പരിയാരം മെഡിക്കല്‍ കോളജ് സ്വയംഭരണ പദവിയിലേക്ക്
അന്‍സാര്‍ മുഹമ്മദ്
തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളജിനെ സ്വയംഭരണ സ്ഥാപനമാക്കുന്നു. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് ഉടന്‍ പുറത്തിറങ്ങും. കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.
തിരുവനന്തപുരത്തെ ശ്രീ ചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി മാതൃകയിലായിരിക്കും പരിയാരം മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുക. പരിയാരം മെഡിക്കല്‍ കോളജ് ആന്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് മെഡിക്കല്‍ സയന്‍സ് എന്നായിരിക്കും (പി.എം.സി ആന്റ് സി.എ.എം.എസ്) അറിയപ്പെടുക. ഇപ്പോള്‍ കേരളാ സ്റ്റേറ്റ് കോ-ഓപറേറ്റിവ് ഹോസ്പിറ്റല്‍ കോംപ്ലക്‌സ് എന്ന സഹകരണ സംഘത്തിനു കീഴിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ അഞ്ചിന് തിരുവനന്തപുരത്തുവച്ച് ആശുപത്രി ഡയറക്ടര്‍ ബോര്‍ഡ് പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയിരുന്നു.
ഈ ചര്‍ച്ചയിലാണ് സ്വയംഭരണാധികാരമുള്ള സ്ഥാപനമായി പരിയാരത്തെ മാറ്റാന്‍ തീരുമാനിച്ചത്. നിയമവകുപ്പ് ഇതിനായുള്ള ഓര്‍ഡിനന്‍സ് തയാറാക്കിക്കഴിഞ്ഞു. അടുത്ത മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.
സ്വയംഭരണ സ്ഥാപനമായാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെ പോലെയായിരിക്കും പരിയാരം പ്രവര്‍ത്തിക്കുക. മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഫീസ് മാത്രമേ ഈടാക്കൂ. നേരത്തേ വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങിയ ഫീസ് തവണകളായി മടക്കിനല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിക്കുന്നതോടെ നിലവിലെ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിടുകയും സൊസൈറ്റിയിലെ എല്ലാ ഷെയറുകളും സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്യും. തുടര്‍ന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പുതിയ ഗവേണിങ് ബോഡിയെ സര്‍ക്കാര്‍ നിയമിക്കും. ഇവരായിരിക്കും ഭരണം നടത്തുക. നിലവിലെ ചെയര്‍മാന്‍ ശേഖരന്‍ മിനിയോടനെ പ്രധാന പദവിയിലേക്ക് പരിഗണിക്കുന്നുണ്ട്.
കൂടാതെ പരിയാരം മെഡിക്കല്‍ കോളജിന്റെ എല്ലാ സാമ്പത്തികബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുക്കും. പരിയാരത്ത് നിലവില്‍ കാര്‍ഡിയോളജി, നെഫ്രോളജി, ഗ്യാസ്‌ട്രോളജി ഉള്‍പ്പെടെ പതിനൊന്ന് സൂപ്പര്‍ സ്്‌പെഷ്യാലിറ്റി ഡിപാര്‍ട്ട്‌മെന്റുകളാണ് പ്രവര്‍ത്തിക്കുന്നത്. കോളജ് സര്‍ക്കാരിന്റെ കീഴിലാകുന്നതോടെ നിലവില്‍ ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്ന ശമ്പളവും അലവന്‍സും വെട്ടിക്കുറയ്ക്കുമെന്നും സൂചനയുണ്ട്. ഇപ്പോള്‍ ഭീമമായ തുകയാണ് ശമ്പളയിനത്തില്‍ മാത്രം ഇവിടെ ചെലവാകുന്നത്. നിലവിലെ ഉദ്യോഗസ്ഥരെ തുടരാന്‍ അനുവദിക്കും. എന്നാല്‍, ഇവരുടെ പെന്‍ഷന്‍ പ്രായം 56 വയസില്‍ കൂടില്ല.
ഡോക്ടര്‍മാര്‍ക്ക് 70 വയസുവരെ ജോലിയില്‍ തുടരാം. സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 70 വയസാണ്. തിരുവനന്തപുരത്തെ ശ്രീചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പോലെ ചികിത്സ തേടുന്നവരില്‍ നിന്ന് ഫീസ് ഈടാക്കും. എന്നാല്‍, നിലവില്‍ സൗജന്യ ചികിത്സ ലഭിക്കുന്ന 20 ശതമാനം പേര്‍ക്ക് അത് തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."