ഒപ്പത്തിനൊപ്പം
തേഞ്ഞിപ്പലം: കൗമാര കായികോത്സവത്തിനു കൊടിയിറങ്ങാന്‍ മണിക്കൂറുകള്‍ ശേഷിക്കേ പരമ്പരാഗത വൈരികളായ എറണാകുളവും പാലക്കാടും വമ്പന്‍ പോരാട്ടത്തിന്റെ പൂത്തിരി കത്തിക്കുന്നു. ആധിപത്യം വിട്ടുകൊടുക്കാതെ എറണാകുളം 207 പോയിന്റുമായി മൂന്നാം ദിനത്തിലെ ഉത്സവത്തിനു കൊടിയിറങ്ങിയപ്പോള്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കല്ലടിയും പറളിയും മുണ്ടൂരും നയിച്ച പാലക്കാടിന്റെ മേളപ്പെരുക്കം 193 പോയിന്റിലാണ് അവസാനിച്ചത്. പി.ടി ഉഷയുടെ ശിഷ്യകളുടെയും പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിന്റെയും മികവില്‍ 71 പോയിന്റുള്ള കോഴിക്കോട് മൂന്നാം സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. 57 പോയിന്റുമായി തിരുവനന്തപുരവും 40 പോയിന്റ് നേടിയ തൃശൂരും നാലും അഞ്ചും സ്ഥാനത്താണ്. പുലര്‍കാലത്ത് നടന്ന പോരാട്ടങ്ങളിലൂടെ പാലക്കാട് ഒന്നാം സ്ഥാനത്തേക്ക് കുതിപ്പു നടത്തിയിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് മുന്‍പേ ആദ്യ സ്ഥാനം എറണാകുളം തിരിച്ചു പിടിച്ചു. എങ്കിലും സ്വര്‍ണ നേട്ടത്തില്‍ പാലക്കാട് എറണാകുളത്തിനു മുന്നിലാണ്. പാലക്കാടിന്റെ മെഡല്‍ ബാസ്കറ്റില്‍ 21 സ്വര്‍ണമാണ് സമ്പാദ്യം. എറണാകുളത്തിനു 20 സ്വര്‍ണവും. 27 വെള്ളിയും 17 വെങ്കലവും എറണാകുളത്തിന്റെ മെഡല്ബാസ്കറ്റിലുണ്ട്. പാലക്കാട് 19 വെള്ളിയും 15 വെങ്കലവും നേടി. മൂന്ന് സ്വര്‍ണം നേടി ഇന്നലെ ട്രാക്കിലും ഫീല്‍ഡിലും മികച്ച നേട്ടമുണ്ടാക്കി മലപ്പുറം 36 പോയിന്റുമായി ആറാം സ്ഥാനത്താണ്. സ്കൂള്‍ വിഭാഗത്തില്‍ ചാംപ്യന്‍ പട്ടം തേടി പോയിന്റ് ടേബിളില്‍ എതിരാളികളില്ലാതെ സെഞ്ച്വറിയിലേക്ക് അടുക്കുകയാണ് കോതമംഗലം മാര്‍ബേസില്‍. പാലക്കാട് കല്ലടി സ്കൂള്‍ 73 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 47 പോയിന്റുമായി കോതമംഗലം സെന്റ് ജോര്‍ജ്ജ് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ മേളയിലെ റണ്ണേഴ്സ് അപ്പായ പറളി സ്കൂള്‍ 32 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. എട്ടു റെക്കോര്‍ഡുകളാണ് ഇന്നലെ പിറന്നത്. മൂന്നു താരങ്ങള്‍ ദേശീയ റെക്കോര്‍ഡിനെ മറികടക്കുന്ന പ്രകടനവും നടത്തി. അവസാന ദിവസമായ ഇന്ന് 22 ഫൈനലുകള്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."