ഉറിയാക്കോട്ട് സന്നദ്ധ സേവനത്തിന് ഐക്യദാര്‍ഢ്യവുമായി കലക്ടര്‍
തിരുവനന്തപുരം: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നാട്ടുകാര്‍ അണിചേര്‍ന്ന് നടത്തിയ സന്നദ്ധ സേവനത്തിന് ഐക്യദാര്‍ഢ്യവുമായി ജില്ലാ കലക്ടര്‍. വെള്ളനാട് പഞ്ചായത്തിലെ ഉറിയാക്കോട് കല്ലുവാക്കോണം കുളം സന്നദ്ധപ്രവര്‍ത്തകര്‍ നവീകരിക്കുന്നത് അറിഞ്ഞാണ് ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി എത്തിയത്. ഒരുലക്ഷത്തോളം രൂപ ചെലവു വരുന്ന പദ്ധതിയുടെ മുഴുവന്‍ ചെലവും നാട്ടുകാരാണ് വഹിച്ചത്. ജില്ലയില്‍ പൂര്‍ണമായും സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ നടപ്പിലാക്കുന്ന ഏക പദ്ധതിയാണിത്. ഇന്നലെ വൈകുന്നേരം ഗ്രാമത്തിലെത്തിയ കലക്ടറെ നാട്ടുകാര്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി, മുന്‍ പ്രസിഡന്റ് എം. രാജേന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ ജെ. കുമാരദാസ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു എന്നിവര്‍ സന്നിഹിതരായിരുന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളും ഒരുമിച്ചാല്‍ ഏതു വികസനപ്രവൃത്തിയും എളുപ്പത്തില്‍ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുളം നവീകരണം സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുത്ത നാട്ടുകാരെയും നേതൃത്വം നല്‍കിയ എന്‍. ഷിംഷോന്‍, കെ. അഭിലാഷ് എന്നിവരെയും കലക്ടര്‍ അഭിനന്ദിച്ചു. അറുപതോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിനായി പദ്ധതി പ്രയോജനപ്പെടുത്താനാകുമെന്നും ഇതിനായി സര്‍ക്കാരിന്റെ സഹായം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രദേശത്തെ നീന്തല്‍ക്കുളം നവീകരണം പൂര്‍ത്തിയാക്കി പരിശീലനത്തിന് ഉപയോഗപ്പെടുത്തണമെന്ന ആവശ്യമാണ് യുവാക്കള്‍ മുന്നോട്ടുവെച്ചത്. ഇക്കാര്യങ്ങളില്‍ കലക്ടര്‍ സഹകരണം വാഗ്ദാനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ മറ്റിടങ്ങളിലെ അന്യാധീനപ്പെട്ട കുളങ്ങള്‍ വീണ്ടെടുത്ത് മത്സ്യക്കൃഷിക്ക് പ്രയോജനപ്പെടുത്തുന്നതിനായി പദ്ധതി തയാറാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. യാത്രാമധ്യേ മുക്കോല നെടുമണ്‍ മാഞ്ഞാംകോട് കോളനിയില്‍ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച പട്ടികജാതി കോളനി മാലിന്യനിര്‍മാര്‍ജന പദ്ധതിയുടെയും നെടുമങ്ങാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന് സമീപം നഗരസഭ സംഘടിപ്പിച്ച സ്വാപ് ഷോപ്പിന്റെയും ഉദ്ഘാടനവും കലക്ടര്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."