മത്സരപരീക്ഷ: നൂതന സ്റ്റാര്‍ട്ടപ്പുമായി രാജന്‍ സിങ്
തിരുവനന്തപുരം:അഖിലേന്ത്യാ സിവില്‍ സര്‍വിസ് ജോലി ഉപേക്ഷിച്ച് ഉപരിപഠനത്തിനും ജോലിക്കുമായി അമേരിക്കയിലേയ്ക്ക് പോയ മുന്‍ ഐ.പി.എസ് ഓഫിസര്‍ രാജന്‍ സിങ് മത്സര പരീക്ഷാ പരിശീലനത്തിന് പുതിയ സംരംഭവുമായി രംഗത്ത്.
അമേരിക്കയില്‍ പെന്‍സില്‍വാനിയ സര്‍വകലാശാലയുടെ കീഴിലുള്ള വാര്‍ട്ടണ്‍ സ്‌കൂളില്‍നിന്ന് എം.ബി.എ പാസായശേഷം ബഹുരാഷ്ട്ര കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ച രാജന്‍ സിങ് അതെല്ലാമുപേക്ഷിച്ചാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. ഓരോ വിദ്യാര്‍ഥിയിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സാങ്കേതികവിദ്യയിലധിഷ്ഠിതമായ പരിശീലനം നല്‍കി അഖിലേന്ത്യാ മത്സരപരീക്ഷകള്‍ക്ക് പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഇതിനുവേണ്ടി തുടങ്ങുന്ന സ്റ്റാര്‍ട്ടപ്പിന് നിരവധി കേന്ദ്രങ്ങളില്‍നിന്ന് പിന്തുണ ലഭിച്ചുകഴിഞ്ഞു.
തിരുവനന്തപുരത്ത് ഏറ്റവും പ്രായം കുറഞ്ഞ കമ്മിഷണറായി നിയോഗിക്കപ്പെട്ട സിങ് 2005ലാണ് ഐ.പി.എസ് ഉപേക്ഷിച്ച് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയത്. വാര്‍ട്ടണിലെ മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള പാമര്‍ സ്‌കോളര്‍ഷിപ്പുനേടിയാണ് പഠനം പൂര്‍ത്തിയാക്കിയത്.
ഇന്ത്യ കേന്ദ്രീകരിച്ചുള്ള ഇക്വിറ്റി ഫണ്ടുകളില്‍ പ്രവര്‍ത്തിച്ച രാജന്‍സിങ് നിരവധി സംരംഭകരുമായി ഇടപഴകി നാട്ടില്‍ സംരംഭകനാകാന്‍ തീരുമാനിക്കുകയായിരുന്നു. നന്നായി അധ്വാനിച്ചാല്‍ മികച്ച ഫലം കേരളത്തില്‍ ഉറപ്പാക്കാമെന്ന് രാജന്‍സിങ് പറയുന്നു. തിരുവനന്തപുരത്ത് ഏറ്റവും കൂടുതല്‍ കാലം ജോലി ചെയ്തതുകൊണ്ടാണ് ഇവിടം തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് വിദ്യാഭ്യാസ, അധ്യാപന മേഖലയില്‍ മികച്ച പരിശീലനം നല്‍കുന്നതിനുള്ള പുതിയ സംരംഭത്തിനാണ് അദ്ദേഹം തുടക്കമിട്ടിരിക്കുന്നത്. അഖിലേന്ത്യാ മത്സരപരീക്ഷകളിലേയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള പദ്ധതിക്ക് ഉടന്‍ തുടക്കമിടും. ഇന്ത്യയിലെ പ്രശസ്തമായ സ്ഥാപനങ്ങള്‍ ഇതിനായി സഹകരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."