസ്ഥ വ്യക്തമാക്കുന്ന ഫോട്ടോകളും ജാഗ്രതാ മുന്നറിയിപ്പുകളുമാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രദര്‍ശനത്തിനു പുറമേ പൊലിസ് സഹായത്തോടെ സ്റ്റേഡിയത്തില്‍ ട്രോമാകെയര്‍ വളണ്ടിയര്‍മാരുടെ സേവനവുമുണ്ട്.
അനൗണ്‍സ്‌മെന്റില്‍ പത്താം വര്‍ഷവും ശ്രീയും ഗ്രിസില്‍ഡയും തന്നെ
തേഞ്ഞിപ്പലം: പത്താം തവണയും സംസ്ഥാന കായികോത്സവത്തില്‍ ശ്രീകുമാരന്‍ നായരും ഗ്രിസില്‍ഡാ സേവ്യറും ശബ്ദതാരങ്ങള്‍. ഇവര്‍ രണ്ടു പേരുമാണ് മേളയുടെ ഔദ്യോഗിക അറിയിപ്പുകളും മത്സരഫലങ്ങളും കൃത്യമായി മറ്റുള്ളവരിലേക്ക് എത്തിക്കുന്നത്.
തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയും കായികതാരവും ബിസിനസുകാരനുമായ ശ്രീകുമാരന്‍ നായരുടെ പിറന്നാള്‍ ആഘോഷവും ഇത്തവണ കായികോത്സവ വേദിയിലാണ്. കബഡിയും ഗുസ്തിയുമാണ് ശ്രീയുടെ ഐറ്റങ്ങള്‍. ക്രിക്കറ്റ്, കബഡി എന്നീ ഇനങ്ങളില്‍ ഒഫീഷ്യലായി പ്രവര്‍ത്തിച്ച ശ്രീകുമാരന്‍ നായര്‍ തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറികൂടിയാണ്.
29 വര്‍ഷമായി സ്‌പോട്‌സ് മത്സരവേദികളില്‍ ഇദ്ദേഹവും ശബ്ദവും സ്ഥിരസാന്നിധ്യമാണ്. 2011 മുതല്‍ പ്രവാസി മലയാളികള്‍ക്കുവേണ്ടി യു.എ.ഇ അജ്മാനില്‍ ഗോള്‍ഡ് എഫ്.എമ്മില്‍ മലയാളത്തില്‍ ക്രിക്കറ്റ് കമന്ററി നടത്തിവരുന്നതും ഇദ്ദേഹമാണ്. തിരുവനന്തപുരം വി.കെ വിശ്വനാഥനാണ് ശ്രീയുടെ ഗുരു.
ആലപ്പുഴ കാട്ടൂര്‍ ഹോളി ഫാമിലി എച്ച് സ്‌കൂളിലെ അധ്യാപികയായ ഗ്രീസില്‍ഡാ കെ. സേവ്യറും ശ്രീകുമാരന്‍ നായര്‍ക്കൊപ്പം ഒന്നിച്ചാണ് അനൗണ്‍സിങ് രംഗത്ത്. മികച്ച അത്‌ലറ്റ് കൂടിയായ വിശ്വനാഥന്‍ മാഷിന്റെ ശബ്ദം അനുകരിക്കാനുള്ള സ്വപ്നമാണ് 10 വര്‍ഷമായി സാക്ഷാല്‍ക്കരിക്കുന്നതെന്ന് ഗ്രീസില്‍ഡ പറയുന്നു. കണ്ണൂരില്‍ നടന്ന നാഷണല്‍ റസലിങ്, കോഴിക്കോട് നടന്ന നാഷണല്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് എന്നിവയിലും മുഴങ്ങിക്കേട്ടത് ഇവരുടെ ശബ്ദമാണ്.
'നുള്ളിക്കൂട്ടാന്‍പോലും ഇല്ലാട്ടോ പരാതി!'
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയത്തിലെത്തുന്ന മത്സരാര്‍ഥികള്‍ക്കും ഒഫീഷ്യല്‍സിനും കായിക പ്രേമികള്‍ക്കും പാചകപ്പുരയില്‍ ശാപ്പാട് കുശാല്‍. പരാതിക്കിടനല്‍കാതെയാണ് ഭക്ഷണ കമ്മിറ്റിയുടെ പ്രവര്‍ത്തനം.
ദിനംപ്രതി നാലായിരത്തോളം പേര്‍ക്ക് ഭക്ഷണം കഴിക്കാനും വിതരണം ചെയ്യാനും കാലിക്കറ്റ് സര്‍വകലാശാലാ കാംപസിലെ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. വി. അബ്ദുറഹ്മാന്‍ എം.എല്‍.എയാണ് ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍. ഒരേസമയം ആയിരത്തോളം പേര്‍ക്കാണ് ഭക്ഷണസൗകര്യമുള്ളത്. പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ തീര്‍ത്തും ഒഴിവാക്കിയാണ് ഭക്ഷണം വിളമ്പുന്നത്. സ്റ്റീല്‍ പ്ലേറ്റും ഗ്ലാസുമാണ് ഭക്ഷണം കഴിക്കാനുപയോഗിക്കുന്നത്. കഴിച്ചു കഴിഞ്ഞാല്‍ ഇവ നീക്കം ചെയ്യുന്നതും കമ്മിറ്റി ഭാരവാഹികളാണ്. കോഹിനൂരിലെ പി.കെ രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍.കെ കാറ്ററിങ് ഗ്രൂപ്പിലെ എണ്‍പതോളം പാചകക്കാരാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. ചോറിനും കറിക്കും പുറമേ മൂന്നുതരം വിഭവങ്ങളും രസവും പായസവും ഉച്ച ഭക്ഷണത്തിനുകൂടെയുണ്ട്.
രാവിലെ പോഷകാഹാരമായ പാലും കോഴിമുട്ടയും നേന്ത്രപ്പഴവും. ഇതിനൊപ്പം ഇഡ്ഡലി, നൂല്‍പ്പുട്ട് എന്നിവയും പാചകപ്പുരയില്‍ യഥേഷ്ടമുണ്ട്. പാചകപ്പുരയിലെത്തുന്നവരുടെ വയറും മനസും നിറച്ചാണ് അധ്യാപകരും സംഘടനാ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും അടങ്ങുന്ന ഭക്ഷണ കമ്മിറ്റി കായികോത്സവത്തില്‍ മാതൃകാപരമായി സേവനമനുഷ്ഠിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."