പണമില്ല; 50,000 വിവാഹങ്ങള്‍ മാറ്റിവച്ചു
ഹൈദരാബാദ്: നോട്ടുക്ഷാമത്തെ തുടര്‍ന്ന് ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ വിവാഹങ്ങള്‍ മാറ്റിവച്ചു. ഒറ്റ ദിവസം മാത്രം 50,000ത്തോളം വിവാഹങ്ങളാണ് മാറ്റിവച്ചത്. ആവശ്യത്തിന് പണം ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാന്‍ സാധിക്കാത്തതാണ് വിവാഹം മാറ്റിവയ്ക്കാന്‍ കാരണം. ജ്യോതിഷപ്രകാരം ഇന്നലെ ഞായറാഴ്ച നല്ല ദിവസമായതിനാല്‍ പലരും ഈ തിയതിക്കാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ഈ ദിവസം കഴിഞ്ഞാല്‍ പിന്നെ ശുഭദിനം ജനുവരി 15നാണ്. ഇതാണ് കൂട്ടത്തോടെ വിവാഹം ഈ ദിവസത്തേക്ക് നിശ്ചയിച്ചതെങ്കിലും നോട്ടുനിരോധനം ഇവര്‍ക്കെല്ലാം അപ്രതീക്ഷിത തിരിച്ചടിയാവുകയായിരുന്നു.
വിവാഹാവശ്യത്തിനായി 2.5 ലക്ഷം രൂപ ബാങ്കില്‍ നിന്നു നേരിട്ട് പിന്‍വലിക്കാമെങ്കിലും പണം ലഭിക്കാനാവശ്യമായ നിബന്ധനകള്‍ കര്ശനമായതാണു ജനങ്ങളെ വെട്ടിലാക്കിയത്. ആധാര്‍, പാന്‍കാര്‍ഡ് ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാനാവശ്യമായ മറ്റ് രേഖകള്‍, ആര്‍ക്കെല്ലാം, എന്തിനെല്ലാം വേണ്ടി പണം ചെലവഴിക്കുന്നു, ഓണ്‍ലൈന്‍ വഴി പണമിടപാട് നടത്താന്‍ കഴിയുന്ന ബാങ്ക് അക്കൗണ്ടില്ലെന്ന സത്യവാങ്മൂലം ഉള്‍പ്പെടെ നിരവധി നിബന്ധനകളാണ് പണം ലഭിക്കുന്നതിനു നല്‍കേണ്ടത്. വിവാഹത്തിരക്കുകള്‍ക്കു പുറമെയാണ് പണം സംഘടിപ്പിക്കാനായുള്ള നെട്ടോട്ടത്തില്‍ ഈ നിബന്ധനകളും വന്നത്.
ഇത്രയും രേഖകള്‍ സംഘടിപ്പിച്ച് ബാങ്കിലെത്തിയാല് തന്നെ കല്യാണച്ചെലവിനാവശ്യമായ പണം ലഭിക്കുകയുമില്ല. അക്കൗണ്ടില്‍ പണമുണ്ടായിട്ടും കല്യാണം നടത്താന്‍ കഴിയാത്ത അവസ്ഥയാണു പലര്‍ക്കും. ഹൈദരാബാദിലെ മല്ലപ്പള്ളിയിലെ ഒരു ബാങ്കിന്റെ ബ്രാഞ്ചില്‍ ക്യൂ നില്ക്കുന്ന യൂസഫ് ഖാന് വിവാഹക്ഷണക്കത്തുമായാണ് ബാങ്കധികൃതരുടെ മുന്നില്‍ എത്തിയത്. എന്നിട്ടും ബാങ്ക് ജീവനക്കാര്‍ കനിഞ്ഞില്ല. അതോടെ ഈ മാസം 16ലേക്ക് മകളുടെ വിവാഹം മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."