ഉപജില്ലയില്‍ തന്നെ തുടങ്ങി വിവാദങ്ങളുടെ ബാന്ഡ്്മേളം
കോഴിക്കോട്: സ്കൂള്‍ കലോത്സവത്തിന് ആരവമുയര്ന്നതിനു പിന്നാലെ വിവാദങ്ങളുടെ ബാന്‍ഡ്മേളം. തങ്ങള്‍ക്ക് അര്‍ഹമായ ഒന്നാം സ്ഥാനം വിധികര്‍ത്താക്കളെ സ്വാധീനിച്ച് മറ്റൊരു സ്കൂള്‍ ടീം തട്ടിയെടുത്തുന്നുവെന്ന ആരോപണവുമായി കോഴിക്കോട് സെന്റ് ജോസഫ് ആഗ്ലോ ഇന്ത്യന്‍ സ്കൂള്‍ അധികൃതര്‍ പരാതിയുമായി രംഗത്ത്.
കോഴിക്കോട് സിറ്റി ഉപജില്ലാ കലോത്സവത്തിലെ ബാന്‍ഡ്മേളം മത്സരത്തിനെ ചൊല്ലിയാണ് വിവാദം. തങ്ങളെ ജില്ലാതലത്തിലേക്ക് എത്തിക്കാതിരിക്കാന്‍ ഗൂഡാലോചന നടത്തിയെന്നും ഇതിനുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അവകാശപ്പെട്ടുകൊണ്ട് സ്കൂള്‍ പി.ടി.എ ഭാരവാഹികള്‍ രംഗത്തു വന്നു. ഇതു സംബന്ധിച്ചുള്ള പരാതി നടക്കാവ് പൊലിസിനും ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കും നല്‍കിയതായി പി.ടി.എ പ്രസിഡന്റ് അബ്ദുള്‍ സമദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാലാവകാശ കമ്മിഷനും പരാതി നല്‍കും.
കഴിഞ്ഞ വര്‍ഷം സംസ്ഥാന കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ തങ്ങളെ ഇത്തവണ ജില്ലാതലത്തില്‍ പോലും എത്തിക്കാതിരിക്കാനുള്ള ഗൂഡാലോചനയാണ് നടന്നത്. വിധികര്‍ത്താക്കളെ സ്വാധീനിച്ച് തങ്ങള്‍ക്കു മൂന്നാം സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. രണ്ടാം സ്ഥാനക്കാര്‍ക്ക് മാത്രമെ അപ്പീല്‍ നല്കി ജില്ലാ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയൂവെന്നതിനാലാണ് മികച്ച പ്രകടനം കാഴ്ചവച്ചിട്ടും മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചത്. മൂന്നു ടീമുകളായിരുന്നു ഇക്കഴിഞ്ഞ മൂന്നിനു മലബാര്‍ കൃസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തത്. മത്സരം തുടങ്ങുന്നതിനു മുന്‍പു തന്നെ പ്രോഗ്രാം കമ്മിറ്റിയിലെ ചില അംഗങ്ങളുടെ നടപടിയില്‍ സംശയമുണ്ടായിരുന്നു. തങ്ങളേക്കാള്‍ മോശം പ്രകടനം കാഴ്ചവച്ചിട്ടും മറ്റു ഇരു ടീമുകളെയും ഒന്നും രണ്ടും സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് കമ്മിറ്റി അംഗങ്ങളോട് ചര്‍ച്ച ചെയ്തിട്ടാണെന്നും ഇതിന്റെ തെളിവ് തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇതില്‍ ഒരു സ്കൂളിലെ ബാന്‍ഡ്മേള പരിശീലകന് ഉള്‍പ്പെടുന്ന സംഘമാണ് ഇത്തരം ഗൂഡാലോചനയ്ക്ക് പിന്നിലെന്നും സംസ്ഥാനത്തെ ഏഴ് ജില്ലാ കലോത്സവത്തിന് മത്സരിക്കാനെത്തുന്ന ടീമുകള്‍ ഈ പരിശീലകനുമായി ബന്ധമുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. ഒന്നാം സ്ഥാനത്തെത്തിയ സ്കൂളും തങ്ങളുടെ സ്കൂളും ഒരേ മാനേജ്മെന്റിനു കീഴിലായതിനാല്‍ മാനേജ്മെന്റിന് വാക്കാല്‍ പരാതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ അംഗം മനോജ് കുമാര്‍, പരിശീലകന് ഹിറോസ്, സാന്ദ്രാ മനോജ്, ഷൈനി ദേവസ്യ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."