ചീമേനിയിലും, എരമത്തും കെട്ടിടനിര്‍മാണം നിലച്ചു: ഐ.ടി പാര്‍ക്കുകള്‍ക്ക് 'ശനിദശ'
ചെറുവത്തൂര്‍: കാസര്‍കോട് ജില്ലയിലെ ചീമേനിയിലും കണ്ണൂര്‍ ജില്ലയിലെ എരമത്തും എ.ടി പാര്‍ക്കുകളുടെ കെട്ടിടനിര്‍മാണം നിലച്ചു. മൂന്ന് മാസത്തിലേറെയായി നിര്‍മാണ ജോലികള്‍ നിലച്ചിട്ട്. ഐ.ടി വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിര്‍മാണം നിര്‍ത്തിവച്ചത്. 2010ലാണ് ചീമേനി ഐ.ടി പാര്‍ക്കിന് തറക്കല്ലിട്ടത്.
ഏറെക്കാലം തറക്കല്ലില്‍ ഒതുങ്ങിയ പാര്‍ക്കിന് കഴിഞ്ഞ ഡിസംബറിലാണ് കെട്ടിട നിര്‍മാണ ടെന്‍ഡര്‍ പൂര്‍ത്തിയായത്. ഒരു വര്‍ഷത്തിനുള്ളില്‍ അമ്പതിനായിരം ചതുരശ്രയടി കെട്ടിടമാണ് പൂര്‍ത്തിയാക്കേണ്ടത്. മാര്‍ച്ചോടു കൂടി പൂര്‍ത്തിയാകേണ്ട കെട്ടിട നിര്‍മാണമാണ് മൂന്ന് മാസമായി നിലച്ചിരിക്കുന്നത്. എറണാകുളം ആസ്ഥാനമായുള്ള കമ്പനിയാണ് ഇരു ഐ.ടി പാര്‍ക്കുകളുടെയും കെട്ടിട നിര്‍മാണ കരാര്‍ ഏറ്റെടുത്തത്. ചീമേനിയില്‍ നിര്‍മാണത്തിന്റെ ആദ്യ ഘട്ടമായ ഫൗണ്ടേഷന്‍ ബോള്‍ട്ട് പൂര്‍ത്തിയായി. അടുത്ത ഘട്ടമായി പ്രത്യേകതരം ഇരുമ്പു തൂണുകളാണ് സ്ഥാപിക്കേണ്ടത്. ഇതിനാവശ്യമായ സാധനങ്ങള്‍ ഐ.ടി വകുപ്പാണ് നല്‍കേണ്ടത്. ചീമേനിയില്‍ ഇവ ഇതുവരെയായും എത്തിയില്ല. എരമത്ത് ഇവ എത്തിച്ചു നല്‍കിയിട്ടുണ്ട്. അതിനിടെയാണ് ഐ.ടി വകുപ്പ് രണ്ടിടത്തും നിര്‍മാണം നിര്‍ത്തിവക്കാന്‍ കരാറുകാരന് നിര്‍ദേശം നല്‍കിയത്. നൂറു ഏക്കര്‍ സ്ഥലമാണ് ചീമേനിയില്‍ ഐ.ടി പാര്‍ക്കിനുള്ളത്. ഇതിന് മൂന്ന് കോടി രൂപ ചെലവഴിച്ച് ചുറ്റുമതില്‍ പണിതിട്ടുണ്ട്. ഇതില്‍ 25 ഏക്കര്‍ ഐ.ടിക്ക് വേണ്ടിയുള്ള പ്രത്യേക സാമ്പത്തിക മേഖലയുമാണ്. കെട്ടിട നിര്‍മാണ ജോലികള്‍ നിറുത്തിവെക്കാന്‍ നിര്‍ദേശിച്ചതിന് പ്രത്യേക കാരണങ്ങള്‍ ഒന്നും വകുപ്പ് പറയുന്നില്ല. ഉത്തരവിനെ തുടര്‍ന്ന് കരാറുകാരന്‍ തൊഴിലാളികളെ തിരിച്ചുവിളിച്ചിരിക്കുകയാണ്. ഇതിനിടയില്‍ തദ്ദേശീയരായ ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന തരത്തില്‍ ചീമേനിയില്‍ മള്‍ട്ടിപാര്‍ക്കിന്റെ സാധ്യതകള്‍ പരിശോധിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."