തലൈവിക്കു ജില്ലയുടെ ആദരാഞ്ജലികള്‍
കാസര്‍കോട്: തലൈവി ജയലളിതയുടെ മരണത്തില്‍ തമിഴനാടിന്റെ ദുഃഖത്തില്‍ ജില്ലയിലെ തമിഴ് മക്കളും പങ്കെടുത്തു. തമിഴ്‌നാട്ടുകാര്‍ കൂട്ടമായി താമസിക്കുന്ന തൃക്കരിപ്പൂര്‍, നിലേശ്വരം ഭാഗങ്ങളില്‍ ആദരാജ്ഞലിയര്‍പ്പിച്ചു കൊണ്ട് മൗന ജാഥയും ഫോട്ടോയില്‍ പുഷ്പാര്‍ച്ചനയും നടത്തി.
കാസര്‍കോട് ട്രാഫിക്ക് ജംങ്ഷനില്‍ ഫോട്ടോക്കു മുന്‍പില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ഥനായോഗവും സംഘടിപ്പിച്ചു. അമ്മയെ ജീവനു തുല്യം സ്‌നേഹിക്കുന്നവരില്‍ ചിലര്‍ അവസാനമായി ഒരുനോക്കു കാണാനായി തമിഴ്‌നാട്ടിലേക്ക് വണ്ടി കയറി. നോട്ടുകള്‍ പിന്‍വലിച്ചതു കാരണത്താല്‍ ജോലിയില്ലാതെ കഷ്ടപ്പെടുന്ന ഏറെ പേര്‍ക്ക് അകലങ്ങളിലിരുന്നു അമ്മക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ മാത്രമാണ് കഴിഞ്ഞത്.
സ്വന്തം മക്കളില്ലാത്ത അമ്മ ഞങ്ങളെയൊക്കെ മക്കളായാണ് കാണുന്നതെന്നും അമ്മയോടുള്ള സ്‌നേഹം കാരണമാണ് പലരും സ്വന്തം ജീവന്‍ വരെ ത്യജിക്കാന്‍ തയാറാവുന്നതെന്നും ജോലിക്കായെത്തി കാസര്‍കോട് സ്ഥിര താമസമാക്കിയ പളനിവേല്‍ പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായ് വിവിധ ജോലികള്‍ക്കായെത്തിയ ഇവരില്‍ പലര്‍ക്കും തമ്മില്‍ കാണാനും അനുശോചനത്തിനായ് ഒരുക്കിയ സദസ് കാരണമായി.
നീലേശ്വരം: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ചു നീലേശ്വരത്ത് മൗനജാഥ സംഘടിപ്പിച്ചു. നൂറോളം വരുന്ന തമിഴ്മക്കളാണ് മൗനജാഥയും അനുസ്മരണ യോഗവും നടത്തിയത്. കോണ്‍വെന്റ് ജങ്ഷനില്‍ നിന്നാരംഭിച്ച ജാഥ മാര്‍ക്കറ്റ് ജങ്ഷനില്‍ അവസാനിച്ചു.
എന്‍.കെ.ബി.എം എ.യു.പി.എസിനു മുന്നില്‍ ജയലളിതയുടെ ഫ്‌ളക്‌സ് ബോര്‍ഡും സ്ഥാപിച്ചിരുന്നു. മൗനജാഥയ്ക്കു ശേഷം ബോര്‍ഡിനു മുന്നില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ഥനയും നടത്തി.
തൊഴില്‍ തേടി വര്‍ഷങ്ങള്‍ക്കു മുന്‍പു നീലേശ്വരത്തെത്തിയ നിരവധി തമിഴ് കുടുംബങ്ങളാണ് അനുസ്മരണം സംഘടിപ്പിച്ചത്.
തൃക്കരിപ്പൂര്‍: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തില്‍ തൃക്കരിപ്പൂരില്‍ തമിഴ്‌നാട്ടുകാരുടെ മൗനജാഥ. തമിഴകത്തിന്റെ പ്രിയപ്പെട്ട തലൈവിയുടെ വിയോഗത്തില്‍ ഏറെ ദുഖമുണ്ടെങ്കിലും എല്ലാം മനസില്‍ തന്നെ കടിച്ചമര്‍ത്തിയാണ് മൗനജാഥ സംഘടിപ്പിച്ചത്.
