വിധികാത്ത് ഒന്‍പത് ലക്ഷം കേസുകള്‍; ദുരിതംപേറി കോടതികള്‍
ആലപ്പുഴ: സംസ്ഥാനത്തെ കോടതികളില്‍ വിധി കാത്തുകഴിയുന്നത് ഒന്‍പതു ലക്ഷം കേസുകള്‍. 10 വര്‍ഷം പഴക്കമുള്ള കേസുകള്‍പോലും തീര്‍പ്പാക്കാനാകാതെ കെട്ടിക്കിടക്കുകയാണ്. കോടതികളുടെ കുറവും ജീവനക്കാരുടെ അഭാവവുമാണ് കേസുകള്‍ കെട്ടിക്കിടക്കാന്‍ ഇടയാക്കുന്നത്.
സംസ്ഥാനത്ത് വലുതും ചെറുതുമായി 125 കോടതികളാണുള്ളത്. പുതുതായി ആറു കോടതികള്‍കൂടി പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടൊപ്പം 27 താല്‍ക്കാലിക കോടതികളും പ്രവര്‍ത്തിക്കുന്നുണ്ട്. താല്‍ക്കാലിക കോടതികളില്‍ സര്‍വിസില്‍നിന്ന് വിരമിച്ചവരും ദിവസക്കൂലിക്കാരുമാണ് ജോലി ചെയ്യുന്നത്. സംസ്ഥാനത്ത് ക്രിമിനല്‍, സിവില്‍ കേസുകളുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുകയാണ്. പൊലിസ് സ്റ്റേഷനുകളുടെ വര്‍ധനയനുസരിച്ച് കോടതികളുടെ എണ്ണം കൂടാത്തതും കേസുകള്‍ ഇഴയാന്‍ കാരണമായി.
1993ല്‍ കേരളത്തില്‍ ആകെ 253 പൊലിസ് സ്റ്റേഷനുകളാണുണ്ടായിരുന്നത്. 2016ല്‍ ഇത് 460 ആയി വര്‍ധിച്ചു. നിലവില്‍ 2,200 ജീവനക്കാരാണ് കോടതികളില്‍ ജോലി ചെയ്യുന്നത്. ജോലിഭാരം അനുസരിച്ച് 3,500 ഓളം ജീവനക്കാര്‍ വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 1,200 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല. 2014ല്‍ 224 തസ്തികകള്‍ സൃഷ്ടിച്ചെങ്കിലും ബാക്കിയുള്ളവയ്ക്ക് പരിഹാരമുണ്ടായില്ല. സംസ്ഥാനത്തിന് കടുത്ത സാമ്പത്തികബാധ്യതയുണ്ടാകുമെന്ന വിശദീകരണമാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നല്‍കുന്നത്. നേരത്തേ ചെക്ക് കേസുകള്‍ സിവില്‍ വിഭാഗത്തിലായിരുന്നെങ്കിലും ഇപ്പോള്‍ ക്രിമിനല്‍ വിഭാഗത്തിലാണ്. ഇതും കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."