കേരളത്തില്‍ യുവത്വം നയിക്കും; അഴിച്ചുപണിയില്‍ അടിതെറ്റി എ ഗ്രൂപ്പ്
തിരുവനന്തപുരം: ഗ്രൂപ്പുകളുടെ അപ്രമാദിത്വം പൊളിച്ചെഴുതി നടത്തിയ ഡി.സി.സി അധ്യക്ഷന്‍മാരുടെ നിയമനത്തില്‍ എ ഗ്രൂപ്പിന് തിരിച്ചടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പ് വലിയ നേട്ടം കൊയ്തു. കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും തന്റെ നോമിനികളെ പ്രസിഡന്റാക്കുന്നതില്‍ വിജയിച്ചു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയുടെ ഇടപെടലും പ്രസിഡന്റുമാരുടെ നിയമനത്തില്‍ നിര്‍ണായകമായി. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തില്‍ നിന്നും തിരിച്ചു വരവ് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസില്‍ വന്‍ അഴിച്ചു പണി നടത്തിയിരിക്കുന്നത്. യുവനേതൃത്വത്തിനും വനിതാ പ്രാതിനിധ്യത്തിനും മുന്‍ഗണ ലഭിച്ചു. പുതുതായി നിയമിക്കപ്പെട്ട 14 ഡി.സി.സി പ്രസിഡന്റുമാരും യുവത്വം പേറുന്നവരാണെന്നത് ശ്രദ്ധേയമാണ്.
രാജ്യത്ത് കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടു വരുന്നതിന്റെ ഭാഗമായി യുവാക്കള്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരണമെന്ന ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ തീരുമാനമാണ് നടപ്പാക്കപ്പെട്ടത്. പുതിയ ഡി.സി.സി അധ്യക്ഷന്‍മാര്‍ എല്ലാവരും പുതുമുഖങ്ങളാണ്. ഗ്രൂപ്പുകളുടെ വീതം വയ്പ്പ് ഇത്തവണ അനുവദിക്കാനാവില്ലെന്ന് ഹൈക്കമാന്‍ഡ് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വിവിധ തലങ്ങളില്‍ നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഹൈക്കമാന്‍ഡ് പുതിയ അധ്യക്ഷന്‍മാരെ നിയമിച്ചത്. ഓരോ ജില്ലയിലും നാലും അഞ്ചും പേരുടെ പട്ടികയായിരുന്നു സംസ്ഥാനത്ത് നിന്നും ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്. വി.എം സുധീരന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരെ ഡല്‍ഹിയിലേക്ക് വിളിച്ച് ചര്‍ച്ച നടത്തിയ ശേഷം എ.കെ ആന്റണിയുടെ കൂടി അഭിപ്രായം തേടിയാണ് രാഹുല്‍ ഗാന്ധി അന്തിമ പട്ടിക പുറത്തു വിട്ടത്. ഒരു വനിത പതിറ്റാണ്ടുകള്‍ക്ക് ശേഷം ഡി.സി.സി പ്രസിഡന്റ് പദവിയിലേക്ക് വരുന്നു എന്ന പ്രത്യേകതയും ബിന്ദു കൃഷ്ണയുടെ നിയമനത്തിനുണ്ട്. ഡി.സി.സി പ്രസിഡന്റുമാരില്‍ ഐ.സി ബാലകൃഷ്ണന്‍ മാത്രമാണ് എം.എല്‍.എ ആയിട്ടുള്ളത്.
14 ഡി.സി.സി അധ്യക്ഷന്‍മാരില്‍ എട്ടു പേര്‍ ഐ ഗ്രൂപ്പില്‍ നിന്നാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കേന്ദ്ര നേതൃത്വത്തിലുള്ള സ്വാധീനം പുതിയ പ്രഖ്യാപനത്തിലൂടെ കൂടുതല്‍ വ്യക്തമായി. എട്ടു ഡി.സി.സി അധ്യക്ഷന്‍മാരെ ലഭിച്ചത് കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ ചെന്നിത്തലയെ കൂടുതല്‍ കരുത്തനാക്കും. നാലു പേരെ മാത്രമാണ് എ ഗ്രൂപ്പിന് ലഭിച്ചത്. വി.എം സുധീരന്റെ കൂടി പിന്തുണയിലാണ് ഐ ഗ്രൂപ്പുകാരനായ നെയ്യാറ്റിന്‍കര സനല്‍ തിരുവനന്തപുരത്ത് അധ്യക്ഷനായത്. ബിന്ദു കൃഷ്ണ (കൊല്ലം), എം ലിജു (ആലപ്പുഴ), ടി.ജെ വിനോദ് (എറണാകുളം), ഇബ്രാഹിംകുട്ടി കല്ലാര്‍ (ഇടുക്കി), ഐ.സി ബാലകൃഷ്ണന്‍ (വയനാട്), വി.കെ ശ്രീകണ്ഠന്‍ (പാലക്കാട്) സതീശന്‍ പാച്ചേനി (കണ്ണൂര്‍ ) എന്നിവരാണു ഐ ഗ്രൂപ്പ് നോമിനികള്‍. ജോഷി ഫിലിപ്പ് (കോട്ടയം), ബാബു ജോര്‍ജ് (പത്തനംതിട്ട), ടി സിദ്ദീഖ് (കോഴിക്കോട്), ഹക്കിം കുന്നേല്‍ (കാസര്‍ഗോഡ്) എന്നിവരാണ് എ ഗ്രൂപ്പ് പ്രതിനിധികള്‍.
മലപ്പുറത്ത് നിയമിതനായ വി.വി പ്രകാശ് എ ഗ്രൂപ്പുകാരനെങ്കിലും വി.എം സുധീരനുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവാണ്. തൃശൂര്‍ ഡി.സി.സി അധ്യക്ഷനായ ടി.എന്‍ പ്രതാപന്‍ വി.എം സുധീരന്റെ മാത്രമല്ല ഹൈക്കമാന്‍ഡിന്റെ കൂടി നോമിനിയാണ്. ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച പി.സി വിഷ്ണുനാഥ് (കൊല്ലം) ഡീന്‍ കുര്യാക്കോസ് (ഇടുക്കി) എന്നിവര്‍ പൂര്‍ണമായും തഴയപ്പെട്ടു. സോളാര്‍ കേസിലെ ആരോപണങ്ങളാണ് വിഷ്ണുനാഥിന് തിരിച്ചടിയായതെങ്കില്‍ ടി.എന്‍ പ്രതാപനെതിരേ നിയമസഭ സീറ്റ് വീതംവെയ്പ്പു സമയത്ത് ഉയര്‍ന്ന വ്യാജ കത്താണ് ഡീന്‍ കുര്യാക്കോസിന് വിനയായത്. ഇരുവരും തഴ യപ്പെട്ടത് ഉമ്മന്‍ചാണ്ടിക്കും എ ഗ്രൂപ്പിനും കനത്ത തിരിച്ചടിയായി. പി.സി വിഷ്ണുനാഥ് എ.ഐ.സി.സി സെക്രട്ടറിയായി നിയമിക്കപ്പെടുമെന്ന പ്രത്യാശ എ ഗ്രൂപ്പ് പ്രകടിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."