ഐവാ ഐഡിയല്‍ ജില്ല നില മെച്ചപ്പെടുത്തി; അഞ്ചാമത്
തേഞ്ഞിപ്പലം: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മികച്ച അഞ്ചു സ്ഥാനങ്ങളില്‍ മലപ്പുറം ജില്ല ഇടംപിടിച്ചു. ഇതിനു പ്രധാന കാരണക്കാരായത് എടപ്പാള്‍ ഉപജില്ലയിലെയും ജില്ലയിലെ പ്രധാന സ്‌പോര്‍ട്‌സ് അക്കാദമിയായ ഐഡിയല്‍ കടകശ്ശേരിയുടേയും താരങ്ങള്‍ നേടിയെടുത്ത സുവര്‍ണ പതക്കങ്ങളായിരുന്നു.
സംസ്ഥാനത്തെ മികച്ച ഇരുപതു സ്‌കൂളുകളില്‍ ആറാം സ്ഥാനവുമുണ്ട് നധീഷ് ചാക്കോ പരീശീലിപ്പിക്കുന്ന ഐഡിയല്‍ കടകശ്ശേരിക്ക്. അറുപത് വര്‍ഷത്തിനു ശേഷം സര്‍വകലാശാല സി.എച്ച് മുഹമ്മദ് കോയ സ്‌റ്റേഡിയത്തില്‍ മലപ്പുറം ആതിഥേയത്വം വഹിച്ച സംസ്ഥാന കായികോത്സവത്തിന്റെ അവസാന ഫലം പുറത്തുവന്നപ്പോള്‍ ഏഴു സ്വര്‍ണവും അഞ്ചു വെള്ളിയും ഒന്‍പതു വെങ്കലവുമായി 59 പോയിന്റോടെ ജില്ല അഞ്ചാംസ്ഥാനം നേടി.
ആകെ ലഭിച്ച 59 പോയിന്റില്‍ 38 പോയിന്റും ഐഡിയലിന്റെ വകയായിരുന്നു. സീനിയര്‍ ജാവലിന്‍ ത്രോയില്‍ കെ.കെ ദില്‍ഷന്‍, സീനിയര്‍ 110 മീറ്റര്‍ ഹഡില്‍സില്‍ സഹദ് എന്‍.വി, സബ് ജൂനിയര്‍ പെണ്‍ 600 മീറ്ററില്‍ ലിജ്‌ന എം.പി, സീനിയര്‍ പെണ്‍ ഹാമര്‍ ത്രോ, സീനിയര്‍ പെണ്‍ ഹൈജംപ് റുബീന കെ എന്നിവര്‍ സ്വര്‍ണവും സബ് ജൂനിയര്‍ 400, 200 മീറ്ററില്‍ ലിജ്‌ന എം.പി, ജൂനിയര്‍ 200 മീറ്ററില്‍ അഞ്ജലി പി.ടി വെള്ളിയും ജൂനിയര്‍ ആണ്‍ 200, 400 മുര്‍ഷിദ് ചേരാത്ത്, സീനിയര്‍ ആണ്‍ ഹൈജംപ് ദില്‍ഷന്‍ കെ.കെ, ജൂനിയര്‍ പെണ്‍ ലോങ് ജംപ് പ്രഭാവതി പി.എസ് എന്നിവര്‍ വെങ്കലവും നേടിയാണ് ഐഡിയലിന്റെയും മലപ്പുറത്തിന്റയും അഭിമാന താരങ്ങളായത്.
വര്‍ഷത്തില്‍ അന്‍പതോളം വിദ്യാര്‍ഥികളെ തെരഞ്ഞെടുപ്പിലൂടെ അക്കാദമിയിലേക്ക് പ്രവേശനം നടത്തിയാണ് കായിക താരങ്ങളെ ഐഡിയല്‍ കണ്ടെത്തുന്നത്.15 ആണ്‍കുട്ടികള്‍ക്കും 15 പെണ്‍കുട്ടികള്‍ക്കും താമസിക്കാവുന്ന ഹോസ്റ്റല്‍ സൗകര്യം ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ അക്കാദമിയില്‍ നിലവിലുണ്ട്. 2007ലാണ് അക്കാദമി ആരംഭിച്ചത്. അവസാന എട്ടു വര്‍ഷവും ജില്ലയിലെ രാജാക്കന്‍മാര്‍ ഐഡിയല്‍ തന്നെയായിരുന്നു.
1995ലാണ് ഐഡിയല്‍ സ്‌കൂള്‍ സ്ഥാപിക്കുന്നത്. മാനേജര്‍ മജീദ് ഐഡിയല്‍, കോച്ച് നധീഷ് ചാക്കോ, തസ്‌നി ശരീഫ്, ശാഫി അമ്മായത്ത് എന്നിവരുടെ മികച്ച കോച്ചിങ് തന്നെയാണ് ഐഡിയലിന്റെ കരുത്ത്. തവനൂര്‍ ഡയറ അക്കാദമിയിലെ ശ്രീരാഗും അല്‍ അന്‍വാര്‍ കുനിയിലിന്റെ മുഹമ്മദ് അഫാനും പറപ്പൂര്‍ സ്‌കൂളിലെ ജാഷിദും പൂക്കളത്തൂര്‍ സ്‌കൂളിലെ റബീഹും സെന്റ് മേരീസ് പരിയാപുരത്തിന്റെ ഡിഫ്‌ന ജോസും ആതിഥേയരുടെ നിലമെച്ചപ്പെടുത്തുന്നതിന് ഏറെ സഹായിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."