കലയും കായികവും പഠനവും വഴങ്ങും; എവിടെയും ഇവള്‍ 'ശ്രീലക്ഷ്മി'
തേഞ്ഞിപ്പലം: കളിക്കളത്തിലെ വാശിയേറിയ പോരാട്ടങ്ങളിലും ഭാവതാളലയങ്ങളുടെ സമ്മേളന വേദിയായ കലയുടെ അരങ്ങിലും അവള്‍ ശ്രീലക്ഷ്മിയാണ്. നേട്ടങ്ങളുടെയും വിജയങ്ങളുടെയും പൊന്‍ചിരി തൂകുന്ന ശ്രീലക്ഷ്മി. സംസ്ഥാന കായികോത്സവത്തിലും പാലക്കാട് ആലത്തൂര്‍ വാനൂര്‍ ചാമക്കാട് വീട്ടില്‍ ലിംല ഉണ്ണികൃഷ്ണന്‍ ദമ്പതികളുടെ രണ്ടുമക്കളില്‍ ഇളയവളായ പതിനെട്ടുകാരി സീനിയര്‍ ഗേള്‍സ് ഹാമര്‍ ത്രോയില്‍ സുവര്‍ണനേട്ടം സ്വന്തമാക്കി.
ജില്ലയില്‍ ഹാമര്‍, ഡിസ്‌കസ്, ഷോട്ട് ഇനങ്ങളില്‍ പൊന്നണിഞ്ഞായിരുന്നു സംസ്ഥാന കായികോത്സവ നഗരിയിലേക്കുള്ള വരവ്. ഐഡിയല്‍ കടകശ്ശേരിയില്‍ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനിയായ ശ്രീലക്ഷ്മി, പ്രശസ്ത പരിശീലകനായ നദീഷ് ചാക്കോയുടെ കീഴില്‍ കളിയുടെ കണക്കുകള്‍ പഠിച്ചാണ് ഇത്തവണ കളിക്കളത്തിലിറങ്ങിയത്. ഇതിനു മുന്‍പു സംസ്ഥാനത്ത് സബ് ജൂനിയര്‍ വിഭാഗം 100 മീറ്ററില്‍ വെങ്കലവും ഹിറ്റാവയില്‍ നടന്ന ദേശീയ മീറ്റില്‍ റിലേയില്‍ ഒന്നാമതുമെത്തിയിരുന്നു.
ഇതിനെല്ലാം പുറമേയാണ് കലാരംഗത്തെ നേട്ടങ്ങള്‍. ഓട്ടന്‍തുള്ളല്‍, മോഹിനിയാട്ടം, ഭരതനാട്യം, മോണോ ആക്ട് ഇനങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം നടത്തി ശോഭിച്ചിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം അരീക്കോട് നടന്ന ജില്ലാ കലോത്സവത്തില്‍ മോഹിനിയാട്ടം, ഓട്ടന്‍തുള്ളല്‍, ഭരതനാട്യം എന്നിവയില്‍ എ ഗ്രേഡ് നേടിയിരുന്നു. മറ്റു കലാവേദികളിലും വേഷമണിഞ്ഞിട്ടുണ്ട്. മുന്‍ വോളിബോള്‍ താരമായ മുത്തച്ഛന്‍ ദേവദാസിനും വോളിബോള്‍ പ്ലേയറയും എന്‍ജിനിയറിങ് വിദ്യാര്‍ഥിയുമായ സഹോദരന്‍ വൈഷ്ണവ്, ബിസിനസുകാരനായ അച്ഛന്‍ ഉണ്ണികൃഷ്ണന്‍, സ്‌കൂള്‍ അധ്യാപികയായ ലിംല എന്നിവര്‍ക്കൊപ്പമെത്തിയാണ് ശ്രീലക്ഷ്മി ഇന്ന് കായികമേളയില്‍ മത്സരിച്ച് പൊന്നണിഞ്ഞത്. കണ്ണൂര്‍ ഡിവിഷനില്‍ ബോബി അലോഷ്യസിനൊപ്പം കളിച്ച വോളി താരമാണ് ശ്രീലക്ഷ്മിയുടെ ചെറിയമ്മ ലാല. കുടുംബപരമായ കായിക പാരമ്പര്യവും കഴിവുമാണ് കായികമേഖലയിലും കലാരംഗത്തും ശ്രീയ്ക്ക് കരുത്ത്. പഠനത്തിലും മിടുക്കിയാണ് ഈ താരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."