നോട്ട് പ്രതിസന്ധി: റിയല്‍ എസ്റ്റേറ്റ് മേഖലയും നിശ്ചലം
കോട്ടയം: പണപ്രതിസന്ധിമൂലം ഭൂമി വില്‍പനയും വാങ്ങലും ഇതോടനുബന്ധിച്ചുള്ള രജിസ്‌ട്രേഷന്‍ നടപടികളും നിശ്ചലമായി. ഒക്ടോബറില്‍ ജില്ലയിലെ 23 സബ് രജിസ്ട്രാര്‍ ഓഫിസുകളിലും ജില്ലാ ഓഫിസിലുമായി നടന്ന സ്ഥലം രജിസ്‌ട്രേഷനുകള്‍ 3480. നവംബറില്‍ 2195. വരുമാനത്തില്‍ അതിഭീമമായ ഇടിവാണുണ്ടായത്.
ഒക്ടോബറില്‍ 15.86 കോടി രൂപയായിരുന്നു സ്റ്റാമ്പ്, ഫീസ് ഇനത്തില്‍ ജില്ലാ തലത്തിലെ വരുമാനം. കറന്‍സി പിന്‍വലിക്കലും തുടര്‍ നടപടികളും വന്നതിനുശേഷം നവംബറില്‍ ലഭിച്ച വരുമാനം ഒരു കോടി രൂപ മാത്രം. സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളിലൊന്നായ രജിസ്‌ട്രേഷന്‍ വകുപ്പിനു കീഴിലെ ഓഫീസുകളേറെയും നിശ്ചലമാണ്.
1000, 500 രൂപ കറന്‍സി പിന്‍വലിച്ചു പ്രഖ്യാപനം വന്ന നവംബര്‍ എട്ടിനു ശേഷം പത്ത് ആധാരം പോലും നടക്കാത്ത സബ് രജിസ്ട്രാര്‍ ഓഫിസുകള്‍ ജില്ലയിലുണ്ട്. പ്രതിസന്ധിയെത്തുടര്‍ന്ന് ആധാരം എഴുത്ത്, സര്‍വേ ഓഫിസുകളും ഏറെക്കുറെ നിശ്ചലമാണ്. ആധാരം എഴുത്ത് ഓഫിസുകളില്‍ വ്യക്തിപരമായ ബില്ലുകളുടെ എഴുത്തല്ലാതെ സ്ഥലം, കെട്ടിടം വില്‍പന സംബന്ധിച്ച ആധാരം എഴുത്തുകളൊന്നും നടക്കുന്നില്ല. സ്റ്റാമ്പ്, മുദ്രപ്പത്രം എന്നിവയുടെ വില്‍പനയും നടക്കുന്നില്ല.റിയല്‍ എസ്റ്റേറ്റ് ഇടപാടുകാര്‍ക്കും ബ്രോക്കര്‍മാര്‍ക്കും വരുമാനം നിലച്ചു. പണത്തിന്റെ ക്രയവിക്രയം കുറഞ്ഞതും സാമ്പത്തിക ഇടപാടുകള്‍ കര്‍ക്കശമായതും മൂലം ഭൂമി കച്ചവടം നടക്കുന്നില്ല. ഗ്രാമീണമേഖലയില്‍ സ്ഥലം വില കുത്തനേ ഇടിയുന്നതിന്റെ സൂചനകളുമുണ്ട്. ഭൂമി, പണം ഇടപാടുകള്‍ ആധാറിലേക്കും മറ്റു സാങ്കേതിക തലങ്ങളിലേക്കും വരുന്ന സാഹചര്യത്തില്‍ സ്ഥലം വില കൂടുതല്‍ ഇടിയുമെന്നാണു സൂചന. ഈ മാസം ആദ്യ രണ്ടു ദിവസങ്ങളില്‍ ജില്ലയില്‍ പത്തില്‍ താഴെ ആധാരങ്ങളേ നടന്നിട്ടുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."