കല്ലടിയുടെ മികവില്‍ കരിമ്പനകളുടെ നാടിനു വീണ്ടും കപ്പ്
തേഞ്ഞിപ്പലം: സംസ്ഥാന കായികോത്സവത്തില്‍ കരിമ്പനകളുടെ നാടായ പാലക്കാടന്‍ മണ്ണിലേക്ക് നാലു വര്‍ഷത്തിനു ശേഷം കപ്പ് കൊണ്ടു പോയത് കെ.എച്ച്.എസ് കല്ലടിയിലെ കായിക താരങ്ങള്‍. കല്ലടി സ്‌പോര്‍ട്‌സ് അക്കാദമി നേടിയെടുത്ത 102 പോയിന്റിന്റെ മികവിലായിരുന്നു പാലക്കാടന്‍ കുതിപ്പ്. കല്ലടിയുടെ 37 താരങ്ങളാണ് ഇത്തവണ മേളയില്‍ മാറ്റുരച്ചത്.
15 സ്വര്‍ണം, ഏഴു വെള്ളി, ആറു വെങ്കലം എന്നിങ്ങനെയായിരുന്നു കല്ലടിയുടെ നേട്ടം. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ 800, 1500, 3000, 400 മീറ്റര്‍ ഹര്‍ഡില്‍സ്, സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ 100, 200 മീറ്റര്‍ ഓട്ടം, സീനിയര്‍ ഗേള്‍സ് ഹൈ ജംപ്, ഹര്‍ഡില്‍സ്, ലോങ് ജംപ് എന്നീ ഇനങ്ങളിലാണ് കല്ലടി പോയിന്റുകള്‍ വാരിക്കൂട്ടിയത്. ഹൈ ജംപിലെ എം ജിഷ്ണയുടെ ദേശീയ റെക്കോര്‍ഡും മഹിമ എം നായരുടെ മുന്നേറ്റവും കല്ലടിയ്ക്ക് കരുത്തേകുകയായിരുന്നു.
പ്രധാന പരിശീലകന്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ചിട്ടയായ പരിശീലനവും മികച്ച കായിക താരങ്ങളുടെ പങ്കാളിത്തവുമാണ് ഇത്തവണ കല്ലടിയ്ക്ക് നേട്ടമുണ്ടാക്കിയത്. രണ്ടിനങ്ങള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ കല്ലടിയ്ക്ക് സ്‌കൂള്‍ വിഭാഗത്തില്‍ മുന്നിലെത്താന്‍ കഴിയുമായിരുന്നുവെന്നു രാമചന്ദ്രന്‍ പറഞ്ഞു. രാമചന്ദ്രനു പുറമേ പറളിയിലെ പി.ജി മനോജ്, പരിശീലകരായ മുണ്ടൂര്‍ സ്‌കൂളിലെ സിജിന്‍, മാത്തൂരിലെ സുരേന്ദ്രന്‍, ചിറ്റിലഞ്ചേരിയിലെ പ്രസന്നന്‍, വാണിയംകുളത്തെ സുരേഷ് എന്നിവരും പാലക്കാടിന് 60ാമത് കായികോത്സവ കിരീടം സമ്മാനിക്കുന്നതിനു വഴിയൊരുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."