മണ്ണഞ്ചേരിയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം; അഞ്ച് വീടുകള്‍ തകര്‍ത്തു നാലു ബി.ജെ.പി പ്രവര്‍ത്തകര്‍ റിമാന്റില്‍
മണ്ണഞ്ചേരി :സി.പി.എം -ബി.ജെ.പി സംഘര്‍ഷത്തെ തുടര്‍ന്ന് മണ്ണഞ്ചേരിയില്‍ വ്യാപക അക്രമം. നേതാജിയില്‍ രാത്രിയില്‍ അഞ്ചുവീടുകള്‍ തകര്‍ക്കപ്പെട്ടു. മണ്ണഞ്ചേരി 16 -ാം വാര്‍ഡില്‍ സി.പി.എം പ്രവര്‍ത്തതകരായ കറുകത്തറ നവാസ്, കുളങ്ങര മനോജ് കൃഷ്ണ, മണ്ണേഴത്ത് സോനുമോന്‍ എന്നിവരുടെ വീടുകള്‍ ആണ് അക്രമത്തിനിരയായത്.
സമീപവാസികളായ ബി.ജെ.പി പ്രവര്‍ത്തകരായ രാഹുല്‍, ശ്രീജിത്ത് എന്നിവരുടെ വീടുകളുടെ നേര്‍ക്കും അക്രമം ഉണ്ടായി. നവാസിന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അകത്തുകടന്ന അക്രമികള്‍ വീട്ടുപകരണങ്ങളും തകര്‍ത്തു. നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം തര്‍ക്കങ്ങള്‍ നിലനിന്ന മണ്ണഞ്ചേരിയില്‍ നേതാജി ഭാഗത്താണ് സി.പി.എം -ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ സി.പി.എം നേതാവ് കെ.ടി.നിഷാന്തിന്റെ വ്യാപാരസ്ഥാപനം തീയിട്ടിരുന്നു. ഇതിന്റെ പ്രതിഷേധപ്രകടനം നടക്കുന്നതിന് തൊട്ടുമുന്‍പാണ് ബി.ജെ.പി പ്രവര്‍ത്തകന്റെ മകള്‍ സുകൃതയും സഹോദരന്‍ വിഷ്ണുവും അക്രമിക്കപ്പെട്ടത്. പത്താംതരം പാസായ സുകൃതയുടെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള അപേക്ഷയുടെ നടപടിക്രമങ്ങള്‍ക്കായി പോകുമ്പോഴായിരുന്നു പതിനഞ്ചുകാരിക്കെതിരായ അക്രമമെന്ന് പിതാവ് ഗോപകുമാര്‍ പറഞ്ഞു.ഇത് അറിഞ്ഞെത്തിയ ബി.ജെ.പി പ്രവര്‍ത്തകരായ മണ്ണഞ്ചേരി പഞ്ചായത്തില്‍ 15 -ാം വാര്‍ഡില്‍ വേലിയകത്തുവീട്ടില്‍ ഗണേശ്, 16 -ാംവാര്‍ഡില്‍ ചിറയില്‍ അനന്തു എന്നിര്‍ക്കും മര്‍ദ്ദനമേറ്റതായി ബി.ജെ.പി നേതൃത്വം പറഞ്ഞു.
എന്നാല്‍ ബി.ജെ.പി പ്രര്‍ത്തകര്‍ തന്നെയാണ് അവരുടെ വീടുകള്‍ തകര്‍ത്തതെന്ന് സി.പി.എം അമ്പനാകുളങ്ങര ലോക്കല്‍കമ്മറ്റി സെക്രട്ടറി പി.രഘുനാഥ് ആരോപിച്ചു. സി.പി.എം പ്രവര്‍ത്തകരുടെ മൂന്നുവീടുകള്‍ അക്രമിച്ചശേഷം ഈ സംഘം സ്വന്തം വീടുകളും തകര്‍ത്ത് ശ്രദ്ധതിരിക്കുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. വീടാക്രമണവിവരം അറിഞ്ഞെത്തിയ മണ്ണഞ്ചേരി പൊലീസ് രാത്രിയില്‍ തന്നെ സംഭവം നടന്ന പ്രദേശത്തുനിന്നും ചിലരെ പിടികൂടിയിരുന്നു. പിടികൂടപ്പെട്ടവര്‍ ബി.ജെ.പി പ്രവര്‍ത്തകരായിരുന്നു. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തില്‍ വലിയൊരുസംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ സ്റ്റേഷന്‍വളപ്പില്‍ തടിച്ചുകൂടിയത് സംഘര്‍ഷത്തിന് വഴിതെളിച്ചു. വിവരം അറിഞ്ഞ് ചേര്‍ത്തല ഡി.വൈ.എസ്.പി സ്റ്റേഷനിലെത്തിയതിനുശേഷമാണ് സംഘര്‍ഷത്തിന് അയവുവന്നത്.
പിടികൂടിയവരില്‍ രണ്ടുപേര്‍ക്ക് സംഭവുമായി ബന്ധമില്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ ഇവരെ വിട്ടയച്ചു. നാലുപേരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കോടതിയിലെത്തിച്ചു. ഇവരെ ആലപ്പുഴ ഫസ്റ്റ്ക്ലാസ് (ഒന്ന്) കോടതി 14 ദിവസത്തേക്ക് റിമാന്റുചെയ്തു. പതിനാലുകാരിയെ അക്രമിച്ച സംഭവത്തില്‍ നാല് സി.പി.എം പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. വീട്ടിലെത്തിയ വനിതാപൊലീസാണ് അക്രമത്തിനിരയായ അമൃതയുടെ മൊഴിയെടുത്തത്.പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാന്‍ മണ്ണഞ്ചേരി സ്റ്റേഷനില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."