തൃക്കരിപ്പൂരില്‍ വര്‍ഷങ്ങളായി താമസിക്കുന്ന തമിഴ് കുടുംബത്തില്‍ നിന്നുള്ളവരാണ് അമ്മയുടെ വിയോഗത്തില്‍ മൗനജാഥ നടത്തിയത്. തൃക്കരിപ്പൂര്‍ വറ്റക്കുമ്പാട് നിന്നും ആരംഭിച്ച മൗനജാഥ തൃക്കരിപ്പൂര്‍ ടൗണില്‍ സമാപിച്ചു.
ജയ രക്ഷിച്ചത് നിരവധി കുടുംബങ്ങളെ
നീലേശ്വരം: ഏജന്റുമാര്‍ മുഖേന തമിഴ് കല്യാണങ്ങളില്‍ പെട്ടു വിഷമിച്ച ജില്ലയിലെ നിരവധി കുടുംബങ്ങള്‍ക്കു തുണയായത് ജയലളിത. തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെയാണു അവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു പരിഹരിച്ചത്. പാവപ്പെട്ട വീടുകളിലെ പെണ്‍കുട്ടികളാണു ഇത്തരം ദുരിതങ്ങളില്‍ പെട്ടിരുന്നത്. ഏജന്റുമാര്‍ മുഖേന തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമങ്ങളിലേക്കു വിവാഹം ചെയ്തയച്ചവരായിരുന്നു ഇവരിലേറെയും. കുടുംബ പ്രശ്‌നങ്ങളിലും പീഡനങ്ങളിലും പെട്ട ഇവരെ രക്ഷിക്കാനും നഷ്ടപരിഹാരം നല്‍കി നാട്ടിലെത്തിക്കാനും ഇടപെട്ടതു ജയലളിതയായിരുന്നു.
അമ്മയുടെ ഓര്‍മയില്‍ സി.കെ.പി നമ്പ്യാര്‍
പടന്നക്കാട്: അമ്മ സാള്‍ട്ടിന്റെ ഏജന്‍സിക്കായി ജയലളിതയുടെ പേരില്‍ കോഴിക്കോട് മഹാഗണപതി ക്ഷേത്രത്തില്‍ ഗണപതി ഹോമം നടത്തി പ്രസാദവുമായി പോയസ് ഗാര്‍ഡനിലെത്തിയ തനിക്കു ലഭിച്ചതു കേരള സംസ്ഥാന ഏജന്‍സി. ഇപ്പോഴും അമ്മയെക്കുറിച്ചു പറയുമ്പോള്‍ സി.കെ.പി നമ്പ്യാര്‍ക്കു തൊണ്ടയിടറിയിരുന്നു.
ഗള്‍ഫില്‍ ജോലി ചെയ്യുമ്പോള്‍ തന്റെ കൂടെ ജോലി ചെയ്തിരുന്ന എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകനിലൂടെയാണു നമ്പ്യാര്‍ ജയയുടെ ആശയങ്ങളില്‍ ആകൃഷ്ടനായത്. അമ്മ സാള്‍ട്ട് തുടങ്ങിയതു മുതല്‍ ഇദ്ദേഹം ഏജന്‍സിക്കായി ശ്രമിച്ചുവരുകയായിരുന്നു. ഒടുവില്‍ രണ്ടും കല്‍പിച്ചാണു ഇദ്ദേഹം പോയസ് ഗാര്‍ഡനിലേക്കു തിരിച്ചത്.
പടന്നക്കാട് കൃഷ്ണപിള്ള നഗര്‍ ബസ് സ്റ്റോപ്പിനു സമീപം സി.കെ.പി ലിങ്ക്ഡ് എന്ന സ്ഥാപനം തുടങ്ങി ഉപ്പ് സംസ്ഥാനമൊട്ടാകെ മാര്‍ക്കറ്റ് ചെയ്തു. എല്ലാ ജില്ലകളിലും ഏജന്‍സിയും തുടങ്ങി. ബിസിനസ് പച്ചപിടിച്ചപ്പോള്‍ കഴിഞ്ഞ ജൂണില്‍ ജയലളിതയെ പോയികണ്ടിരുന്നു. ഇതിനിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള അവസരം ലഭിച്ചെങ്കിലും രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്തതിനാല്‍ അതില്‍ നിന്നും പിന്മാറി. പൊതാവൂര്‍ സ്വദേശിയായ ഇദ്ദേഹം നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലാണു ഇപ്പോള്‍ താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."