സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ഇന്നലെ മലപ്പുറത്തിന്റെ ദിവസം
തേഞ്ഞിപ്പലം: മൂന്നു സ്വര്‍ണം, ഒരു വെങ്കലം... ഇന്നലെ സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ മലപ്പുറത്തിനു മെഡലുകളുടെ ദിനമായിരുന്നു. ലഭിച്ച മൂന്നു സ്വര്‍ണവും എടപ്പാള്‍ ഐഡിയല്‍ കടകശ്ശേരിയുടെ താരങ്ങളായ ലജ്‌ന എം.പി, ദില്‍ഷന്‍, സഹദ് എന്‍.വി എന്നിവരുടെ വകയായിരുന്നു.
വെങ്കലവും ദില്‍ഷന്‍ തന്നെ നേടി. സബ്ജൂനിയര്‍ 600 മീറ്ററില്‍ താനൂര്‍ പുതിയ കടപ്പുറത്തെ ലജ്‌ന എം.പിയാണ് മലപ്പുറത്തിനു സ്വര്‍ണത്തിളക്കമേകിയത്. ലജ്‌ന ഇന്ന് 200 മീറ്ററില്‍ മാറ്റുരക്കുന്നുണ്ട്. മേളയുടെ ആദ്യദിനം 400 മീറ്ററില്‍ വെള്ളി നേടിയ ലജ്‌ന മത്സ്യത്തൊഴിലാളിയായ ലത്വീഫ്-ശരീഫ ദമ്പതികളുടെ മകളാണ്. ജില്ലാതലത്തില്‍ സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ വ്യക്തിഗത ചാംപ്യന്‍പട്ടവും സംസ്ഥാനത്ത് സബ്ജൂനിയര്‍ 200 മീറ്ററില്‍ വെങ്കലവും നേടിയിട്ടുണ്ട്.
പരുക്കിനോട് മല്ലിട്ടാണ് ഐഡിയലിന്റ ദില്‍ഷന്‍ സീനിയര്‍ ആണ്‍കുട്ടികളുടെ ജാവലിന്‍ത്രോയില്‍ സ്വര്‍ണം എറിഞ്ഞെടുത്തത്. മത്സരത്തിനിടെ കാലിനു പരുക്കേറ്റിരുന്നു. സംസ്ഥാനതലത്തില്‍ ആദ്യ സ്വര്‍ണനേട്ടം കരസ്ഥമാക്കിയ താരം ആദ്യമായാണ് ജാവലിന്‍ ത്രോയില്‍ മത്സരിക്കുന്നത് എന്നതു നേട്ടത്തിന് ഇരട്ടിമധുരമായി. സീനിയര്‍ ഹൈജംപില്‍ ഇന്നലെ ജില്ലയ്ക്കു ലഭിച്ച വെങ്കല മെഡലും മുഹമ്മദ്-ആയിഷ ദമ്പതികളുടെ മകനായ ദില്‍ഷന്റെ വകയാണ്.
കാല്‍പന്തില്‍ കമ്പംമൂത്തു കായികരംഗത്തെത്തിയ മലപ്പുറത്തിന്റെ താരമായ ഐഡിയല്‍ കടകശ്ശേരിയുടെ സഹദ് എന്‍.വി സീനിയര്‍ ബോയ്‌സ് 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ പൊന്‍ താരമായി. അവസാന സ്‌കൂള്‍ മീറ്റില്‍ സംസ്ഥാനതലത്തിലെ ആദ്യ സ്വര്‍ണനേട്ടമാണിത്. 2014ല്‍ സംസ്ഥാന ജൂനിയര്‍ ട്രിപ്പിള്‍ ജംപില്‍ നേട്ടമുണ്ടാക്കിയ സഹദ് 2014 ദേശീയ യൂത്ത് മീറ്റിലും ദേശീയ സ്‌കൂള്‍ മീറ്റിലും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.
