വ്യാപാരികളെ പിന്തുണക്കാന്‍ ജനകീയ കൂട്ടായ്മ
പാനൂര്‍: കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന പാനൂരിലെ വ്യാപാരികളെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ രംഗത്ത്. ജുമഅത്ത് പള്ളിയുടെ അധീനതയിലുള്ള കടകള്‍ നടത്തുന്ന വ്യാപാരികളാണ് ഒഴിപ്പിക്കല്‍ ഭീഷണിയിലുള്ളത്.
ജനകീയ കമ്മിറ്റി പിരിച്ചുവിട്ട് വഖഫ് ബോര്‍ഡ് നേരിട്ടു ഭരണം ഏറ്റെടുത്തതോടെയാണ് പ്രശ്‌നം ഉടലെടുത്തത്. യാതൊരു മുന്നറിയിപ്പുമില്ലാതെ വാടക പുതുക്കി നിശ്ചയിച്ച് ബോര്‍ഡ് ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നുവെന്നാണ് വ്യാപാരികളുടെ പരാതി. എന്നാലും വഖഫ് ബോര്‍ഡ് നിശ്ചയിച്ച വാടക അംഗീകരിച്ച് വ്യാപാരികളും ടെന്‍ഡില്‍ പങ്കാളികളായി. എന്നാല്‍ ചിലര്‍ അന്യായമായി വാടകകൂട്ടി വിളിച്ച് ടെന്‍ഡര്‍ നല്‍കിയതാണ് വ്യാപാരികള്‍ക്ക് തടസമായതെന്ന് വ്യാപാരികള്‍ പറഞ്ഞു. ബോര്‍ഡ് നിശ്ചയിച്ച വാടക അംഗീകരിക്കുന്ന കൈവശക്കാര്‍ക്ക് പീടിക മുറികളില്‍ തുടര്‍ന്നും കച്ചവടം നടത്താന്‍ അനുമതി നല്‍കുക, അന്യായ വാടക എഴുതി ലേലത്തില്‍ പങ്കെടുത്തവര്‍ പിന്‍മാറുക, ലേല നടപടികള്‍ നിര്‍ത്തിവെക്കുക, കടകളിലെ ജീവനക്കാര്‍ക്ക് തൊഴിലവസരം നഷ്ടപ്പെടുത്താതിരിക്കുക, മുന്നറിയിപ്പില്ലാതെ ഒഴിഞ്ഞു പോകേണ്ട അവസ്ഥ ഒഴിവാക്കുക, എന്നീ ആവശ്യങ്ങളാണ് വ്യാപാരികള്‍ ഉന്നയിക്കുന്നത്. കാലോചിതവും നിയമപരവുമായ വാടക നല്‍കാന്‍ വ്യാപാരികള്‍ തയ്യാറായ സ്ഥിതിക്ക് കുടിയൊഴിപ്പിക്കലും ലേല നടപടികളും പുന:പരിശോധിക്കണമെന്ന് സര്‍വകക്ഷി ജനകീയ കൂട്ടായ്മയും ആവശ്യപ്പെട്ടു. വഖഫ് ബോര്‍ഡ് നടപടി മൂലം ടൗണിലെ 83 വ്യാപാരികളാണ് പ്രതിസന്ധിയിലായതെന്ന് ജനകീയ കമ്മിറ്റി ചെയര്‍മാന്‍ കെ.കെ പ്രേമന്‍, കണ്‍വീനര്‍ പി.കെ ശാഹുല്‍ ഹമീദ്, വി സുരേന്ദ്രന്‍, പി ദിനേശന്‍, കെ.പി ഹാഷിം, കെ.കെ ധനഞ്ജയന്‍, കെ സന്തോഷ്, കെ മോഹനന്‍, കെ.വി മനോഹരന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."