ഒരുക്കങ്ങള്‍ പൂര്‍ണം; ദ്വിദിന ജിസിസി ഉച്ചകോടി ഇന്നു മുതല്‍ ബഹ്‌റൈനില്‍ ആരംഭിക്കും
മനാമ: ദ്വിദിന ഗള്‍ഫ് സഹകരണ കൌണ്‍സില്‍ (ജിസിസി) അംഗ രാജ്യങ്ങളുടെ 37മത് ഉച്ചകോടി ഇന്നു മുതല്‍ ബഹ്‌റൈനില്‍ ആരംഭിക്കും.
ഉച്ചകോടി വന്‍ വിജയമാക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ബഹ്‌റൈനില്‍ നടത്തിയിരിക്കുന്നത്. ഇത് വിലയിരുത്താനായി കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ മന്ത്രി സഭാ അംഗങ്ങളും ശൂറാ കൗണ്‍സില്‍ അംഗങ്ങളും ഉള്‍പ്പെടുന്ന പ്രത്യേക യോഗം ചേര്‍ന്നിരുന്നു.
ഉച്ചകോടിക്കുള്ള ഒരുക്കങ്ങളില്‍ അംഗങ്ങള്‍ സംതൃപ്തി രേഖപ്പെടുത്തി.
ബഹ്‌റൈന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് പാത അടക്കം രാജ്യത്തെ സുപ്രധാന പാതയോരങ്ങളെല്ലാം ജി.സി.സി അംഗ രാജ്യങ്ങളുടെ പതാകകള്‍ കൊണ്ട് വര്‍ണാഭമാക്കിയിട്ടുണ്ട്.
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ഉച്ചകോടിയിലൂടെ രണ്ട് ദിവസം അറബ് ലോകത്തിന്റെയും അന്താരാഷ്ട്ര മാധ്യമങ്ങളുടെയും ശ്രദ്ധാകേന്ദ്രമായും ബഹ്‌റൈന്‍ മാറും.
വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ പാശ്ചാത്തലത്തില്‍ വെല്ലുവിളികള്‍ നേരിടാന്‍ ഗള്‍ഫ് യൂണിയന്‍ എന്ന ആശയത്തിലേക്ക് ഉച്ചകോടി ചുവടുവച്ചേക്കും.
ഗള്‍ഫ് യൂനിയന്‍ സംബന്ധിച്ച് ഒമാന്‍ അനുകൂല അഭിപ്രായം വ്യക്തമാക്കിയിട്ടില്‌ളെങ്കിലും നിലവിലെ സാഹചര്യത്തില്‍ ശക്തമായ സഹകരണത്തിന് രാജ്യങ്ങള്‍ തയാറാകും.
സിറിയ, ഇറാഖ്, യെമന്‍ എന്നീ രാജ്യങ്ങളിലെ ആഭ്യന്തര സംഘര്‍ഷങ്ങളും എണ്ണ വിലയിടിവ് സൃഷ്ടിച്ച വരുമാനക്കമ്മിയും എന്നിവയ്‌ക്കൊപ്പം സുരക്ഷ, രാഷ്ട്രീയ, സാമ്പത്തിക വെല്ലുവിളികളും ഉച്ചകോടി ചര്‍ച്ചചെയ്യും.
ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പാശ്ചാത്തലത്തില്‍ ജിസിസിയുഎസ് ബന്ധത്തിന്റെ ഭാവിയും ഉച്ചകോടിയുടെ അജന്‍ഡയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഉച്ചകോടി മേഖലയിലെ മുഴുവന്‍ രാഷ്ട്രങ്ങളുടെയും വളര്‍ച്ചയും പുരോഗതിയും ഉറപ്പാക്കുന്ന ഒന്നായിരിക്കുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍സയാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മനാമയിലെ ഗള്‍ഫ് കണ്‍വെന്‍ഷന്‍ സെന്ററില്‍ കഴിഞ്ഞ ദിവസം മുതല്‍ വിപുലമായ സൗകര്യങ്ങളോടെയുള്ള മീഡിയ സെന്ററും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ജി.സി.സി ഉച്ചകോടി ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന് ഇന്‍ഫര്‍മേഷന്‍ അഫയേഴ്‌സ് മന്ത്രി അലി അല്‍ റുമൈതിയും നേരത്തെ അറിയിച്ചിരുന്നു.
അറബ് അന്താരാഷ്ട്ര തലത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാനായി വന്‍ മാധ്യമ സംഘവും എത്തിയിട്ടുണ്ട്. 350ലധികം മാധ്യമപ്രവര്‍ത്തകരാണ് ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയിരിക്കുന്നതെന്നാണ് ഔദ്യോഗിക കണക്ക്.
കൂടാതെ വിവിധ അറബ് ചാനലുകള്‍ തത്സമയ സംപ്രേഷണവും ഒരുക്കിയിട്ടുണ്ട്. സങ്കീര്‍ണമായ രാഷ്ട്രീയ, സുരക്ഷാ സാഹചര്യങ്ങള്‍ക്കിടെ മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളും വിവിധ തലങ്ങളിലുള്ള പ്രതിസന്ധികളും ദ്വിദിന ഉച്ചകോടി ചര്‍ച്ച ചെയ്യും. ആറംഗ ഗള്‍ഫ് രാജ്യങ്ങളിലെയും ഭരണാധികാരികള്‍ പങ്കെടുക്കും.
1981 മെയ് 25 ന് അബുദാബിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഗള്‍ഫ് സഹകരണ കൌണ്‍സില്‍ സ്ഥാപിച്ചത്. ഇതിനു ശേഷം ഏഴാം പ്രാവശ്യമാണ് ബഹ്‌റൈനില്‍ ജിസിസി ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."