എടപ്പാള്‍ മാങ്ങാട്ടൂര്‍ നമ്പിലവളപ്പില്‍ മുഹമ്മദലി-സാഹിദ ദമ്പതികളുടെ മകനാണ്. നധീഷ് ചാക്കോയാണ് പരിശീലകന്‍. ഇന്നത്തെ മെഡല്‍ നേട്ടത്തോടെ ജില്ലയ്ക്ക് 36 പോയിന്റായി. ആതിഥേയര്‍ക്ക് ഇന്നു സീനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ ഐഡിയലിന്റെ ശ്രീലക്ഷ്മി, ഐഡിയലിന്റെതന്നെ ദേശീയ താരമായ റുബീന മത്സരിക്കുന്ന സീനിയര്‍ ഹൈജംപ്, ജില്ലയുടെ അതിവേഗ താരമായ ശ്രീരാഗിന്റെ 200 മീറ്റര്‍ സബ് ജൂനിയര്‍, ജൂനിയര്‍ 200 മീറ്റര്‍ എന്നീ ഇനങ്ങളിലും മെഡല്‍ പ്രതീക്ഷയുണ്ട്.
കാര്യങ്ങള്‍ കുട്ടിപ്പൊലിസിന്റെ നിയന്ത്രണത്തിലാണ്..!
തേഞ്ഞിപ്പലം: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ സിന്തറ്റിക് ട്രാക്കിനകത്തേക്കു പ്രവേശന നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നതു കുട്ടിപ്പൊലിസാണ്. കുട്ടിത്തരങ്ങള്‍ മാറ്റിവച്ചു സംസ്ഥാന കായികോത്സവ വേദിയില്‍ സീരിയസാണ് ഈ പൊലിസുകാര്‍.
സ്റ്റേഡിയത്തില്‍ 25 സ്റ്റുഡന്റ് പൊലിസ് കേഡറ്റുകളാണുള്ളത്. ഏല്‍പ്പിച്ച ചുമതലകള്‍ ഭംഗിയായി നിറവേറ്റി മാതൃകയാകുകയാണിവര്‍.
പ്ലാസ്റ്റിക് കുപ്പികള്‍ അടക്കമുള്ള മാലിന്യങ്ങള്‍ അപ്പപ്പോള്‍ എടുത്തുമാറ്റിയും കായിക താരങ്ങള്‍ക്കുള്ള ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുത്തും ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്.എസിലെ കുട്ടിപ്പൊലിസുകാര്‍ ഇവിടെ ഡ്യൂട്ടിയിലാണ്.
വേദനകള്‍ മറന്ന് വീല്‍ചെയറില്‍ അവരെത്തി
തേഞ്ഞിപ്പലം: ശരീരത്തിന്റെയും മനസിന്റെയും വേദനകള്‍ മറന്ന് കായികോത്സവം ഭിന്നശേഷിക്കാരെത്തി. ഭിന്നശേഷിക്കാരായ പത്തോളം പേരാണ് വീല്‍ചെയറില്‍ കായികോത്സവ നഗരിയില്‍ കായിക പ്രകടനം കാണാനെത്തിയത്. സംഘാടകര്‍ ഇവരെ പ്രത്യേകം സ്വീകരിച്ച് നഗരിക്കുള്ളില്‍ ട്രാക്കിനു സമീപംതന്നെ സൗകര്യം ചെയ്തുകൊടുത്തു.
പരപ്പനങ്ങാടി പാലത്തിങ്ങല്‍ ഫെയ്‌സ് അക്കാദമിക്ക് കീഴില്‍ സ്വയംതൊഴില്‍ പരിശീലനം നടത്തുന്നവരാണിവര്‍. കംപ്യൂട്ടര്‍ പരിശീലനം, ഗ്രാഫിക് ഡിസൈന്‍ പരിശീലനം തുടങ്ങിയവയാണ് പരിശീലിപ്പിക്കുന്നതെന്ന് നഗരിയിലെത്തിയ അക്കാദമി സെക്രട്ടറി മുഹമ്മദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."