ജില്ലയിലെ നഗരസഭകള്‍ ജനുവരി 15നകം വെളിയിട വിസര്‍ജ്ജന മുക്തമാക്കണം: ചീഫ് സെക്രട്ടറി
കൊല്ലം: ജില്ലയിലെ നഗരസഭകളും കോര്‍പ്പറേഷനും 2017 ജനുവരി 15നകം ഒ.ഡി.എഫ് ആയി പ്രഖ്യാപിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് നിര്‍ദ്ദേശിച്ചു.
നഗര-തദ്ദേശ സ്ഥാപനങ്ങളുടെ ഒ. ഡി.എഫ് പദ്ധതി സംബന്ധിച്ച് ജില്ലാ കലക്ടറുമായുളള വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭകളില്‍ 2017 ജനുവരി 16 മുതല്‍ ജില്ലാ-സംസ്ഥാന-ദേശീയ തലത്തില്‍ ഒ.ഡി.എഫ് സ്ഥിതി വിലയിരുത്തുന്ന പരിശോധനകള്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഒ.ഡി.എഫ് പദ്ധതിയിലുളള ശുചിമുറി നിര്‍മാണം ത്വരിതഗതിയില്‍ പൂര്‍ത്തീകരിക്കണമെന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റ്റി.കെ ജോസ് പറഞ്ഞു. ശുചിമുറികളുടെ നിര്‍മ്മാണം നിശ്ചയിച്ച സമയത്ത് തന്നെ പൂര്‍ത്തീകരിക്കുന്നതിന് നഗരസഭാ തലത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായി പരിശ്രമിക്കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് ജില്ലയിലെ നഗര-തദ്ദേശ സ്ഥാപനങ്ങളുടെ ഒ.ഡി.എഫ് പദ്ധതിയില്‍ പൂര്‍ത്തീകരിക്കേണ്ട ശുചിമുറികളുടെ എണ്ണം കൊല്ലം കോര്‍പ്പറേഷന്‍ 1203, കരുനാഗപ്പളളി 565, പരവൂര്‍ 475, പുനലൂര്‍ 850, കൊട്ടാരക്കര 250 എന്നിങ്ങനെ ആകെ 3343 ആണ്. കൊല്ലം കോര്‍പ്പറേഷന്‍ 242 (20.12), പുനലൂര്‍ മുനിസിപ്പാലിറ്റി 465 (54.71), പരവൂര്‍ മുനിസിപ്പാലിറ്റി 225 (47.37), കരുനാഗപ്പളളി മുനിസിപ്പാലിറ്റി 405 (71.68) ശതമാനം എന്നിങ്ങനെ ശുചിമുറികളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുളളതായി ജില്ലാ കലക്ടര്‍ മിത്ര റ്റി പറഞ്ഞു.
ഓരോ നഗരസഭകളിലും വെളളക്കെട്ട്, പാറപ്രദേശം, കുത്തായ മലമ്പ്രദേശം കടല്‍ത്തീരങ്ങള്‍, കനാല്‍ പുറമ്പോക്കുകള്‍, റയില്‍വേ പുറമ്പോക്ക് ഭൂമികള്‍, എന്നിവിടങ്ങളിലെ ശുചിമുറി നിര്‍മ്മാണവും ജനുവരി 15നകം പൂര്‍ത്തീകരിക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കേണ്ടതാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു.
ആവശ്യമുളള സ്ഥലങ്ങളില്‍ പബ്ലിക് ടോയ്‌ലറ്റുകള്‍, കമ്മ്യൂണിറ്റി ടോയ്‌ലറ്റുകള്‍ എന്നിവയും സ്ഥാപിക്കുന്നതിന് നഗരസഭകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സബ് കലക്ടര്‍ ഡോ. എസ് ചിത്ര, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി കൃഷ്ണകുമാര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."