തൊടുപുഴയില്‍ വീണ്ടും മോഷണം: ഡി.വൈ.എഫ്.ഐ നേതാവിന്റെ വീട്ടില്‍നിന്ന് മൂന്നര പവനും 9,500 രൂപയും കവര്‍ന്നു
തൊടുപുഴ: ഇടവേളയ്ക്കുശേഷം തൊടുപുഴയില്‍ വീണ്ടും മോഷണം. ഡി.വൈ.എഫ്.ഐ ഇടുക്കി ജില്ലാ ജോയിന്റ് സെക്രട്ടറി ആര്‍. പ്രശോഭിന്റെ വീട്ടിലാണ് ഇക്കുറി മോഷണം നടന്നത്. മൂന്നര പവന്‍ സ്വര്‍ണാഭരണങ്ങളും 9,500 രൂപയുമാണു മോഷണം പോയത്.
ആര്‍. പ്രശോഭിന്റെ കോലാനിയിലെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ മോഷണം നടന്നത്. പ്രശോഭും തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഭാര്യയും കുട്ടിയുമാണു വീട്ടിലുണ്ടായിരുന്നത്. വീടിനു പിറകുവശത്തെ ജനാലവഴി നീളമുള്ള കമ്പുപയോഗിച്ച് അടുക്കളവാതിലിന്റെ കുറ്റി ഊരി അകത്തുകടന്ന മോഷ്ടാവ് പ്രശോഭിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നു 4,000 രൂപയും ഭാര്യയുടെ ബാഗിലെ പഴ്‌സില്‍ സൂക്ഷിച്ചിരുന്ന 3,500 രൂപയും ഭാര്യയുടെ കാലിലുണ്ടായിരുന്ന പാദസ്വരവും താലിമാലയുമാണു കവര്‍ന്നത്.
മാല പൊട്ടിക്കുന്നതിനിടയില്‍ ഭാര്യയും പ്രശോഭും ഉണര്‍ന്നപ്പോഴേയ്ക്കും മോഷ്ടാവ് വീടിനു പുറത്തിറങ്ങി ഓടിരക്ഷപ്പെട്ടു. ഉടന്‍തന്നെ തൊടുപുഴ പൊലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി. പൊലിസും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും കള്ളനെ പിടികൂടാനായില്ല. ഇന്നലെ വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തൊടുപുഴ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."