തകര്‍ന്ന ബണ്ട് നിര്‍മിക്കാന്‍ പണമില്ല: പൊന്നാനി കോള്‍മേഖലയിലെ കര്‍ഷകര്‍ ദുരിതത്തില്‍
ചങ്ങരംകുളം: പൊന്നാനി കോള്‍മേഖലയിലെ ഏക്കര്‍ കണക്കിന് ഭൂമിയില്‍ പുഞ്ചകൃഷി ആരംഭിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ അപ്രതീക്ഷിത സാമ്പത്തിക പരിഷ്‌കാരം നടപ്പിലാക്കിയത്.
ഇത്തവണത്തെ പുഞ്ചകൃഷി ഒരുക്കങ്ങള്‍ ആരംഭിച്ച കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ് നോട്ട് പരിഷ്‌കാരം സമ്മാനിച്ചത്. കഴിഞ്ഞ തവണ ചെറവല്ലൂര്‍ തെക്കേക്കെട്ട് തുരുത്തുമ്മല്‍ കോള്‍പടവിലെ അഞ്ചു ബണ്ടുകളാണ് തകര്‍ന്നത്. തകര്‍ന്ന ബണ്ടുകള്‍ പുനര്‍നിര്‍മിക്കാന്‍ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണ്.
എന്നാല്‍ സാമ്പത്തിക പരിഷ്‌കാരത്തെ തുടര്‍ന്ന് ബണ്ടുകളുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തികള്‍ തടസപ്പെട്ടു കിടക്കുകയാണ്. ഈ വര്‍ഷം പമ്പിങ് ആരംഭിച്ച് മൂന്നാഴ്ചക്കുള്ളില്‍ തുരുത്തമ്മല്‍ ബണ്ടില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിലവില്‍ പമ്പിങ്ങ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
പല പടവുകളിലും വെള്ളം വറ്റി തുടങ്ങിയിട്ടുണ്ട്. നോട്ട് ക്ഷാമത്തെ തുടര്‍ന്ന് നടീല്‍ ജോലികള്‍ ആരംഭിക്കാന്‍ സാധിക്കാത്തത് കര്‍ഷകരെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. കരാര്‍ അടിസ്ഥാനത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളെ നിര്‍ത്തിയാണ് കര്‍ഷകര്‍ കൃഷിപ്പണികള്‍ പൂര്‍ത്തിയാക്കുന്നത്.
എന്നാല്‍ നോട്ട് വിഷയത്തെ തുടര്‍ന്ന് അന്യസംസ്ഥാനക്കാര്‍ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചത് തൊഴിലാളിക്ഷാമത്തിനും ഇടാക്കിയിരിക്കുകയാണ്. ബാങ്കുകളില്‍ നിന്ന് ആവശ്യമായ തുക തക്കസമയത്ത് പിന്‍വലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏക്കര്‍ കണക്കിന് വരുന്ന കോള്‍നിലം തരിശിടേണ്ടി വരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."